
മെസിയും അര്‍ജന്റീനയും വരുന്നതിന് 130 കോടി. സ്‌റ്റേഡിയം നവീകരണത്തിന് 70 കോടി. അര്‍ജന്റീനയെ നേരിടാന്‍ ഓസ്‌ട്രേലിയയ്ക്ക് എത്ര കൊടുക്കണമെന്നു വ്യക്തമല്ല. നവംബര്‍ 17ന് കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കില്ലെന്ന് ഉറപ്പായെങ്കിലും ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കി. സ്‌റ്റേഡിയം നവീകരണം എങ്ങുമെത്തിയിട്ടില്ല. മത്സരം നടന്നില്ലെങ്കിലും പണികള്‍ പൂര്‍ത്തിയാക്കുമെന്ന് സ്‌പോണ്‍സറുടെ വാക്കുകള്‍ വിശ്വസിക്കാമോ? ഐ.എസ്.എല്‍ തുടങ്ങും മുമ്പെങ്കിലും സ്റ്റേഡിയം ഒരുങ്ങുമോ?
ലയണല്‍ മെസ്സി നായകനായ അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനു കേരളത്തില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് തന്നെ അറിയിച്ചതായും അര്‍ജന്റീന ടീം മാനേജര്‍ ബന്ധപ്പെട്ടിരുന്നെന്നും സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്ദു റഹ്‌മാന്‍ ആദ്യം പറഞ്ഞത് 2023 ജൂണ്‍ 29നാണ്. രണ്ടു വര്‍ഷം കഴിഞ്ഞു.അര്‍ജന്റീന, സംഘവുമായി ചര്‍ച്ച, ടീം പ്രതിനിധിയുടെ കൊച്ചി സന്ദര്‍ശനം. ആകെ ബഹളമായിരുന്നു. ഇടയ്ക്ക് അര്‍ജന്റീന വരില്ലെന്നും പിന്നീട് വീണ്ടും വരുമെന്നും പറഞ്ഞു. ഏറ്റവും ഒടുവില്‍ സ്‌പോണ്‍സര്‍ പറയുന്നു. ഫിഫ അനുമതി നല്‍കിയില്ലെന്ന്.
ഇതിനിടയ്ക്ക് കേരളത്തിലെ കായികരംഗത്ത് സംഭവിച്ചതോ? ഈയിടെ ഭുവനേശ്വരില്‍ നടന്ന നാല്‍പതാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ കേരളം അഞ്ചു സ്വര്‍ണ്ണം ഉള്‍പ്പെടെ 19 മെഡലുമായി ഏഴാമതായി. കഴിഞ്ഞ വര്‍ഷം കേരളത്തിനു ലഭിച്ചത് ആറു സ്വര്‍ണ്ണം ഉള്‍പ്പെടെ 18 മെഡല്‍ ആയിരുന്നു. 2016 ല്‍ ആണ് അവസാനമായി കേരളം മെഡല്‍ പട്ടികയില്‍ മുന്നില്‍ വന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രാന്റ് മുടങ്ങിയതിനാല്‍ അത്‌ലറ്റുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ അത്‌ലറ്റിക് അസോസിയേഷനു കഴിഞ്ഞില്ല. സ്വന്തം ചെലവലിലാണ് താരങ്ങള്‍ യാത്ര ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചിലര്‍ക്കെങ്കിലും പങ്കെടുക്കാനും സാധിച്ചില്ല.
സെപ്റ്റംബറില്‍ ഗുണ്ടൂരില്‍ നടന്ന ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ കേരള താരങ്ങള്‍ക്ക് യാത്രാക്കൂലി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. യോഗ്യത നേടിയവരില്‍ 26 പേര്‍ പിന്‍വാങ്ങി. 114 പേര്‍ സ്വന്തമായി പണം മുടക്കി യാത്ര ചെയ്തു. സാമ്പത്തിക പ്രതിസന്ധിമൂലം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അത്‌ലറ്റുകള്‍ക്ക് യാത്രാ ടിക്കറ്റോ ഭക്ഷണ-താമസ അലവന്‍സോ നല്‍കിയില്ല. 10,000 രൂപയില്‍ കുറയാതെ കുട്ടികള്‍ കണ്ടെത്തേണ്ടിവന്നു. നിര്‍ധനരായ താരങ്ങളില്‍ പലരും കടം വാങ്ങിയാണ് മീറ്റിനെത്തിയത്. ജനറല്‍ സ്‌ക്കൂള്‍ വിഭാഗത്തില്‍ സ്‌പോര്‍ട്‌സില്‍ ഇറങ്ങുന്ന കുട്ടികളില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
ഈ വര്‍ഷത്തെ ബജറ്റില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 39 കോടിയാണ് വിഹിതം. തലേവര്‍ഷം 34 കോടിയായിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച വിഹിതം മുഴുവൻ 2024ല്‍ കിട്ടിയില്ലെന്നു കേട്ടു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടെങ്കിലും കാര്യമായ പിന്തുണ കിട്ടിയില്ല.
2024 ല്‍ (നവംബര്‍) അര്‍ജന്റീനാ ടീമിനെ എത്തിക്കാന്‍ 100 കോടി സമാഹരിക്കുക എന്ന പ്രഖ്യാപനം വന്നപ്പോള്‍ സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിന് ഫണ്ട് നല്‍കിയിട്ട് ആറു മാസം ആയിരുന്നു. 82 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലായി 1900 താരങ്ങള്‍ (സ്‌ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍) ആണുള്ളത്. 250 രൂപയായിരുന്നു ഒരു ദിവസത്തെ ഭക്ഷണ അലവന്‍സ്. പരിശീലകരുടെ ശമ്പളവും മുടങ്ങിയിരുന്നു. 75 സ്ഥിരം പരിശീലകരും കരാര്‍ അടിസ്ഥാനത്തിലുള്ള 72 പരിശീലകരുമായിരുന്നു ഉണ്ടായിരുന്നത്.
അര്‍ജന്റീനയും മെസിയുമൊക്കെ വരുകയോ വരാതിരിക്കുകയോ ചെയ്യട്ടെ. കായിക കേരളത്തിന് അടിയന്തര ആവശ്യം അടിസ്ഥാന സൗകര്യ വികസനവും കായിക താരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമാണ്. കായികാധ്യാപകര്‍ ആവശ്യത്തിനു വേണം. മെസിയെ കൊണ്ടുവരാന്‍ പുഷ്പം പോലെ കോടികള്‍ വാരി എറിയുന്ന പ്രായോജകര്‍ക്ക് ഇക്കാര്യത്തിലൊക്കെ സര്‍ക്കാറിനെ പിന്തുണച്ചുകൂടെ.