Image

സുന്ദരനായ വില്ലൻ ; കെ.പി. ഉമ്മർ : വിനോദ് കട്ടച്ചിറ

Published on 28 October, 2025
സുന്ദരനായ വില്ലൻ ; കെ.പി. ഉമ്മർ : വിനോദ് കട്ടച്ചിറ

മിമിക്രിവേദികളെ മിക്കപ്പോഴും ഹരംകൊള്ളിക്കുന്നൊരു ഡയലോഗാണ്
“ശാരദേ…ഞാനൊരു വികാരജീവിയാണ്...”എന്നത്.
മൂലധനം എന്ന ചിത്രത്തിൽ കെ.പി.ഉമ്മർ പറഞ്ഞ ഡയലോഗ് പിൽക്കാലത്ത്
മിമിക്രി താരങ്ങളാണ് ഹിറ്റാക്കിയെടുത്തത്.

തികച്ചും യാദൃച്ഛികമായാണ് കെ.പി.ഉമ്മർ അഭിനയരംഗത്തെത്തുന്നത്. കോഴിക്കോട്ടെ
നല്ലൊരു ഫുട്‌ബോൾകളിക്കാരൻ. കൂട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി 

ഒരുനാടകത്തിലഭിനയിച്ചു. നാടകം..'ആരാണപരാധി'.
നാടകത്തില്‍ ജമീലയെന്ന പെൺകുട്ടിയുടെ വേഷമായിരുന്നു ഉമ്മറിന് കിട്ടിയത്.
പൊതുവെ സ്ത്രീകൾ വേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന അക്കാലത്ത്,
ജമീലയെന്ന കഥാപാത്രം  ചര്‍ച്ചാ വിഷയമായതോടെ ഉമ്മർ തറവാട്ടിൽ നിന്നും പുറത്തായി.

ചെറുചെറു നാടകങ്ങളിലൂടെ കെ.പി.എ.സി.യിലെത്തിയതോടെ ഉമറിന്റെനല്ലകാലവും തെളിയുകയായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിന്ലഭിച്ചതാകട്ടെ,
എക്കാലത്തെയും സുന്ദരനായൊരു സ്വഭാവ..വില്ലൻ നടനെയും.

70 കളില്‍മലയാളം കണ്ട വില്ലന്‍മാരിൽ പ്രമുഖനായിമാറി, കെ.പി.ഉമ്മർ.
എന്നാൽ പില്‍ക്കാലത്ത് സ്വഭാവ നടനിലേക്ക് ചുവടുമാറ്റം നടത്തിയപ്പോഴും
പൂർണ്ണവിജയമായിരുന്നു അദ്ദേഹം. സുന്ദരനായ ഈ വില്ലൻ ഏറ്റവും കൂടുതൽ
ഏറ്റുമുട്ടിയത്, മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേംനസീറിനോടായിരുന്നു.
അക്കാലത്തിറങ്ങിയ സിനിമാനോട്ടീസുകളിലും, അനൗണ്‍സ്‌മെന്റുകളിലും
പ്രേംനസീറിനേയും കെ.പി.ഉമ്മറിനേയും വിരുദ്ധ ഭാവങ്ങളിൽ
പ്രത്യേകം പരാമര്‍ശിക്കുമായിരുന്നു.

കെ.പി.ഉമ്മറെന്ന നടനിലെ അഭിനയ ലോകത്തിന്‍റെ സര്‍വ്വകലാശാലയായിരുന്നു
കെ.പി.എ.സി. അവിടെ നിന്നും നേടിയ  അനുഭവ സമ്പത്താണ് ഉമ്മർ നേടിയ
ഉന്നതബിരുദം . പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, അശ്വമേധം
തുടങ്ങിയ ഒരുപിടി നാടകങ്ങളില്‍ സജീവമായി നില്ക്കുന്നതിനിടെയാണ്
ഭാസ്‌ക്കരന്‍ മാഷിന്‍റെ 'രാരിച്ചന്‍ എന്ന പൗരനി'ലൂടെ കെ.പി.ഉമ്മർ വെള്ളിത്തിരയിലും സജീവമാകുന്നത്. എന്നാല്‍ ആദ്യ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍
വീണ്ടും കെ.പി.എ.സിയില്‍ തന്നെ തിരികെയെത്തി, നാടകരംഗത്ത് സജീവമാകുകയായിരുന്നു.
എന്നാല്‍ ഇതിനുശേഷം എം.ടി.യാണ് കെ.പി.ഉമ്മറിനെ തന്‍റെ
'മുറപ്പെണ്ണ്' എന്ന സിനിമയിലൂടെ വീണ്ടുംചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നത്.

ഇതിനുശേഷംപുറത്തിറങ്ങിയ 'നഗരമേ നന്ദി'യിലെ വില്ലന്‍ കഥാപാത്രം ഉമ്മറിനെ ചലച്ചിത്ര ലോകത്ത് സജീവമാക്കുകയായിരുന്നു.
ഇതിനിടെ ഐ.വി.ശശിയുടെ ഉത്സവത്തില്‍ നായക വേഷം കൂടി കെട്ടിയതോടെ ഇദ്ദേഹത്തിലെ സ്വാഭാവിക നടനെക്കൂടി മലയാളത്തിലെ സിനിമാലോകം അംഗീകരിക്കുകയായിരുന്നു.
ഒരഭിനേതാവെന്നനിലയ്ക്ക് ഉമ്മറിന് തന്‍റെ പ്രൊഫഷണനോടുള്ള ആത്മസമര്‍പ്പണമാണ് ഇദ്ദേഹത്തെ മലയാള സിനിമാചരിത്രത്തില്‍ അദ്വീതിയസ്ഥാനം നേടികൊടുക്കുന്നത്.
ഉമ്മർ കാല യവനികക്കുള്ളിലേക്ക്മറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടോളമാകുന്നു.
പക്ഷേ അദ്ദേഹത്തിന്‍റെ സംഭാവനകളെക്കുറിച്ച്‌ വരുംതലമുറക്ക് അടുത്തറിയുവാനുള്ള ഔദ്യോഗികമായ സംവിധാനങ്ങളൊന്നും ഇപ്പോഴുമില്ല. എന്തിനധികം കെ.പി.ഉമ്മറിന്‍റെ ജന്മനാടായ കോഴിക്കോടടക്കം അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍പോലും നടന്നത്
ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്.
കലാകാരന്മാരെ എന്നുമേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നാടാണ് കോഴിക്കോട്.

ഒാര്‍മ്മപുതുക്കലില്ലാതെ കെ.പി.ഉമ്മറിന്റെ ഇരുപത്തിമൂന്നാം
ചരമവാര്‍ഷികവും കടന്നുപോകുകയാണ്. നാടകവേദികളില്‍ നിന്ന്
മലയാളസിനിമയുടെ നായകനും വില്ലനും സ്വഭാവനടനുമൊക്കെയായ പ്രിയകലാകാരന്‍. കോഴിക്കോടിന്റെ ഹൃദയത്തോടടുപ്പിച്ച പേരായിരുന്നു കെ.പി.ഉമ്മര്‍.
ഒട്ടേറെപേര്‍ക്കായി സ്മാരകമൊരുങ്ങുമ്പോഴും കെ.പി.ഉമ്മര്‍ എന്ന അതുല്യപ്രതിഭയെ മനപ്പൂര്‍വമോ അല്ലാതെയോ മറന്നുപോകുകയാണ്. സ്മരണാഞ്ജലി.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക