
കുട്ടിക്കാലത്തു കാലൻ കോഴി എന്നത് കേൾക്കുന്നത് പോലും ഒരു പേടി സ്വപ്നമായിരുന്നു. വീട്ടുവളപ്പിലെ മരങ്ങളിൽ വന്നിരുന്ന് ഇവ കരഞ്ഞാൽ ആ വീട്ടിലോ അല്ലെങ്കിൽ ആ ഗ്രാമത്തിലോ ഒരു മരണം ഉറപ്പാണു എന്നാണ് ആ കാലത്ത് വിശ്വസിച്ചിരുന്നത്. കാലന്റെ ദൂതന്മാരായിട്ടാണ് കാലൻ കോഴിയെ കണ്ടിരുന്നത്. രൂപവും ശബ്ദവും മാത്രമല്ല, തലമുറകൾ മാറി മാറി വന്ന കഥകളും കാലൻ കോഴിയെ ഭയക്കാൻ ഒരു കാരണമായി. ഭയപ്പെടുത്തുന്ന കഥകളൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാലൻ കോഴിയെ ഞാൻ കണ്ടിട്ടില്ല എന്നതും ഒരു സത്യം! ഒരു നാടിനെ തന്നെ വിറപ്പിക്കാൻ കഴിയും ഈ ശബ്ദത്തിന്. രാത്രികാലങ്ങൾ വളരെ നിശബ്ദമായിരിക്കും. ആ സമയം കാലൻ കോഴിയുടെ സൗണ്ട് ആരെയും ഭയപ്പെടുത്തും. രണ്ട് കിലോമീറ്റർ ദൂരത്ത് വരെ ഇവയുടെ ശബ്ദം കേൾക്കാമായിരുന്നു.
ഒരിക്കൽ ഒരു രാത്രിയിൽ കാലൻ കോഴി കുകുന്നത് കേട്ട് പേടിച്ചു ഞാൻ പുതപ്പിനടിയിൽ കയറി ഒളിച്ചു. ഒരു പാതിരാത്രിയായപ്പോഴാണ് ഈ കരച്ചിൽ കേൾക്കുന്നത്. ആരോ മരണപ്പെടാൻ പോകുന്നു എന്ന് ഞാൻ വിശ്വസിച്ചു. നേരം വെളുത്തു മുത്തശ്ശി പറയുന്നത് കേട്ടു ഇന്നലെ രാത്രി നാണു കണിയാർ മരിച്ചു പോയി. ആ കാലൻ കോഴി കൂവുന്ന സൗണ്ട് കേട്ടപ്പോഴേ വിചാരിച്ചതാണ് ആരോ മരിക്കുമെന്ന്.
മുത്തശ്ശി ആരോടോ പറയുന്നത് കേട്ടു പ്രാണൻ എടുക്കാൻ വരുന്ന കാലനെ കണ്ടാണ് ഈ കാലൻ കോഴികൾ കൂവുന്നതെന്ന്. ഏതെക്കെ ദിവസം ഈ പക്ഷികളുടെ സൗണ്ട് കേൾക്കുന്നുവോ ഉറപ്പായും പിറ്റേ ദിവസ്സം ഒരു മരണവാർത്ത പ്രതീക്ഷിക്കാമെന്നും. ഇവയെ കാലന്റെ ദൂതന്മാരായിട്ടാണ് എല്ലാവരും കാണുന്നതും വിശേഷിപ്പിക്കുന്നതും. അങ്ങനെയാണ് ഇവയ്‌ക്ക് ആ പേര് വരാന്‍ കാരണമായത്. പലപ്പോഴും കാലൻ കോഴി കൂവിയതിന് ശേഷം പിറ്റേ ദിവസ്സം തന്നെ പലരുടെയും മരണം തികച്ചും യാദൃശ്ചികമായിരുന്നെകിലും സംഭവിച്ചു അതോടെ അവരുടെ വിശ്വാസ്സം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
എൻറെ മനസ്സിൽ കാലൻ കോഴി ആഴത്തിൽ ഭയത്തിന്റെ ഇടം പിടിച്ചിരുന്നു. അധിക ദിവസ്സങ്ങളിലും രാത്രികാലങ്ങളിൽ ഈ പക്ഷി കൂവാറുണ്ട്. പക്ഷെ നല്ല ഉറക്കത്തിൽ ചിലപ്പോൾ കേൾക്കാറില്ല എന്നത് യാഥാർത്ഥ്യം. കുറച്ചു കാലങ്ങൾക്ക് ശേഷം ഒരു ദിവസ്സം ഞാൻ കാലൻ കോഴിയുടെ കൂവൽ കേട്ടു. എനിക്ക് ആകെ പേടിയായി, അയ്യോ ആരായിരിക്കാം മരിക്കാൻ പോകുന്നതെന്ന ഭയം കൊണ്ട് എനിക്ക് ഉറക്കം വ ന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.
പിറ്റേ ദിവസ്സം വീട്ടിൽ ജോലിക്ക് വരുന്ന രാമൻ മരിക്കുകയും കൂടി ചെയ്തപ്പോൾ കാലൻ കോഴി എനിക്ക് ഒരു ഭയമായി മാറി. പിന്നെ കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം രാത്രിയിൽ വീണ്ടും കക്ഷി കടന്നു വന്നു. ഒരു രാത്രി വീണ്ടും കൂവിയ കാലൻ കോഴി എൻറെ ഉറക്കത്തെ ആലോസ്സരപ്പെടുത്തി. ഉറങ്ങാതെ രാത്രി കഴിച്ചു കൂട്ടി, കാലത്ത് അമ്മുമ്മയോടു വിവരം പറഞ്ഞു, മരണ വാർത്തക്ക് വേണ്ടി കാത്തിരുന്നു. പക്ഷെ ആരും മരിച്ചില്ല.
അപ്പോഴും സംശയം ബാക്കി, നാളെ മരിക്കുമായിരിക്കുമോ? അങ്ങിനെയെങ്കിൽ ഇന്നലെ വന്ന കാലൻ പകൽ എവിടെ കഴിച്ചു കൂട്ടി?. അന്ന് രാത്രിയായി, ആരും മരിച്ചില്ല. പിന്നെയും സംശയം ബാക്കിയായി, ചിലപ്പോൾ വല്ല പൂച്ചയോ പ ട്ടിയോ മരിച്ചിട്ടുണ്ടാവാം. പക്ഷെ എല്ലാ ജീവനും എടുക്കാൻ വരുന്നത് ഒരേ കാലനായിരിക്കുമോ? അല്ലെങ്കിൽ മൃഗങ്ങൾക്ക് വേറെ കാലൻ കാണുമോ എന്തോ, സംശയം നീണ്ടു പോയി. പിറ്റേ ദിവസ്സം കാലൻ കോഴി വീണ്ടും കൂവി, മരണവാർത്ത പ്രതീക്ഷിച്ച എനിക്ക് അന്നും നിരാശയായിരുന്നു ഫലം. പിന്നെ പലപ്പോഴായി സൗകര്യം ഉള്ളപ്പോഴൊക്കെ കാലൻ കോഴി കൂവി, എന്നാൽ മരണവാർത്ത മാത്രം കേട്ടില്ല.
അതോടെ എല്ലാം ഒരു കാലത്തെ ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരോടിയ അന്ധവിശ്വാസ്സങ്ങൾ മാത്രമായിരുന്നെന്ന് എനിക്ക് ബോധ്യമായി. പിന്നെ പലപ്പോഴും കാലൻ കോഴിയുടെ കൂവൽ കേട്ടിട്ടുണ്ടെങ്കിലും ചിലപ്പോൾ മരണം സംഭവിക്കുകയും മറ്റ് ചിലപ്പോൾ ഒന്നും സംഭവിക്കാറുമില്ലായിരുന്നു. മൂങ്ങകളുടെ വര്‍ഗത്തില്‍ പെടുന്ന ഒന്നാണ് കാലന്‍ കോഴി എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരു പക്ഷിയുടെ കരച്ചിലിന് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേൾക്കാം. ഇത് ഇതിന്റെ ഇണയെ തപ്പുന്നതാണ് എന്നാണ് അറിയുന്നത്.
മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ. എന്തെന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ് പോകേണ്ടി വരുന്നത്. ആശകളും പ്രതീക്ഷകളുമായി അടുത്ത പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി മരണത്തിന്റെ മാലാഖ കടന്നു വരുന്നതും പക്ഷേ അതും ഈ പക്ഷിയുമായി യാതൊരു ബന്ധവുമില്ല. മിക്ക മരണങ്ങളും നടക്കുന്നത് രാത്രിയിൽ ആണ്. അതുകൊണ്ട് തന്നെ ഈ പക്ഷിയുടെ കരച്ചിലും അതിൽ നിന്ന് ഉണ്ടാകാവുന്ന ഭീതിയുമാകാം ആളുകളിൽ ഈ വിശ്വാസം ഉടലെടുത്തത് . അതിന് കാലൻ കോഴിയുടെ കരച്ചിൽ ഒരു നിമിത്തം മാത്രം.
പലതരം ആചാരങ്ങളും വിശ്വാസ്സങ്ങളും ഒരു കാലത്ത് നാട്ടിൽ നില നിന്നിരുന്നു. കാലത്തുള്ള കണികാണൽ, പൂച്ച കുറുകെ ഓടിയാൽ, കാലൻ കോഴി കൂവിയാൽ ഇങ്ങിനെ പലതരം വിശ്വാസ്സങ്ങൾ വെച്ച് പുലർത്തിയവർ ആണ് നമ്മളിൽ പലരും. പക്ഷേ കാലം മാറിയപ്പോൾ വിശ്വങ്ങളിലും മാറ്റം വന്നു. ഇന്ന് കാലൻ കോഴി എന്നത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളിൽ ഒന്നാണ്. ഇന്ന് അതിന്റെ ശബ്‍ദം കേൾക്കുക തന്നെ വളരെ വിരളം.