
സ്കൂൾബസ്സിറങ്ങി നടന്നു വരുമ്പോൾ അന്ത്രയോ ചിന്താമഗ്‌നനായി കാണപ്പെട്ടു. വിഷയം നിരാശയാണെന്നുള്ളത് അവന്റെ മുഖം കാണിച്ചുതന്നിരുന്നു.
എന്തു പറ്റി?
സാന്റയല്ല സമ്മാനങ്ങൾ തെരുന്നതെന്ന് മായ പറഞ്ഞു.പേരെന്റ്സ് തെരുന്നതാ ക്രിസ്മസ് സമ്മാനങ്ങൾ എന്ന്!
ആഹ്ഹ..നീ അവളോട് പറഞ്ഞില്ലേ എല്ലാവർഷവും സാന്റയുടെ കാൽപാടുകൾ നീ വീടിനുള്ളിൽ കാണാറുണ്ടെന്ന്? നോർത്ത് പോളിൽ നിന്നും വരുന്നത്കൊണ്ട് മഞ്ഞിന്റെ വെള്ള തരികൾ കൊണ്ടുള്ള കാൽ പാടുകളാണ് സാന്റക്കുള്ളതെന്ന് നീ പറഞ്ഞില്ലേ?
ഞാൻ പറഞ്ഞു.. പക്ഷേ അവക്കെന്തോ വിശ്വാസക്കുറവ്..
ഓഹ് ഒരുപക്ഷേ അവൾക്ക് സാന്റ സമ്മാനങ്ങൾ കൊടുത്തുകാണില്ല. നീ ഇനി ഇത് പറഞ്ഞ് അവളെ വിഷമിപ്പിക്കേണ്ട..
ങ്ഹാ..അവൾ വേറെ ഒരു കാര്യം പറഞ്ഞു… ഒക്ടോബർ 31, ഹാലോവീൻദിവസം, പ്രേതങ്ങളും ഭൂതങ്ങളും മരിച്ചു പോയവരും ഒക്കെ വരുമെന്ന്.. അവർ ശരിക്കും വരുന്നത് ചിന്തിച്ചുകൊണ്ടാണ് അവൻ ഇതൊക്കെ പറയുന്നത്. അവന്റെ ശബ്ദം പതുങ്ങിയിരുന്നു.നടത്തം പെയ്യെ എന്റെ കയ്യിൽ പിടിച്ചുകൊണ്ടുമായി.ഇതൊക്കെ സത്യമാണോ മമ്മാ..? മമ്മാ മായ പറയുന്നത് നമ്മളും ഭൂതങ്ങളെപ്പോലെ വേഷം ധരിച്ചാൽ നമ്മളും ഭൂതങ്ങളാണെന്ന് അവർ വിചാരിച്ച് നമ്മളെ ഒന്നും ചെയ്യാതിരിക്കുമെന്നാ..
ആണോ!
ഞാൻ ഇത്രയും നാളും സൂപ്പർ ഹീറോടെ വേഷമെല്ലെ ഇട്ടിരുന്നേ! അവർ വിചാരിച്ചുകാണുമോ സൂപ്പർഹീറോ കുട്ടിച്ചാത്തൻ ആയിരിക്കുമെന്ന്?അവർ എന്നെ ഒന്നും ചെയ്തില്ലല്ലോ!
ഏയ്യ്.. ഭൂതങ്ങൾക്ക് സൂപ്പർ ഹീറോസിനെ പേടിയായിരിക്കുമെടാ..
ങ്ഹാ പിന്നെ നീ സൂപ്പർ ഹീറോ വേഷമിടുന്നത് രാവിലെയല്ലേ. ഭൂതങ്ങൾ രാത്രിയിലായിരിക്കും വരുന്നത്.അല്ലാതെ സ്കൂൾ ടൈമിലായിരിക്കില്ല.
ശരിയാ മമ്മാ.. അങ്ങനെയാണേൽ ഹാലോവീൻ നെറ്റിൽ മൂൺ കാണില്ല എല്ലേ?
അതെങ്ങനെ മൂൺ ഉണ്ടാകില്ലെന്ന് പറയാൻ കഴിയും?
മമ്മായെല്ലേ പറഞ്ഞിട്ടുള്ളത് മൂൺ ഇല്ലാത്ത രാത്രിയിൽ പുറത്തിറങ്ങരുത്, ഇരുട്ട് പറ്റി അഴുക്ക് ആത്മാക്കൾ ഉണ്ടാകും എന്നൊക്കെ?അങ്ങനെയെങ്കിൽ മൂൺ ഇല്ലാത്ത രാത്രി ആയിരിക്കില്ലേ ഒക്ടോബർ 31?
എടാ അതൊക്കെ ഇന്ത്യക്കാർക്ക്..
അപ്പോൾ ഈ കാര്യം യൂറോപ്യൻസിന് അറിയില്ലേ?
ഹേയ്..അവർക്കൊന്നും ഇന്ത്യക്കാരുടെ കാര്യം അറിയാൻ വഴിയില്ല.
അന്ത്രയോ ഐപാഡ് എടുത്ത് ഹാലോവീൻ നൈറ്റിൽ മൂൺ ഉണ്ടോ എന്ന് നോക്കി.
മമ്മാ അന്ന് രാത്രി ഫുൾ മൂൺ ആണ്!
ആണോ എന്നാൽ ചിലപ്പോഴെ അന്ന് രാത്രി ഭൂത പ്രേതങ്ങൾക്ക് ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കാൻ താല്പര്യം കാണില്ലായിരിക്കും! അവർക്ക് പരസ്പരം കാണാൻ ടോർച്ച് അടിച്ചു നോക്കാനും പറ്റില്ലല്ലോ..പ്രേതങ്ങൾ എല്ലേ!
മമ്മാ ദുബായിൽ ഈ ഭൂതങ്ങൾ വരുമോ?
എടാ ഇതൊക്കെ യൂറോപ്യൻസിനെല്ലേ.. അറബികൾക്കല്ലല്ലോ!
പക്ഷേ യൂറോപ്യൻസ് ദുബായിൽ ഉണ്ടല്ലോ..അപ്പോൾ ഇവിടെയും വരില്ലേ ഭൂതങ്ങൾ!
നമ്മൾ ഇന്ത്യക്കാരല്ലേ..നമുക്ക് ഹാലോവീൻ ഒന്നുമില്ലല്ലോ!
നമുക്ക് ഹാലോവീൻ ഇല്ലേലും യൂറോപ്യൻസ് ഉള്ളിടത്ത് ഭൂതങ്ങൾ വരുമല്ലോ..
ഈ വെള്ളിയാഴ്ചയല്ലേ ഹാലോവീൻ..നമ്മൾ അന്നിവിടെ ഇല്ലല്ലോ..കേരളത്തിലല്ലേ..അവിടെ യൂറോപ്യൻസ് ഇല്ലാത്തതുകൊണ്ട് നമ്മൾ രക്ഷപെട്ടു.
അപ്പോൾ സൂപ്പർമാൻ കോസ്റ്റ്യും ഇട്ട് എനിക്ക് ഭൂതങ്ങളെ പേടിപ്പിക്കാൻ പറ്റില്ലേ!
പിന്നേ.. അവന്റെയൊരു തള്ള് നോക്കണേ! ഞാൻ മനസ്സിൽ ആലോചിച്ചു. സന്ധ്യക്ക് ഞാൻ പുറത്തിരിക്കുന്നത് കാണുകയാണെങ്കിൽ പടിവാതിലിൽ നിന്നും ഒരടി പുറത്തിറങ്ങാതെ ചന്ദ്രനുണ്ടോയെന്ന് തല പുറത്തേക്കിട്ട് മുകളിലേക്ക് നോക്കി, ചന്ദ്രനെ കണ്ടില്ലെങ്കിൽ മമ്മാ അകത്ത് വാ എന്ന് വീടിന്റെയുള്ളിൽ നിന്നുംവിളിക്കുന്നവനാ! !അഞ്ച് മിനിറ്റ് ഇരുന്നിട്ട് വരാം എന്ന് പറഞ്ഞാൽ സൂക്ഷം അഞ്ചു മിനിറ്റാകുമ്പോൾ മുതൽ വിളിയാ..ഞാൻ അകത്ത് കയറും വരെ.ഒന്ന് നിർത്തെടാ , വരാമെടാ എന്ന് പറഞ്ഞാൽ വെല്ലോം കേൾക്കുമോ! എന്റെ അതേ സ്വഭാവം.എന്ത് ചെയ്യാൻ പറ്റും!
മുൻപ് സ്കൂൾ വിട്ട് വന്നപ്പോൾ കണ്ട വേവലാതിയൊന്നും ഇപ്പോൾ അവന്റെ മുഖത്ത് കാണാനില്ല.വളരെ സമാധാനപരമായി ഇരുന്ന് കഥകൾ വായിക്കുന്നു.ഹാലോവീൻ ഡേ യിൽ കേരളത്തിലാണെന്ന് അറിഞ്ഞതിലുള്ള സമാധാനമാകും.
എനിക്കൊരു കുസൃതി തോന്നി.
എടാ, ഞാൻ ഇപ്പോഴാ ഓർത്തത്..നമ്മൾ കൊച്ചിലേക്ക് എല്ലേ പോകുന്നത്, അവിടെ യൂറോപ്യൻസ് ഉണ്ടെടാ..!
അയ്യോ..മമ്മാ..അപ്പോൾ എന്റെ സൂപ്പർ ഹീറോ കോസ്റ്റ്യും പാക്ക് ചെയ്യാൻ മറക്കല്ലേ!
അവൻ ഭൂതങ്ങളെ പേടിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ചാടി എഴുന്നേറ്റു!
കഥകൾ ചമയ്ക്കുന്ന ലോകത്ത് ചിന്തകൾ പറന്നു നടക്കുന്നത് അനുഭവിക്കാൻ എന്തു രസമാ. എനിക്ക് ചിരിവന്നുവെങ്കിലും ഞാൻ ഗൗരവം വിടാതെ പറഞ്ഞു,മറക്കില്ല മോനെ…