Image

ഒരു മഴയോർമ്മ ( കഥ : അന്നാ പോൾ )

Published on 29 October, 2025
ഒരു മഴയോർമ്മ ( കഥ : അന്നാ പോൾ )

മഴ പെയ്യുമ്പോൾ ചില ഓർമ്മകളുടെ ജാലകങ്ങൾ തുറക്കാറുണ്ടു.
മഴ പെയ്യുമ്പോൾ നമ്മൾ കുട്ടികളാവാറുണ്ട് ചിലപ്പോഴെങ്കിലും... ഓർമ്മകളിൽ നനഞ്ഞ് സ്വയം മറക്കാറുണ്ട്...

ഒരുപാടു വർഷങ്ങൾക്കു മുൻപാണ് .
ജോലി കഴിഞ്ഞു മടങ്ങുന്ന ഒരു സായാഹ്നം .
ബസിറങ്ങി ഇത്തിരി നടക്കണം വീട്ടിലെത്താൻ..
ചെറിയൊരു കുന്നിറങ്ങി വയൽ വരമ്പിലൂടെ നടക്കുകയാണു ഞാൻ.
ആ സായാഹ്നത്തിൽ മറക്കാനാവാത്ത ഒരു മഴയനുഭവം അല്ല മഴ ഒരു മായാജാലക്കാരനായി!!

വിചിത്രവും വിവരിയ്ക്കാനാവാത്തതുമായ ഒന്ന് !! പൊടുന്നന്നെ, സായാഹ്ന സൂര്യന്റെ പൊൻ വെയിൽ മറച്ചു കൊണ്ട് മാനം കറുത്തു... ഇരുണ്ട മദയാനകൾ ഓടിക്കളിക്കുന്ന സായാഹ്ന ചക്രവാളം!! താഴെ കൊയ്തൊഴിഞ്ഞ വരണ്ട വയലാകെ ഇരുണ്ടു തുടങ്ങി.
തണുത്ത കാറ്റ് വീശി..
വയൽക്കിളികൾ ചിറകടിച്ച് കൂട്ടമായ് പറന്നകലുന്നു.
ചക്രവാളത്തിൽ അവ വരച്ചിട്ട ധനുസ്സ്!!
ഒന്നുരണ്ടു മഴത്തുള്ളികൾ മുഖത്തു പതിച്ചു.
ചാറ്റൽ മഴ ക്രമേണ കനത്തു.
കുട നിവർത്തി. ചരൽ വാരി എറിയുന്ന പോലെ കുടയ്ക്കു മുകളിൽ .
തെങ്ങിൻ തലപ്പുകളിൽ ഊർന്നിറങ്ങുന്നസന്ധ്യ...
ഇടയ്ക്കിടെ മിന്നൽ കൈകൾ പുളഞ്ഞു നീങ്ങുന്നു.
ചിറയും വയലും തെങ്ങോലകളും മിന്നലേറ്റ് വെട്ടിത്തി ഇങ്ങുന്നു.
മാത്ര നേരത്തേയ്ക്കു വയൽ ഒരു മായാലോകമാകുന്നു.!!
പുതുമഴയിൽ നനഞ്ഞ മണ്ണിന്റെ മദിപ്പിക്കുന്ന ഗന്ധം.. ഉള്ളിൽ ഉന്മാദമുണർത്തുന്നഗന്ധം!!

 മഴയുടെ കെട്ടഴിഞ്ഞ സുരതാവേശം!!
ദാഹമാർന്ന മണ്ണ് ഭ്രാന്തമായ ആവേശത്തോടെ മഴത്തുള്ളികളെ ഏറ്റുവാങ്ങുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെ ആദ്യ വേനൽ മഴ.
സിരകളിൽ പടരുന്ന അനിയന്ത്രിതവും അജ്ഞാതവുമായ ഒരാവേശത്തോടെ;  സ്ഥല കാലങ്ങൾ മറന്ന് ശൂന്യമായ മനസ്സോടെ, ഉടൽ ഭാരമില്ലാതെ ഒരു തൂവൽ കണക്കേ ഞാൻ നടക്കുകയാണു.
മുന്നിലൂടെ കുതിച്ചു പായുന്ന മഴച്ചാലുകളിൽ ചവിട്ടി സുഖദമായ തണുപ്പിലലിഞ്ഞ് മായികമായൊരു ഭ്രമാവസ്ഥയിൽ ഞാൻ നടക്കുകയാണ്
മണ്ണിലോ  വിണ്ണിലോ.. എനിയ്ക്കറിയില്ല...

പൊടുന്നനേ കണ്ടു എനിയ്ക്കു മുൻപേ ആരോ നടക്കുന്നു. കുട ചൂടാതെ നനഞ്ഞു ഒലിച്ച്... മുഖം കാണാനാവുന്നില്ല..
മഴയുടെ ശക്തി കുറഞ്ഞെങ്കിലും പെയ്യുന്നുണ്ടു്.
മുൻപൊരിയ്ക്കലും മഴയ്ക്കിത്ര ഭംഗി തോന്നിയിട്ടില്ല: അതിനു ശേഷവും::--
നെടുവരമ്പ് രണ്ടായി പിരിയുന്നിടത്ത് ഞാനെത്തി.
കൺപീലികളിലൂടെ ഊർന്നിറങ്ങിയ മഴത്തുള്ളികൾക്കിടയിലൂടെ ഞാൻ കണ്ടു   അയാൾ തിരിഞ്ഞു നോക്കി വശ്യമായ ഒരു മന്ദഹാസം എറിഞ്ഞു തന്നിട്ട് എതിർ ദിശയിലേയ്ക്കു നടന്നകന്നു.... ആരാണയാൾ. മുമ്പെങ്ങും കണ്ടിട്ടില്ല: പിന്നീടൊരിയ്ക്കലും... മഴയുടെ സുഖദമായ തണുപ്പും കുളിരും... ഉടലാകെ പേരറിയാത്തൊരു വികാരം ഉണരുന്നതു ഞാനറിഞ്ഞു.
ജലത്തിന്റെ ചില്ലുജാലകങ്ങൾ തുറന്നു മഴയുടെ മാസ്മരികതയിൽ എനിയ്ക്കു തോന്നിയ വിഭ്റമമോ? അന്നും ഇന്നും എനിയ്ക്കു അറിയില്ല...

മറക്കാനാവാത്ത ആ മഴക്കാലമായിക സായാഹ്നം വാക്കുകൾക്കതീതമാണു. 

ഇതെഴുതുമ്പോഴും അന്നത്തെ ആനന്ദാനുഭൂതി എനിയ്ക്കു അനുഭവവേദ്യമാകുന്നു,; നാലു പതിറ്റാണ്ടുകൾക്കിപ്പുറവും!1

കറേക്കാലം ഞാനാ മുഖം ആൾക്കൂട്ടങ്ങളിൽ തിരയുമായിരുന്നു. പിന്നെ ക്രമേണ അജ്ഞാതനായ ആ മനുഷ്യനും ആ മുഖത്തു വിരിഞ്ഞ മോഹന മന്ദഹാസവും ഓർമ്മയുടെ അടരുകളിലെവിടെയോ പോയി ഒളിച്ചു..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക