
കേരളം ഉള്‍പ്പെടെ അഖിലേന്ത്യാ തലത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം (Special Intensive Revision - SIR) രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇതിന്റെ നടപടി ക്രമങ്ങള്‍ ഒക്ടോബര്‍ 27 മുതല്‍ ആരംഭിച്ചു. ഇന്ത്യയിലെ യോഗ്യരായ ജനങ്ങളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി, യോഗ്യരല്ലാത്ത ആളുകളെ ഒഴിവാക്കാന്‍ വേണ്ടി രൂപകല്പന ചെയ്തതാണ് വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം. ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയില്‍ വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ പരിഷ്‌കരണത്തിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്.ഐ.ആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടായെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് ബി.ജെ.പി ആണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ജനാധിപത്യം നിലനില്‍ക്കുന്ന മറ്റു പല രാജ്യങ്ങളിലും ഇത്ര കുറ്റമറ്റ രീതിയില്‍ ജനപങ്കാളിത്തത്തോടെ സര്‍ക്കാരിനെ തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പുകള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്ത്യയിലെ ഓരോ വീട്ടിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മൂന്ന് തവണ നേരിട്ടെത്തി വോട്ടര്‍മാരുടെ വെരിഫിക്കേഷന്‍ നടത്തി കൃത്യമായ വോട്ടര്‍ പട്ടിക തയ്യാറാക്കുക എന്നതാണ് തീവ്ര വോട്ടര്‍ പട്ടിക കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ വിലയിരുത്തലിനും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി, 2002-ലെയും 2025-ലെയും വോട്ടര്‍ പട്ടിക താരതമ്യം ചെയ്തു പരിശോധിക്കും. 2002-ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ അവരുടെ പേര് നിലനിര്‍ത്താന്‍ പുതിയ തിരിച്ചറിയല്‍ രേഖകള്‍ നല്‍കേണ്ടതില്ല. എന്നാല്‍ വെരിക്കേഷന്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ബി.എല്‍.ഒമാര്‍ക്ക് ഒരു എന്യൂമറേഷന്‍ ഫോം മാത്രം പൂരിപ്പിച്ച് നല്‍കിയാല്‍ മതി.
2002-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ല, എന്നാല്‍ അതിന് ശേഷം വന്നിട്ടുള്ള വോട്ടര്‍ പട്ടികയിലാണ് വ്യക്തിയുടെ പേരുള്ളതെങ്കിലും ആ വ്യക്തികളും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം ലഭിക്കുക. പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരും അവരുടെ എല്ലാ വിവരങ്ങളും രേഖകളും നല്‍കണം. 2002-നു ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരും പുതിയതായി പേര് ചേര്‍ക്കുന്നവര്‍ക്കും ഒരേ നടപടികളായിരിക്കും നേരിടേണ്ടി വരുന്നത്.
പ്രവാസികള്‍ക്കും വോട്ടര്‍ പട്ടിക പുതുക്കാന്‍ അവസരം ഉണ്ടാകും. നിലവില്‍ മലയാളി പ്രവാസി വോട്ടര്‍മാരുടെ ലിസ്റ്റില്‍ 90,051 പേരാണ് ഉള്ളത്. ഏകദേശം 15 ലക്ഷത്തോളം ആളുകളുടെ പേരുവിവരങ്ങള്‍ ഇതില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മറ്റു വിദേശ രാജ്യങ്ങളില്‍ പൗരത്വം നേടി താമസിക്കുന്നവരും ഉണ്ടാകുമത്രേ. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്‌ലോഡ് ചെയ്യാം. ഒരു ബി.എല്‍.ഒ നിര്‍ബന്ധമായും അവരുടെ വീട്ടില്‍ എത്തി പരിശോധിച്ച് അവര്‍ അവിടത്തുകാരാണെന്നും മറ്റും ഉറപ്പുവരുത്തും. എന്നാല്‍ കുടുംബം ഉള്‍പ്പെടെ സ്ഥലത്തില്ലാത്ത പ്രവാസികള്‍ക്ക് എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കല്‍ അത്ര എളുപ്പമല്ല.
2002-ലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തന്‍ വ്യക്തികള്‍ക്ക് സാധിക്കും. അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പോയി പട്ടിക പരിശോധിക്കണം. പേര് ഇല്ലാത്തവര്‍ക്ക്, പുതിയ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിക്കാം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള 12 വെരിഫിക്കേഷന്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കില്ല.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ എസ്.ഐ.ആര്‍ നടപ്പാക്കുക. മൂന്ന് മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനാണ് തീരുമാനം. അതേസമയം സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം നടക്കുന്ന ഒമ്പതാമത്തെ എസ്.ഐ.ആര്‍ ആണിത്. ഇതിനുമുമ്പ് 2002-നും 2004-നും ഇടയിലാണ് പരിഷ്‌കരണം നടന്നത്.
സ്ഥിരമായ കുടിയേറ്റം കാരണം ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുന്നു, മരണപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാതിരിക്കുക, ഏതെങ്കിലും വിദേശ പൗരന്മാരെ തെറ്റായി ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ തടയുന്നതിനാണ് എസ്.ഐ.ആര്‍ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. കൂടാതെ വോട്ടര്‍ പട്ടികയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ഈ തീവ്ര പരിഷ്‌കരണമത്രേ. പുതുക്കിയ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരിയോടെ അന്തിമമായി പ്രസിദ്ധീകരിക്കും.