Image

'വല്യേട്ട'നെ തിരുത്തി നട്ടെല്ലുറപ്പു കാട്ടി സി.പി.ഐ; ഇത് കടുംപിടിത്തത്തിനെതിരായ രാഷ്ട്രീയ വിജയം (എ.എസ് ശ്രീകുമാര്‍)

Published on 29 October, 2025
'വല്യേട്ട'നെ തിരുത്തി നട്ടെല്ലുറപ്പു കാട്ടി സി.പി.ഐ; ഇത് കടുംപിടിത്തത്തിനെതിരായ രാഷ്ട്രീയ വിജയം (എ.എസ് ശ്രീകുമാര്‍)

അനാവശ്യ കാര്യങ്ങളില്‍പ്പോലും നിലപാടില്‍ കാര്‍ക്കശ്യം പുലര്‍ത്തി അത് തന്റെ വിജയമുദ്രയാണെന്ന് മേനിനടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ സി.പി.ഐക്ക് വഴങ്ങേണ്ടി വന്നത് കാലത്തിന്റെ കാവ്യവീതി. പി.എം ശ്രീ പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ നിന്ന് അണുവിട പിന്നാക്കം പോകാതിരുന്ന സി.പി.ഐ നേടിയതാകട്ടെ ഉജ്വലമായ രാഷ്ട്രീയ വിജയവും. പി.എം ശ്രീയില്‍ നിന്ന് ലഭിക്കുന്ന 1500 കോടി രൂപയുടെ ഫണ്ടല്ല, മറിച്ച് ആശയമാണ് സുപ്രധാനമെന്ന് എക്കാലവും വല്യേട്ടന്‍ പാര്‍ട്ടി ചമയുന്ന സി.പി.എമ്മിനെക്കൊണ്ട് സമ്മതിപ്പിച്ചതാണ് ഇടതു മുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയ ഈ എപ്പിസോഡിന്റെ ക്ലൈമാക്‌സ്.

പിഎം ശ്രീ വിവാദത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ച സി.പി.ഐ ഇന്ന് രാവിലെയും നിലപാട് കടുപ്പിച്ചിരുന്നു. സി.പി.ഐ മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, ജി.ആര്‍ അനില്‍, പി പ്രസാദ് എന്നിവരാണിവരെല്ലാം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. സി.പി.ഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനാല്‍ രാവിലെ ചേരാനിരുന്ന മന്ത്രിസഭാ യോഗം വൈകിട്ട് മൂന്നരയിലേക്ക് മാറ്റി. കേന്ദ്രവുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കിയാല്‍ മാത്രമേ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയുള്ളവെന്നും മറിച്ചുളള ഒരു സമവായവും സ്വീകാര്യമല്ല എന്നും അവര്‍ നിലപാടെടുത്തു.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന പദ്ധതിയായ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ട് വാങ്ങി പി.എം ശ്രീയില്‍ മെല്ലെ പോക്ക് നടത്താം എന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഉയര്‍ത്തിയെങ്കിലും സി.പി.ഐ വഴങ്ങിയില്ല. ഉപസമിതിയെ വച്ച് പഠനം എന്ന നിര്‍ദേശവും അംഗീകരിച്ചിട്ടില്ല. പരിഹാരത്തിന് നയപരമായ തീരുമാനം തന്നെ വേണം എന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്നും സി.പി.എം മുന്നണി മരാദ ലംഘിച്ചുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശക്തമായ ഭാഷയില്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു.

മുഖ്യമന്ത്രിയുടെ അനുനയ ഫോര്‍മലയെല്ലാം സി.പി.ഐ പാടേ തള്ളി. പിണറായി പറയുന്നത് മുന്നണി വെള്ളം തൊടാതെ വിഴുങ്ങണം എന്ന അടിച്ചേല്‍പ്പിക്കല്‍ സ്ഥിതിയായിരുന്നു ഇതുവരെ. പിണറായി പറയുന്നതാണ് പരിഹാരം എന്ന പതിവ് തീട്ടൂരം പക്ഷേ, സി.പി.ഐയുടെ പ്രഹര ശേഷിയില്‍ തകരുന്നതാണ് കണ്ടത്. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായപ്പോള്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ഏകഛത്രാധിപതിയായ പിണറായി വിജയന്‍ ഒത്തുതീര്‍പ്പിനായി താഴേയ്ക്കിറങ്ങുകയായിരുന്നു. അങ്ങനെ വൈകുന്നേരത്തേയ്ക്ക് മാറ്റിവച്ച മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാരും പങ്കെടുത്തു.

പി.എം ശ്രീ പുനഃപരിശോദിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വിഷയം മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ ചെയ്യും. ഈ കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് വി ശിവന്‍കുട്ടി അധ്യക്ഷനായി ഏഴംഗങ്ങളുള്ള ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കും. ഇത് കേന്ദ്ര സര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

പിണറായി വിജയന്റെ ഇതുവരെയുള്ള രണ്ടു ടേമുകളിലും ഈ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം മുന്‍ കാലങ്ങളിലേക്കാള്‍ കലശലായിട്ടുണ്ട്. അതില്‍ സി.പി.ഐ നേടിയ വലയൊരു രാഷ്ട്രീയ വിജയമാണ് പി.എം ശ്രീയില്‍ ഉണ്ടായിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് നിയമപരിഷ്‌കാരം കൊണ്ടുവന്നു. അന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിക്കുകയുണ്ടായി. അധികാര ദുര്‍വിനിയോഗ ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന നിലപാട് സി.പി.ഐ എടുത്തു.

ഇത് നടക്കാതെ വന്നപ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നു. തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെച്ചതും മറ്റൊരു ചരിത്രം. ഐ.ടി നിയമത്തില്‍ സമാനമായ വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ കരട് ബില്‍ തയ്യാറാക്കിയെങ്കിലും സി.പി.ഐയുടെ എതിര്‍പ്പില്‍ അതും മുടങ്ങി. കളക്ടറുടെ ജുഡീഷ്യല്‍ അധികാരം പോലീസിലേക്ക് കൊണ്ടുവന്ന പോലീസ് കമ്മീഷണറേറ്റിനുള്ള നീക്കവും സി.പി.ഐയുടെ എതിര്‍പ്പില്‍ ഇല്ലാതായി. വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രിയിലൂടെയല്ലാതെ മുഖ്യമന്ത്രിക്ക് നേരിട്ട് ഫയല്‍ അയക്കാമെന്ന രീതിയില്‍ ബിസിനസ് ചട്ടഭേദഗതിക്ക് കരടായി. സി.പി.ഐ എതിര്‍പ്പ് ഉന്നയിച്ചതോടെ നീക്കം ഉപേക്ഷിച്ചു.

പി.എം ശ്രീയുടെ എം.ഒ.യുവില്‍ ഒപ്പിട്ട് ഏഴാം ദിവസമാണ് അത് മരവിപ്പിക്കുന്നത്. നയപരമായി തീരുമാനമെടുക്കേണ്ട ഈ സുപ്രധാന വിഷയം മുന്നണിയില്‍ ചര്‍ച്ചയെയ്തില്ല. അജണ്ടായായി വന്നെങ്കിലും, ബിസിനസ് ഓഫ് റൂള്‍സ് പ്രകാരം മന്ത്രിസഭയിലും ചര്‍ച്ചചെയ്തില്ല. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വവും ഇക്കാര്യമറിയുന്നത് മാധ്യമങ്ങളിലൂടെയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാകട്ടെ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബി നിഷേധിച്ചതുമില്ല. ഏതായാലും ഇത് സി.പി.എമ്മിന് ഒരു പാഠമാണ്. രണ്ടുവട്ടം അധികാരത്തിലേറിയതിന്റെ ധാര്‍ഷ്ട്യത്തില്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കുന്ന 'രാജവാഴ്ച'യ്ക്ക് കിട്ടിയ അനിവാര്യമായ തിരിച്ചടിയുടെ ഒരു വലിയ പാഠം.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക