
ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഊർമ്മിള നാലുപാടും നോക്കി നടക്കാൻ തുടങ്ങി.
കുറച്ചു നടന്നപ്പോൾ അരികിലെ തീർത്ഥക്കുളം അവരുടെ കണ്ണുകളിൽ പ്രകാശം പരത്തി. പടിക്കെട്ടുകൾ കയറി മുകളിലെത്തിയപ്പോൾ ദ്വാരപാലകർ ഓർമ്മിപ്പിച്ചു.
" അമ്മാ ചെരുപ്പ് പുറത്ത് വെച്ചു വരൂ "
നശിച്ച ഓർമ്മക്കുറവിനെ ശപിച്ച് താഴേക്കിറങ്ങി. ചെരിപ്പൂരിയിട്ട്
വീണ്ടും മുന്നോട്ട് നടന്ന് പടിക്കെട്ടുകൾ കയറി ക്ഷേത്രത്തിനകത്തേക്ക് കടന്നു.നിരന്നു കിടക്കുന്ന മണൽ വിരിച്ചിട്ട ക്ഷേത്ര മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.അവസാനമായി അവിടെ വന്നപ്പോൾ വേണുവേട്ടൻ്റെ കൈ പിടിച്ച് മണൽത്തരികളിൽ ചവിട്ടി നടന്നതോർത്തു. അത് എപ്പോഴായിരുന്നു ? ഓർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു.
വലതു വശത്തുള്ള മണ്ഡപത്തിൽ നിന്നുയരുന്ന ഭക്തിയുടെ ശബ്ദം ശ്രവിച്ച് അല്പനേരം അവിടെ നിന്നു.
വീണ്ടും മുന്നോട്ട് നടന്ന്
ദർശനത്തിനുള്ള വരിയിൽ നിന്നു. വരി പുതുക്കെ ഇളകിത്തുടങ്ങി.
" ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
നടന്നു നീങ്ങുമ്പോൾ
ഉയർന്നു കേട്ട ഭക്തി സാന്ദ്രമായ ജപം മനസ്സിൽ കുളിർ മഴയായ് പെയ്തിറങ്ങി.
ഭഗവാനെ തൊഴുതു
മണ്ഡപത്തിൽ നിൽക്കുമ്പോൾ ക്ഷേത്രപാലകൻ നടയിൽ നിന്നു മാറാൻ പറഞ്ഞെങ്കിലും ഊർമ്മിള അവിടെത്തന്നെ നിന്നു. മാസത്തിലൊരു തവണ വന്നു തൊഴുതിരുന്ന ക്ഷേത്രമാണ്. വേണുവേട്ടൻ പോയ ശേഷം വന്നിട്ടില്ല. എത്ര കാലമായി ന് വലിയ നിശ്ചയമില്ല.
ഓർമ്മയുടെ കയങ്ങളിൽ മുങ്ങിത്താണെങ്കിലും ഒന്നും തെളിഞ്ഞു വന്നില്ല
ഇത് അവസാനത്തെ തൊഴലാണ്.നാടു വിടുകയല്ലേ? മടക്കം ഉണ്ടാവുമെന്നു തോന്നുന്നില്ല. സ്വന്തം സാമ്രാജ്യത്തിൽ നിന്നുള്ള പറിച്ചു നടലിൻ്റെ വേദന തൊണ്ടവരെയെത്തി. പലതും മറന്നു കഴിഞ്ഞ സ്ഥിതിക്ക് ഇതൊക്കെ ഇനി എത്ര കാലം ഓർക്കും ? എന്തായാലും മതി വരുവോളം ഭഗവാനെ കണ്ട ശേഷമേ ഇവിടെ നിന്ന് പോവൂ. അവർ മനസ്സിൽ ഉറപ്പിച്ചു.
പ്രായത്തിൻ്റെ പരിഗണന ഓർത്താവും അയാൾ പിന്നീട് ഒന്നും പറഞ്ഞില്ല.എറെ നേരം തിരു മുന്നിൽ നിന്നു. എത്രയും വേഗത്തിൽ വേണുവേട്ടൻ്റെയടുത്ത് എത്തിക്കണം കണ്ണടച്ചു പ്രാർത്ഥിച്ചു.
" മതിയെടോ അമ്പല നട ഇങ്ങനെ പിടിച്ചടക്കിയാൽ ബാക്കിയുള്ളവർക്കും തൊഴണ്ടേ ? "
കാതിൽ പതിഞ്ഞ ശബ്ദം കേട്ട് കണ്ണു തുറന്ന് ഊർമിള നാലുപാടും നോക്കി.
കൂടെ കൊണ്ടു പോവണമെന്ന് പറഞ്ഞപ്പോൾ അടുത്തെത്തിയല്ലോ, അതു തന്നെ സന്തോഷം .
നെടുവീർപ്പിട്ടു കൊണ്ട് മനസ്സിൽ പറഞ്ഞു.
ഇനിയിപ്പോൾ മൂപ്പർ പറഞ്ഞതു കേട്ടില്ലാന്ന് വേണ്ട എന്നോർത്ത്
പടിക്കെട്ടിറങ്ങി താഴെയെത്തി.
പുറത്തെ മണ്ഡപത്തിനരികിലെത്തിയപ്പോൾ പണ്ട് വേണുവേട്ടൻ്റെയൊപ്പമിരുന്ന് കീർത്തനം ആലപിക്കാറുള്ളത് ഓർമ്മ വന്നു.
എന്തായിരുന്നു അത്? വരികൾ പിടി തരാതെ വിട്ടുമാറി.
സ്നേഹിച്ചും ഒപ്പം ജീവിച്ചും കൊതി തീരും മുൻപേ തൊട്ടടുത്ത് കിടന്നുറങ്ങുമ്പോൾ ചിത്രഗുപ്തൻ്റെ കൂടെ ഒറ്റയ്ക്ക് യാത്രയായത് അവസാനത്തെ പറ്റിക്കലായിരുന്നു.
എന്നാലും ഇടയ്ക്കൊക്കെ ഇതുപോലെ അടുത്ത് വരുന്നതുകൊണ്ട് വിട്ടുപോയി എന്നു തോന്നുന്നില്ല.
എന്തൊക്കെ മറന്നാലും വേണുവേട്ടൻ്റെയൊപ്പം ജീവിച്ചതു മാത്രം മറന്നിട്ടില്ല.
നിറഞ്ഞ കണ്ണുകൾ കാഴ്ച മറയ്ക്കാൻ തുടങ്ങി.
" അധിക നേരം നിൽക്കണ്ട , വഴി മറക്കും മുൻപ് മടങ്ങിക്കൊള്ളൂ "
അതേ സ്വരം. ഇതിനു മുൻപ് തനിച്ചെവിടേയും പോയിട്ടില്ല. അതുകൊണ്ടാവും ഒറ്റയ്ക്ക് കണ്ടപ്പോൾ നിഴൽ പോലെ അടുത്തു നിന്ന് ഓരോ കാര്യങ്ങളും ഓർമ്മിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞത് ശരിയാണ്.പെട്ടെന്ന് തിരിച്ചു പോയില്ലെങ്കിൽ വന്ന വഴി മറക്കും.
തിരിഞ്ഞപ്പോൾ എങ്ങോട്ടു നടക്കണമെന്ന് മറന്നുപോയി.
പിന്നെ അവിടെ നിന്നിരുന്ന പെൺകുട്ടിയോട് ചോദിച്ചു പുറത്തേക്കു നടന്നു.
റോഡിലിറങ്ങിയപ്പോൾ പൊള്ളി ഉരിയുന്ന ചൂട്.
ഏറെ മുങ്ങിത്തപ്പിയിട്ടും പാദരക്ഷകൾ ഊരിയിട്ട സ്ഥലം പിടി തരുന്നില്ല.
പ്രധാന റോഡിലേക്ക് ഇങ്ങിയപ്പോൾ അടി മുടി ചുടാൻ തുടങ്ങി.
എങ്ങോട്ടു പോകണം?
പൊരിയുന്ന ചൂടിൽ ഊർമ്മിള വിയർത്തു തുടങ്ങി.
ഓട്ടോയിൽ കയറാം എന്നു കരുതിയാൽ എത്രയാലോചിച്ചിട്ടും സ്ഥലപ്പേര് ഓർമ്മ വരുന്നില്ല.
കറുപ്പിൽ വെള്ള വരകളുള്ള ജനൽ കർട്ടൻ മാറ്റി സ്ഥിരം കാണാറുള്ള ആകാശത്തിൻ്റെ നിറവും നിശബ്ദത നിറഞ്ഞ മുറിയും മനസ്സിൽ ഇരമ്പി ത്തുടിയ്ക്കുന്നു. മേഘങ്ങളുടെ നിറവും രൂപവും മനസ്സിൽ വിഗ്രഹം പോലെ കിടക്കുന്നു.
കുറച്ചു പടവുകൾ കയറി മുകളിലെത്തിയാൽ ഇരുപുറവും വാതിലുകളുണ്ട്.
ഇളം നീല നിറത്തിലുള്ള ചുമരാണ്.
പക്ഷേ....
സ്ഥലപ്പേരോ , സ്ഥലമോ ഓർമ്മ വന്നില്ല.
വീട്ടിൽ സഹായത്തിനു നിൽക്കുന്ന കുട്ടിയെക്കൊണ്ട് വിലാസം എഴുതിപ്പിച്ച തുണ്ടു കടലാസെടുക്കാൻ പേഴ്സിൽ പരതി. നോട്ടുകൾക്കിടയിൽ നിന്ന് വലിച്ചെടുത്ത പേപ്പർ ഓട്ടോക്കാരുടെ നേരെ നീട്ടി.
ഒന്നു കൊണ്ടു വിടാമോ ?
ഭാഷ പിടുത്തം കിട്ടാതെ അവർ കൈ മലർത്തി.
എല്ലാവരും മറവിയുടെ പിടിയിലായോ ?
പേപ്പറിലേക്ക് നോക്കിക്കൊണ്ടവർ പിറുപിറുത്തു.
എന്തൊക്കെയോ കോറിയിട്ട കടലാസാണ് അതോർമ്മിപ്പിച്ചത്.
അവൾ മരുമകളുടെ ഭാഷക്കാരിയാണ്. മലയാളം പറയുന്നതേ കഷ്ടിയാണ്, അപ്പോൾ എഴുതിയത് അവളുടെ ഭാഷയിലാവും.
ഇനി എന്തു ചെയ്യും ? ആ ഭാഷ ഏതാണ് ?
ഏറെ നേരം ആലോചിച്ചു. പക്ഷേ , ഒന്നും തെളിഞ്ഞില്ല.
ഇറങ്ങുന്ന കാര്യം മകനോട് പറഞ്ഞിട്ടില്ല. പറഞ്ഞാലും കൂടെ വരാൻ അവന് സമയമുണ്ടാവില്ല.
മറവി എപ്പോഴാണ് പിടി കൂടിയത് ?
പല കാര്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ മന:പൂർവം കൂട്ടു പിടിച്ചപ്പോൾ അഭിനയം വേണ്ടെന്നു പറഞ്ഞ് ആശാൻ സ്ഥിരമായി കൂടെ കൂടി.
വേണുവേട്ടൻ്റെ ഓർമ്മകളെ വല്ലാതെ പുണരാൻ ശ്രമിച്ചത് കൊണ്ടാവും അദ്ദേഹം മാത്രം വിട്ടു പോയില്ല. ദീർഘ
നിശ്വാസമുതിർത്തു കൊണ്ട് ഊർമ്മിള നടത്തം തുടർന്നു.
അടി മുടി ചൂടു വിതറുന്ന കതിരോൻ്റെ പ്രഹരം അവരെ വിയർപ്പിൽ കുളിപ്പിച്ചു.
കണ്ണിൽ ഇരുട്ടു കയറി.
തലകറങ്ങുന്നതുപോലെ തോന്നിയേപ്പോൾ വീഴും മുൻപ് താഴെ ഇരുന്നു.
ട്രാഫിക് കുരുക്കിൽ കുടുങ്ങി നിൽക്കുമ്പോഴാണ് വഴിയിൽ തളർന്നിരിക്കുന്ന സ്ത്രീ ആൻ്റോയുടെ ശ്രദ്ധയിൽപ്പെട്ടത്.
വണ്ടി സൈഡ് ആക്കി അവരുടെ അടുത്തേക്ക് ഓടിയെത്തി.
എഴുന്നേല്പിച്ചപ്പോൾ അവശയായ അവർ നിവർന്നു നിൽക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
പതുക്കെ വണ്ടിയിലേക്ക് കയറ്റി. വിയർത്തൊട്ടിയ ശരീരത്തിലേക്ക് എ.സിയുടെ തണുപ്പടിച്ചപ്പോൾ അവർ കണ്ണു തുറന്നു. തുറന്ന വെള്ളക്കുപ്പി ആൻ്റോ അവരുടെ നേരെ നീട്ടി. ഇളം തണുപ്പുള്ള വെള്ളം മുഴുവൻ കുടിച്ചു തീർത്തപ്പോൾ ഊർമ്മിളക്ക് അല്പം ആശ്വാസം തോന്നി.
"അമ്മ എങ്ങോട്ടാ?. "
അവരുടെ ക്ഷീണം മാറാൻ കാത്തിരുന്ന ആൻ്റോ ചോദിച്ചു.
ഏറെ നേരത്തെ ആലോചനക്ക് ശേഷം അവർ
സ്വയം ചോദിച്ചു.
" എങ്ങോട്ടാ പോവേണ്ടത്? "
അതു കേട്ടപ്പോഴാണ് ആൻ്റോ അവരെ ശ്രദ്ധിച്ചത്.
ചെറിയ കസവുകരയുള്ള മുണ്ടും വേഷ്ടിയും , വെളുത്ത ബ്ലൗസുമാണ് വേഷം. നരച്ചു തുടങ്ങിയതെങ്കിലും നീണ്ട മുടി വെറുതെ തുമ്പു കെട്ടിയിട്ടിട്ടുണ്ട്. പ്രായം ബാധിച്ചിട്ടുണ്ടെങ്കിലും ഐശ്വര്യമുള്ള മുഖം.
" ഫോണുണ്ടോ കയ്യിൽ "
മടിയിലിരിയ്ക്കുന്ന പേഴ്സിലേക്ക് നോക്കി ആൻ്റോ ചോദിച്ചു.
പറഞ്ഞതു മനസ്സിലാവാത്ത പോലെ അവർ അയാളെ തുറിച്ചു നോക്കി.
" അല്ല എവിടെയാ പോവേണ്ടത് എന്ന് എങ്ങനെ അറിയും "
അല്പ നേരത്തെ മൗനത്തിനു ശേഷം അവർ
പേഴ്സിലെ തുണ്ടു കടലാസെടുത്തു നീട്ടി.
കൊച്ചു കുഞ്ഞുങ്ങൾ വരെ കൊണ്ടു നടക്കുന്ന കളിപ്പാട്ടവും ഇവരുടെ കയ്യിലില്ല.
അതു വാങ്ങുമ്പോൾ ആൻ്റോ ഓർത്തു.
ദീർഘകാലം ബോംബെയിലായിരുന്നതുകൊണ്ട് മാറാത്തിയിലെഴുതിയ വിലാസം വായിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
സ്ഥലപ്പേരു പറഞ്ഞപ്പോൾ പടവുകൾ
നീല പെയ്ൻ്റ് എന്നൊക്കെയവർ തപ്പിത്തടഞ്ഞു.
" ഈയിടെയായി ഒന്നും വ്യക്തമായി തെളിയുന്നില്ല മോനേ, ആകെ ഒരു മങ്ങലാണ്. "
സ്വന്തം പേരും മകൻ്റെ പേരും തലച്ചോറിലെ ഫയലുകളിൽ തിരഞ്ഞ് കൊണ്ടിരിക്കുന്ന അവരെ കണ്ടപ്പോൾ
വല്ലാത്ത സഹതാപം തോന്നി.
വൃക്ക രോഗിയായ
തോമസ് ചേട്ടനു വേണ്ടി ചികിത്സാ സഹായ സംഘം രൂപികരിക്കാനുള്ള പള്ളി യോഗത്തിൽ എത്താമെന്ന് അച്ചനോട് ഏറ്റതാണ് . അര മണിക്കൂർ വൈകി. ഇനിയും വൈകിയാൽ പോയിട്ടു കാര്യമുണ്ടാവില്ല. കാഴ്ചക്ക് സാധുവാണ്. എന്നാലും ഇങ്ങനെയിട്ടു വട്ടം തിരിച്ചാലെന്തു ചെയ്യും . ആൻ്റോ ആലോചിച്ചു കൊണ്ടിരുന്നു.
"അമ്മ എന്തിനാ ഇങ്ങനെ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് ? ഓർമ്മക്കുറവുണ്ടെങ്കിൽ ആരെയെങ്കിലും കൂടെ കൂട്ടിക്കൂടെ? ഇതിപ്പോൾ ആകെ പ്രശ്നമായില്ലേ?"
ഇഷ്ടക്കേട് പടർത്തിയ രോഷം ശബ്ദത്തിൽ വ്യക്തമായിരുന്നു.
" കുറേ കാലമായി ഞങ്ങൾ ഇവിടെ ആണ് താമസിക്കുന്നത് . മോൻ ദൂരെ എവിടേക്കോ മാറണം എന്നു പറയുന്നു. എവിടെ ന് നല്ല ധാരണയില്ല. അവസാനമായി ഭഗവാനെ ഒന്നു കണ്ടു പോവാം ന് കരുതി. ഇനി ഇങ്ങോട്ടൊരു വരവ് തരാവും എന്ന് 'തോന്നുന്നില്ല.
ഓർമ്മക്കുറിപ്പുകൾ ചികയുന്നതിനിടയിൽ അവർ പിറുപിറുത്തു കൊണ്ടിരുന്നു.
"ആരെയെങ്കിലും കൂട്ടാമെന്നു വെച്ചാൽ എല്ലവർക്കും തിരക്കല്ലേ മോനേ ?"
ആശങ്കയും ദൈന്യതയും കൂടിക്കുഴഞ്ഞ വാക്കുകൾ, തന്നിലേക്ക് കൂടിയുള്ള വിരൽ ചൂണ്ടലാണത് എന്ന് ബോധ്യമായതോടെ ആൻ്റോ നിശബ്ദനായി.
അവർ പറയുന്നത് ശരിയാണ്.
എല്ലാവരും തിരക്കിലാണ്.
" മോൻ ഒരു വണ്ടി വിളിച്ച് ഈ സ്ഥലം പറഞ്ഞു കൊടുത്താൽ വലിയ ഉപകാരമായിരുന്നു. എന്താന്നറിയില്ല , കുറച്ചുകാലമായി പലതും മറന്നു പോവുന്നു. "
കുറ്റ സമ്മതം പോലെ അവർ പറഞ്ഞു.
സംസാരം കേൾക്കുമ്പോൾ
ഇവർക്ക് കാര്യമായ പ്രശ്നം തോന്നുന്നില്ല. പേര് , സ്ഥലം ഇങ്ങനെ ചില കാര്യങ്ങളിലെ ധാരണക്കുറവാണ്.
ഒരു ഓട്ടോ വിളിച്ചു വിടാം എന്നോർത്ത് പുറത്തേക്കിറങ്ങി.
ദൈന്യത നിറഞ്ഞ മുഖത്തേക്ക് ഒന്നു കൂടി നോക്കിയപ്പോൾ അങ്ങനെ വിടാൻ തോന്നിയില്ല,
പെരുവഴി സഞ്ചാരം ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവരുടെ കയ്യിൽ ഏല്പിക്കുന്നതാണ് നല്ലത്.
പുറത്തിറങ്ങി അന്വേഷിച്ചപ്പോൾ അരമണിക്കൂർ യാത്രയുണ്ടെന്ന് മനസ്സിലായി.
" അമ്മ വിഷമിക്കണ്ട , നമുക്കു നോക്കാം "
ചിരിച്ചുകൊണ്ട് അവരെ ചേർത്തു പിടിച്ചു.
കടലാസിൽ എഴുതിയ സ്ഥലം കണ്ടെത്തിയെങ്കിലും വിലാസം ഒളിച്ചു കളി തുടർന്നു. അന്വേഷിക്കും തോറും
ചോദ്യ ചിഹ്നങ്ങൾ ചേർത്തു വരച്ച വരകൾ അവിടവിടെ ചിതറിക്കിടന്നു. അമ്മയെ ആർക്കും പരിചയമുള്ളതായി തോന്നിയില്ല.
എത്രയൊക്കെ ആലോചിച്ചിട്ടും
മുറിയും നീല പെയ്ൻ്റും ആകാശവും മേഘവുമല്ലാതെ മറ്റൊന്നും ഓർമ്മ വരുന്നില്ല.
പ്രതീക്ഷയോടെ നോക്കുന്ന ആൻ്റോയെ അവർ
നിസ്സഹായതയോടെ നോക്കി.
ഇത്രയും നേരം വഴികാട്ടിയായി നിഴൽ പോലെ നടന്നയാളും കൈ വിട്ടുവോ? ആ സ്വരത്തിനായി കാതോർത്തെങ്കിലും ഒന്നും കേൾക്കാനായില്ല.
ധാരധാരയായി ഒഴുകുന്ന മിഴികൾ ആൻ്റോയെ നിശബ്ദനാക്കി.
നഗരത്തിലെ മിക്കവാറും സ്ഥലങ്ങൾ അരിച്ചു പെറുക്കി.
ഇനിയും ആ പാവത്തിനെ ഉപദ്രവിയ്ക്കുന്നതിൽ അർത്ഥമില്ല.
മണിക്കൂറുകൾ നീണ്ട
തിരച്ചിലിനൊടുവിൽ
പ്രതീക്ഷ അസ്തമിച്ചപ്പോൾ,
ഓർമ്മയുള്ളവർ തപ്പി വരുകയാണെങ്കിൽ വരട്ടെ എന്ന തീരുമാനത്തിൽ കടം കഥയുടെ ഉത്തരം തേടൽ അവസാനിപ്പിച്ച് അമ്മയെ വണ്ടിയിലിരുത്തി ആൻ്റോ പുതിയ യാത്രയാരംഭിച്ചു.