
ബീഹാർ ഇലക്ഷൻ ക്യാമ്പയിന് സഖാവ് എ. വിജയരാഘവൻ കേരളത്തിൽ നിന്നു പോയിരുന്നു. 2025 നവംബർ ആറാം തിയതി ആണ് ബിഹാറിൽ നിയമ സഭാ തിരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നുള്ള കൂടുതൽ കമ്യൂണിസ്റ്റ് നേതാക്കൾ ബീഹാർ തിരഞ്ഞെടുപ്പിൽ ക്യാമ്പയിനായി പോകണമെന്നൊരു വാദമുണ്ട്. പക്ഷെ ഈ വാദത്തിനൊരു മറുവശം ചൂണ്ടികാണിക്കാം.
ബീഹാർ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് ജാതിയും, ഉപ ജാതിയും ഒക്കെയാണ്. 'ഫ്യൂഡൽ-കൺസർവേറ്റീവ്' മൂല്യങ്ങൾ പേറുന്ന ജനങ്ങളാണ് അവിടെയുള്ളത്. കേരളാ രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നും അവിടെ സാധ്യമല്ല. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ശൈലിയിൽ ദേശീയ രാഷ്‌ട്രീയം ഇനി ഇടതുപക്ഷം ഇനി പിന്തുടരരുതെന്ന് വാദിക്കുന്നവർ സി.പി.എമ്മിൽ ധാരാളമായുണ്ട്. ജെ.എൻ.യു.-വിൽ നിന്നുള്ള പ്രകാശ് കാരാട്ടും, സീതാറാം യെച്ചൂരിയും സി.പി.എം. ജനറൽ സെക്രട്ടറിമാരായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ വാദം ഉന്നയിക്കപ്പെടുന്നത്. അവർ ജനറൽ സെക്രട്ടറിമാരായിരുന്നതിനു ശേഷം സി.പി.എം. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് നിഷ്കാസിതരായിരിക്കയാണ്.
സത്യം പറഞ്ഞാൽ, ജെ.എൻ.യു.-വിനെ ബീഹാർ തിരഞ്ഞെടുപ്പിൻറ്റെ കാര്യം പറഞ്ഞു താഴ്ത്തികെട്ടേണ്ട ഒരു സാഹചര്യവും ഇന്നില്ല. ബീഹാറിൽ നിന്നുള്ളവരാണ് IAS/IPS ഉദ്യോഗസ്ഥരിൽ പലരും. അവരിൽ മിക്കവരും ഡൽഹി യൂണിവേഴ്സിറ്റിയിലോ, ജെ.എൻ.യു.-വിലോ പഠിച്ചവർ ആണ്. നമ്മുടെ ഇപ്പോഴത്തെ ധനമന്ത്രി നിർമലാ സീതാരാമനും, വിദേശകാര്യ മന്ത്രി ജയശങ്കറും ജെ.എൻ.യു. 'പ്രൊഡക്റ്റുകൾ' ആണ്. ഈയടുത്ത കാലം വരെ ഉണ്ടായിരുന്ന ഡൽഹി പോലീസ് കമീഷണറും ജെ.എൻ.യു. 'പ്രൊഡക്റ്റ്' ആയിരുന്നു.
ഇത്തരം IAS/IPS ഉദ്യോഗസ്ഥരിൽ പലർക്കും ഫ്യൂഡൽ ബാക്ഗ്രൗണ്ട് ആണുള്ളത്. ഈ ഫ്യൂഡൽ ബാക്ഗ്രൗണ്ട് ഉള്ളവരും, ബീഹാറിലെ സാധാരണ ജനങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ട് ഇടതു രാഷ്ട്രീയത്തിൽ, CPI-ML രാഷ്ട്രീയം ആണ് ബീഹാറിലെ ചില ഭാഗങ്ങളിൽ പ്രബലം; അല്ലാതെ സി.പി.ഐ.-ക്കോ, സി.പി.എമ്മിനോ ബീഹാർ രാഷ്ട്രീയത്തിൽ അധികമൊന്നും ചെയ്യാനില്ല. മുൻ ജെ.എൻ.യു. സ്‌റ്റുഡൻറ്റ്സ് യൂണിയൻ പ്രസിഡൻറ്റ് ആയിരുന്ന കന്നയ്യ കുമാർ പോലും ബീഹാർ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയത് അതുകൊണ്ടാണ്. ഇൻഡ്യാ സഖ്യത്തിൻറ്റെ ഭാഗമായി മത്സരിക്കുമ്പോൾ, സി.പി.ഐ.-എം.എൽ. ആണവിടെ നിർണായക ശക്തിയായി നിലകൊള്ളുന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടി. അതുകൊണ്ടാണ് സി.പി.ഐ.-എം.എല്ലിന് മത്സരിക്കാൻ ഇരുപത് സീറ്റുകൾ ഇൻഡ്യാ സഖ്യം നൽകിയിരിക്കുന്നത്.
CPI-ML നേതാവ് ആയിരുന്ന മുൻ ജെ.എൻ.യു. സ്‌റ്റുഡൻറ്റ്സ് യൂണിയൻ പ്രസിഡൻറ്റ് ചന്ദ്രശേഖർ ബീഹാറിൽ 1990-കളിൽ കൊല്ലപ്പെട്ടിരുന്നു. ഇങ്ങനെ ഫ്യൂഡൽ ശക്തികളോട് നിരന്തരം പോരാടിയാണ് CPI-ML ബീഹാർ രാഷ്ട്രീയത്തിൽ അവരുടെ സാന്നിധ്യം ഉറപ്പിച്ചത്. CPI-ML ഇപ്പോൾ മത്സരിക്കുന്ന ഇരുപത് സീറ്റുകൾ തന്നെ നോക്കിയാൽ ഇക്കാര്യം പിടി കിട്ടും. സി.പി.ഐ.-ക്ക് 9 സീറ്റുകളും, സി.പി.എമ്മിന് 4 സീറ്റുകളും മാത്രമാണ് അവിടെ മത്സരിക്കുവാനായി ഇൻഡ്യാ സഖ്യം നൽകിയിരിക്കുന്നത്. ഇതൊക്കെ കേരളത്തിൽ നിന്നുള്ള നേതാക്കൾ അവിടെപോയി പ്രസംഗിക്കുമ്പോൾ മനസ്സിലാക്കണം എന്നില്ല. ഇതൊക്കെ കൂടാതെ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് ഭാഷ അവിടെ വലിയൊരു പ്രശ്നമാകും. 'ഹമാരാ രാഷ്ട്ര ഭാഷാ ഹിന്ദീ ഹേ. ഇസ്സ്ലിയേ മേംനേ അങ്ക്രേസീ മേം നഹീ ബാത്ത് കർത്താ ഹൂം' - എന്ന് മലയാളി നേതാക്കൾ തുറന്നു പറയണം. ലാലു പ്രസാദ് യാദവൊക്കെ 'ഗ്രാമീണ ഹിന്ദി' ഉപയോഗിച്ചുകൊണ്ടാണ് ബീഹാറിൻറ്റെ മനം കവർന്നത്. ഇത്തരം 'ഗ്രാമീണ ഹിന്ദി' കൂടാതെ മൈഥിലി, ഭോജ്പുരി തുടങ്ങിയ പ്രാദേശിക വ്യത്യസ്തതകൾ കൂടി ബീഹാറി ഭാഷാ ശൈലിയിലുണ്ട്. ഇതൊക്കെ കേരളത്തിലെ എത്ര കമ്യൂണിസ്റ്റ് നേതാക്കൾക്ക് അറിയാം? ഡൽഹിയിൽ ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള കേരളത്തിൽ നിന്നുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്ക് പോലും നന്നായി ഹിന്ദി സംസാരിക്കുവാൻ അറിയില്ല. പിന്നെങ്ങനെ അവർ ബീഹാറിൽ പോയി 'ഗ്രാമീണ ഹിന്ദിയിൽ' പ്രസംഗിച്ചുകൊണ്ട് അവിടുത്തെ ജനങ്ങളുടെ മനം കവരും?
അതുപോലെ തന്നെ, ദേശീയത ഹിന്ദി ബെൽറ്റിൽ വളരെ നിർണായകമാണ്. കേരളീയ കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഇന്ത്യ എന്നുള്ള ദേശീയമായ കാഴ്ചപ്പാട് ഒട്ടുമേ ഇല്ലാ. 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' എന്ന പഴയ മുദ്രാവാക്യത്തെ ഇഷ്ടപ്പെടുന്നവരാണ് ഹിന്ദി ബെൽറ്റിൽ കൂടുതലും ഉള്ളത്. ഒരു രീതിയിലുമുള്ള ദേശീയ കാഴ്ചപ്പാടും ഉൾക്കൊള്ളാതെ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കൾക്ക് എങ്ങനെയാണ് ബീഹാർ തിരഞ്ഞെടുപ്പിൽ ഒരു ഓളം ഉണ്ടാക്കാൻ സാധിക്കുക?
ഇതൊക്കെ കൂടാതെ അവിടുത്തെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ബീഹാർ തിരഞ്ഞെടുപ്പിൽ ഉയർത്തേണ്ടി വരും. തേജസ്വി യാദവ് ഉയർത്തിയ 'കമായ്' (വരുമാനം), 'ദവായ്'(മരുന്ന് അല്ലെങ്കിൽ പൊതുജനാരോഗ്യം), 'പഠായ്'(വിദ്യാഭ്യാസം), 'സിഞ്ചായ്'(ജലസേചനം), 'മെഹങ്കായ്'(വിലകയറ്റം) - ഇവയൊക്കെയായിരുന്നു കഴിഞ്ഞ ബീഹാർ നിയമ സഭാ തിരഞ്ഞെടുപ്പിൽ വിജയത്തിന് അടുത്തുവരെ RJD-യെ കൊണ്ടെത്തിച്ചത്. ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി 'മൈഗ്രൻറ്റ് ലേബറേഴ്സ്' 2020-ൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നാണ് അന്നത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ പലരും കാൽനടയായി ആണ് ബീഹാറിൽ തിരിച്ചെത്തിയത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ബീഹാർ, ബംഗാൾ, ജാർക്കണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചെത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയർത്തിയ 'മെഹങ്കായ്' അതല്ലെങ്കിൽ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേൾക്കാൻ വലിയ ജനക്കൂട്ടം വരുന്നുമുണ്ടായിരുന്നു 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻറ്റെ സമയത്ത്. പക്ഷെ ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും, വിദ്യാഭ്യാസവും, ജലസേചനവുമൊക്കെ തിരഞ്ഞെടുപ്പുകളിൽ അത്ര പെട്ടെന്ന് വോട്ടാകാറില്ല. കാരണം മതവും ജാതിയും ഭക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മുടെ വോട്ടർമാരിൽ അധികവും. ബീഹാറിലും അതാണ് 2020-ൽ കണ്ടത്. പക്ഷെ തേജസ്വി യാദവ് നിർണായകമായ സ്വാധീനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെലുത്തി എന്നത് ഫലം നോക്കിയാൽ ആർക്കും മനസിലാകും. NDA-ക്ക് 2020-ൽ 37.26 ശതമാനം വോട്ട് കിട്ടിയപ്പോൾ, മഹാസഖ്യത്തിന് 37.23 ശതമാനം വോട്ട് കിട്ടി. മൊത്തം വോട്ടുകളിൽ 13,000 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി പറഞ്ഞാൽ കേവലം 12,768 വോട്ടുകളുടെ കുറവ്. ഈ 12,768 അധിക വോട്ടുകൾ മൂലമാണ് NDA-ക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്നു പറഞ്ഞാൽ പലരും അതിശയിക്കും. പക്ഷെ അതാണ് കഴിഞ്ഞ ബീഹാർ നിയമ സഭാ തിരഞ്ഞെടുപ്പിലെ ഫലത്തിൽ കാണാൻ സാധിക്കുന്നത്.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)