
ഓർമ്മയുടെ
അങ്ങേയറ്റം മുതൽ
ഞങ്ങൾക്കിടയിൽ
ഉമ്മകളുടെ
കൊടുക്കൽവാങ്ങലുകൾ
ഉണ്ടായിരുന്നില്ല.
ഓർമ്മയുറയ്ക്കാകാലത്ത്
ഒത്തിരിയൊത്തിരി
തന്നിരിക്കാം
ഞാനത്
വാങ്ങിക്കൂട്ടിയിരിക്കാം
ഓർക്കുന്നേയില്ല.
അമ്മയെ
പിന്തുടർന്നിട്ടാണോ
എന്നറിയില്ല
ഉമ്മയെനിക്കെന്നും കയ്ച്ചു.
കയ്പ്പെന്ന
തോന്നലിലാവാം
ഞാനുമൊരുമ്മ
നിഷേധിയായത്
ഉമ്മകൾക്കേറെ
മധുരമെന്നെഴുതിയെഴുതി
ഉമ്മകളെപ്പോഴോ
മധുരിച്ചു.
എനിക്കും അമ്മക്കുമിടയിൽ
അപ്പോഴുമുമ്മകൾ
അയിത്തഭാവത്തിൽ
അകന്നു നിന്നു.
ഈയടുത്തൊരു ദിവസം
പതിവായുള്ള വിളിയിൽ
ഫോണിലമ്മ ചിരിച്ചിരിക്കെ
കുളിച്ചഴിച്ചിട്ട
വെളുത്ത ചുരുൾമുടി
വിടർത്തിക്കൊണ്ടേതോ
നാട്ടുവർത്തമാനത്തിൻ
ചുരുളഴിക്കെ
എൻ്റെയുള്ളിൽ നിന്നൊരുമ്മ
വല്ലാത്തൊരു തിക്കുമുട്ടലോടെ
തിക്കിതിരക്കി
ചുണ്ടിൽ വന്നിരുന്നു.
അമ്മക്കൊരുമ്മ കൊടുക്കാൻ
ഉള്ളം തിടുക്കപ്പെട്ടു.
ഞങ്ങൾക്കിടയിലെ
ഉമ്മവിരോധത്തിൻ്റെ
ജാള്യതയാൽ
കൊടുക്കാനാവാതെയും
എന്നാലതിയായി
കൊടുക്കാനാശിച്ചും
താളം തുള്ളിയൊരുമ്മയെ
പിന്നെയെന്ന്
കൊടുക്കാതൊളിപ്പിച്ചു.
ഇനിയൊരിക്കലും
കെടുക്കാനാവാത്ത
ആ ഒരുമ്മയിന്ന്
കയ്ച്ചും വേദനിപ്പിച്ചും
ഉള്ളിൽ ദിനംപ്രതി
കനം വെച്ചുകൊണ്ടേയിരിക്കുന്നു.
ഇടയ്ക്കുള്ളുണർന്ന്
പിടയുന്നു
ഒരു നെടുനിശ്വാസത്തിൽ
എല്ലാമെല്ലാമൊതുക്കുന്നു.