
"അങ്കിൾ ഒരു കാര്യം ചെയ്താൽ മതി. എയർപോർട്ടിൽ കസ്റ്റംസ് ചെക്ക് ഇൻ കഴിഞ്ഞിട്ട് എക്സിറ്റ് സൈൻ ഫോളോ ചെയ്ത് ലോഞ്ചിൽ വന്നിരിക്കുക."
"ലോഞ്ചോ?
എയർപോർട്ടിൽ നിന്നും നേരെ വെള്ളത്തിലോട്ട് ആണോ ഇറങ്ങേണ്ടത്?"
ഞാൻ അവനോട് സംശയ നിവാരണം നടത്തി. എല്ലാം ശരിക്ക് ചോദിച്ചറിയണമല്ലോ. എനിക്കാണെങ്കിൽ നിന്തൽ അറിയില്ല. അതുകൊണ്ട് വെള്ളം കണ്ടാൽ പേടിയാണ്.
"അതേ അങ്കിളെ ലോഞ്ച്. പക്ഷെ ഇത് പണ്ട് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ആളെക്കടത്തിയിരുന്ന ഗഫൂറിക്കയുടെ കള്ളലോഞ്ച് അല്ല. ആൾക്കാർ വിമാനത്തിൽ നിന്നിറങ്ങി കസ്റ്റമസ് നടപടികൾ നടത്തിയതിനുശേഷം തങ്ങളെ സ്വീകരിക്കാൻ വരുന്നവരെ കാത്തിരിക്കുന്ന സ്ഥലം. അങ്കിളിനു മനസിലായല്ലോ?
എന്നിട്ട് അവിടെ നിന്നും എയർപോർട്ടിന്റെ വൈഫൈ അങ്കിളിന്റെ ഫോണിൽ നോക്കി കണക്ട്ട് ചെയ്തിട്ട് എന്നെ വിളിക്കുക. അപ്പോൾ ഞാൻ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ വന്ന് നിങ്ങളെ പിക്ക് ചെയ്‌തോളാം."
അമേരിക്കയിൽ ചെന്നിറങ്ങിയാൽ എയർപോർട്ടിന് വെളിയിൽ ഇറങ്ങുന്നതിനു മുൻപ് അനുഷ്ടിക്കേണ്ട കർമ്മങ്ങൾ എല്ലാം എന്റെ അമേരിക്കൻ അനന്തിരവൻ എന്നോട് ഈ സന്ദർശനം ഉറപ്പിച്ച അന്നുമുതൽ പല പ്രാവശ്യം ഫോണിൽ കൂടി ഇപ്രകാരം പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
അതുകൊണ്ട് ഈ യാത്രയെക്കുറിച്ച്
ഞങ്ങൾക്ക് ഒരു ഉൽഘണ്ടയുടെ ആവശ്യമില്ല.
പ്രൈമറി സ്കൂൾ അധ്യാപകർ ആയിരുന്ന ഞാനും ഏലമ്മയും പെൻഷൻ പറ്റിയത് ആറുമാസം മുൻപാണ്.
പെൻഷൻ ആകുമ്പോൾ നമുക്ക് അമേരിക്കയിൽ ഒന്ന് വിസിറ്റിനു പോകണം. നിങ്ങളുടെ അനന്തിരവൻ ബൈജുമോൻ അവിടുണ്ടല്ലോ, അവിടെല്ലാം ഒന്നു കാണണം എന്നൊക്കെ അവൾക്ക് ഒരേ നിർബന്ധം.
വല്ല ദുബായ്ക്കും പോയാൽ മതി, അതാണ് എളുപ്പം എന്ന് ഞാൻ പറഞ്ഞതാണ്. കേൾക്കണ്ടേ?
എന്റെ "വൈഫിന്റെ "ആയുഷ്ക്കാല മോഹമാണ് ഞങ്ങളെ ഇന്ന് അമേരിക്കയിലെ ന്യൂജേഴ്‌സി ന്യൂആർക്ക് എയർപോർട്ടിൽ വരെ എത്തിച്ചത്.
പക്ഷെ, ന്യൂജേഴ്‌സിയിൽ വന്ന്
എയർപോർട്ടിൽ നിന്നും വെളിയിൽ ഇറങ്ങുന്നതിനു മുൻപ് ഞാൻ ഫോണിൽ എയർപോർട്ട് വൈഫൈ തപ്പിക്കൊണ്ടിരുന്നപ്പോൾ വൈഫ് ന് ടോയ്‌ലറ്റിൽ പോയേ പറ്റൂ എന്നായി.
വിനാശ കാലേ വിപരീത ബുദ്ധി.
അല്ലാതെന്താ?
അവൾ ആ പോക്ക് പോയതല്ലേ സംഗതി വഷളാക്കിയത്?
ലഗ്ഗ്യേജ് എല്ലാം കൂടി അടുത്തുവച്ചുകൊണ്ട് ഫോണിൽ വൈഫൈ കണക്ട്ട് ചെയ്യാൻ നോക്കിയിട്ട് എന്തുകൊണ്ടോ സംഗതി ശരിയാകുന്നില്ല എന്നുകണ്ടപ്പോൾ എനിക്ക് ടെൻഷനടിക്കാൻ തുടങ്ങി. അനന്തരവൻ
ബൈജുമോനെ വിളിക്കാൻ പറ്റുന്നില്ലെങ്കിൽ എങ്ങനെ എയർപോർട്ടിന് വെളിയിലിറങ്ങും?
ഒരു പരിചയവും ഇല്ലാത്ത നാടാണ്.
വല്ലോരോടും വല്ലതും ചോദിക്കണമെങ്കിൽ ആകെ അറിയാവുന്നത് പ്രൈമറി സ്കൂളിൽ പിള്ളേരെ പഠിപ്പിക്കുന്ന
ലെവലിലുള്ള ഇംഗ്ലീഷാണ്. സായിപ്പ്,വായിൽ സോപ്പ്കഷ്ണം ഇട്ടോണ്ട് സംസാരിക്കുന്നപോലെ ഇംഗ്ലീഷ് പറയുന്ന ഇവിടെ, വറുത്ത കപ്പ കടിച്ചു മുറിക്കുന്ന പോലത്തെ എന്റെ ഇംഗ്ലീഷ് അവർക്ക് മനസ്സിലായില്ലെങ്കിൽ?
ഓർത്തിട്ട് എന്റെ അടിവയറ്റിൽ നിന്നൊരു ആന്തൽ.
എന്റെ മുഖം വാടുന്നത്,
എല്ലാം എന്നിലർപ്പിച്ചു എന്റെ കൂടെ ഇറങ്ങിത്തിരിച്ച ഏലമ്മ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു.
"എടീ, വൈഫൈ കണക്ട് ആകുന്നില്ല. അത് കണക്ഷൻ കിട്ടാതെ പറ്റില്ല.ഞാൻ വീണ്ടും ശ്രമിച്ചുനോക്കട്ടെ.
അതേ, ടോയ്ലറ്റ് എന്ന് സൈൻ കാണുന്നുണ്ടല്ലോ, അത് ഫോളോ ചെയ്ത് നീ തന്നെ പോയിട്ടുവാ."
എന്നും പറഞ്ഞു ഞാൻ നല്ലപാതി
ഏലമ്മയെ തനിയെ ടോയ്ലറ്റിലോട്ട് പറഞ്ഞുവിട്ടു.
നാട്ടിൽ യാത്ര ചെയ്യുമ്പോൾ KSRTC യുടെ ടോയ്‌ലെറ്റിൽ പോലും ഒറ്റയ്ക്ക് പോകാൻ
പേടിയുള്ളവളാണ് ഏലമ്മ. അവൾ ഒരു പരിചയവുമില്ലാത്ത എയർപോർട്ട് ലോഞ്ചിലെ ടോയ്ലറ്റ് സൈൻ നോക്കി പേടിച്ചു പേടിച്ചുപോകുന്നത് ഞാൻ മനസ്സിൽ ക്കണ്ടു. അവൾ പോയിട്ട് വരുമ്പോഴേക്കും വൈഫൈ കണക്ഷൻ കിട്ടിയാൽ പിന്നെ എളുപ്പം ബൈജുവിന്റെ വീട്ടിലെത്താൻ വഴിതെളിയുമല്ലോ.
അരമണിക്കൂർ കഴിഞ്ഞു.ഫോണിൽ കിടന്ന് കളിച്ച് നേരം പോയതറിഞ്ഞില്ല. എന്നിട്ടും
വൈഫൈ ഇപ്പോഴും എന്നോട് പിണങ്ങി നിൽക്കുകയാണ്. ഫോണിന്റെ സെറ്റിങ്സിൽ ഉള്ള എന്തോ കുഴപ്പമായിരിക്കും. ബൈജുവിനെ വിളിക്കാം എന്ന ആശ മങ്ങി ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു തല പുകഞ്ഞു
കൊണ്ടിരുന്നപ്പോഴാണ് ഞാൻ ഓർത്തത്, ദൈവമേ! ടോയ്‌ലെറ്റിൽ പോയ ഏലമ്മയെ കാണുന്നില്ലല്ലോ?
അവൾ പോയിട്ട് അരമണിക്കൂറിൽ കൂടുതൽ ആയല്ലോ.
നാട്ടിലെ പബ്ലിക് ടോയ്ലറ്റ് ആണെങ്കിൽ നാറ്റം കാരണം മനുഷ്യൻ കാര്യം സാധിച്ചിട്ട് വേഗം ഇറങ്ങിയോടും. ഇത് അമേരിക്കയല്ലേ.
അവളിനി ഇവിടുത്തെ ടോയ്‌ലെറ്റിന്റെ സൗന്ദര്യം കണ്ട് മയങ്ങി അതിലെങ്ങാനും പരിസരം മറന്ന് നിൽപ്പാണോ?
അതോ ടോയ്ലറ്റ് ൽ നിന്നും ഇറങ്ങി വന്ന അവൾ വഴിതെറ്റി എന്നെ കാണാതെ എതിലെ എങ്കിലും കറങ്ങി നടപ്പുണ്ടോ?
അമേരിക്കയിൽ പോകുവല്ലേ, കുറയ്ക്കാൻ പറ്റുമോ എന്നും പറഞ്ഞു പണയം വച്ചിരുന്ന മുഴുത്ത സ്വർണ്ണ മാലയൊക്കെയാണ് കഴുത്തിൽ ഇട്ടോണ്ട് അവൾ വന്നിരിക്കുന്നത്. ശബരിമല അയ്യപ്പന്റെ സ്വർണ്ണം വരെ തട്ടുന്ന കാലമാണ്.
ഈശോയെ വല്ലവരും അവളെ പിടിച്ചോണ്ടുപോയോ? അവളുടെ കഴുത്തിൽ കിടന്ന മാല?
ദുർചിന്തകൾ,കച്ചിത്തുറുവിന്റെ മൂട്ടിൽ വീണ തീപ്പൊരിപോലെ എന്റെ മനസ്സിൽ കിടന്ന് പുകയാൻ തുടങ്ങി.
ഒന്ന് ചെന്ന് അന്വേക്ഷിക്കാം എന്ന് വച്ചാൽ ഈ പെട്ടികളെല്ലാം തള്ളിക്കൊണ്ട് എങ്ങനെ ടോയ്ലറ്റ് എവിടാണെന്ന് തപ്പിക്കണ്ടു പിടിക്കും? അല്ലെങ്കിൽ പെട്ടികൾ അവിടെ ഇട്ടേച്ചു ഏലമ്മയെ തപ്പി എങ്ങനെ പോകും? അതുമതി അവിടെ ആളില്ലാത്ത ലഗേജ് സെക്യൂരിറ്റി കണ്ടുപിടിച്ച് അലേർട്ട് ഉണ്ടാക്കിയാൽ അവരെന്നെ വെറുതെ വിടുമോ?
എന്തായാലും ഏലമ്മയെകണ്ടുപിടിച്ചേ പറ്റൂ. അല്ലെങ്കിൽ അവരുടെ വീട്ടുകാർ പറയും ഭാര്യയെ ഞാൻ അമേരിക്കയിൽ കൊണ്ടുപോയി കളയാൻ പോയതാണെന്ന്.
അവളെ വേഗം കാണിച്ചുതന്നാൽ
മലയാറ്റൂർമല ചവുട്ടിക്കൊള്ളാമേ
മുത്തപ്പാ എന്ന് പ്രാർഥിച്ചുകൊണ്ട് ചുറ്റും പരതിയപ്പോഴാണ് ഒരു സെക്യൂരിറ്റിക്കാരൻ അതിലെ വന്നത്.
ഞാൻ അയാളോട് വിവരം പറഞ്ഞു.
എന്റെ ഭാര്യ ടോയ്ലറ്റ് ൽ പോയതാണ്. കുറെ നേരമായി. ഇതുവരെ തിരിച്ചു വന്നില്ല.
രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോൾ എങ്ങനെയോ ഞാൻ പറഞ്ഞതിന്റെ ചുരുക്കം അയാൾക്ക് മനസ്സിലായി.
ഒക്കെ,വാട്ട് ഈസ് യുവർ വൈഫ്‌സ്
നെയിം ?
ഞാൻ പറഞ്ഞു, നെയിം ഏലമ്മ.
ശരിക്ക് മനസ്സിലായില്ലായിരിക്കും, അയാൾ വീണ്ടും ചോദിച്ചു.
സോറി, വാട്ട്?
ഞാൻ വീണ്ടും പറഞ്ഞു, ഏലമ്മ.
അയാൾ ഉടനെ തന്റെ റേഡിയോയിൽ കൂടി അനൗൻസ് ചെയ്തു.
"അറ്റൻഷൻ പ്ലീസ്.
അമേരിക്കൻ എയർ ലൈൻ പാസ്സെൻജർ
എളേമ്മ. എളേമ്മ,
റിപ്പോർട്ട് ടു സെക്യൂരിറ്റി ഡസ്ക് ഇമ്മീഡിയേറ്റലി."
രണ്ടു പ്രാവശ്യം അയാൾ വയർ ലെസ്സ് വഴി ഇത് റിപ്പീറ്റ് ചെയ്തു.
ശ്ശോ,അയാൾ പറയുന്നത്
ഏലമ്മ എന്നല്ല എളേമ്മ എന്നാണല്ലോ.
ഞാൻ അയാളെ ചെന്ന് തിരുത്താൻ നോക്കി, നോട്ട് എളേമ്മ,
ഏലമ്മ.
ഐ നോ,ഐ നോ,എന്നും പറഞ്ഞു അയാൾ വീണ്ടും വിളിച്ചു.
"എളേമ്മ, എളേമ്മ, പ്ലീസ് കം ടു സെക്യൂരിറ്റി ഡസ്ക്."
ഇവനെയൊക്കെ എന്താ ചെയ്ക?
എളേമ്മ, എളേമ്മ എന്ന് വിളിച്ചാൽ ഏലമ്മ കേട്ടാൽ തന്നെയും അവളെ അല്ല തിരക്കുന്നത് എന്നല്ലേ കരുതു.
പേര് ഏലമ്മ എന്നാണ് എന്ന് ഇവരോട് പറഞ്ഞാലും മനസ്സിലാകില്ലേൽ എന്തുചെയ്യും?
വല്ലനാട്ടിലുമുള്ള ഇവരോടൊക്കെ തട്ടിക്കേറാൻ പോയാൽ അതുമതി അകത്താക്കാൻ.
അല്ല,എന്നെ തപ്പിനടക്കുകയാണെങ്കിൽ ഏലമ്മയ്ക്ക് എന്തുകൊണ്ട് സെക്യൂരിറ്റിയോട് പറഞ്ഞു എന്നെ കണ്ടുപിടിക്കാൻ ശ്രമിച്ചുകൂടാ?
അതോ അവൾ ശ്രമിച്ചിട്ടും ഫലം കാണാഞ്ഞതാണോ?
മിനിറ്റുകൾ മുന്നോട്ട് പോകുംതോറും
ഏലമ്മയെ കണ്ടുകിട്ടാതെ
ചിന്താഭാരത്താൽ എന്റെ ഭയവും ഉൽഘണ്ടയും ഇരട്ടിച്ചു. ദൈവമേ അവൾക്കെന്തായിരിക്കും പറ്റിയത്?
"സീ മിസ്റ്റർ, നോ റെസ്പോൺസ്.
യൂവർ വൈഫ് മെയ് ബി കിഡ്നാപ്പ്ഡ്.
ഓർ ഡോമസ്റ്റിക് വയലൻസ് മെയ് ബി ദി റീസൺ ഷീ നോട്ട് കമിംഗ് ബാക്ക്.
യൂ ആൻഡ് വൈഫ് എനി പ്രോബ്ലം?
ഐ ആം റിപ്പോർട്ടിങ് പോലീസ്."
യൂ വെയിറ്റ് ഹിയർ."
ഇത്രയും പറഞ്ഞിട്ട് അയാൾ പോകുന്നത് കണ്ടപ്പോൾ എനിക്കു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പെട്ടെന്ന് കൂടുന്നതുപോലെ
എനിക്കുതോന്നി. വീഴും എന്ന് തോന്നിയ ഞാൻ തലയ്ക്ക് കൈതാങ്ങിക്കൊണ്ട് പെട്ടിയുടെ പുറത്ത് ഇരുന്നു.
എന്റെ ഏലമ്മേ, നിനക്ക് എന്താണ് പറ്റിയത്?
സെക്യൂരിറ്റി ഓഫീസർ പറഞ്ഞ കേട്ടില്ലേ ഡോമസ്റ്റിക് വയ്ലെൻസ്
ആയിരിക്കുമെന്ന്.
എന്തെല്ലാം കഥകളാണ് ഇനി ഇവർ ഉണ്ടാക്കാൻ പോകുന്നത്? ഈ നാട്ടിൽ വന്ന് ജയിലിൽ കിടത്താനാണോ ദൈവമേ നീ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്?
കാര്യങ്ങൾ കൈവിട്ടുപോയി. അമേരിക്കൻ പോലീസ് ഇപ്പോൾ വരും. എന്നെ കസ്റ്റഡിയിൽ എടുത്ത് കൊസ്റ്റിയൻ ചെയ്യും.
പെട്ടുപോയല്ലോ ഈശ്വരാ
എന്ന് മനസ്സാ വിലപിച്ച് കുമ്പിട്ടിരുന്നു മൂക്കു പിഴിഞ്ഞുകൊണ്ടിരുന്നപ്പോഴാണ്
അൽപ്പം ദൂരെ നിന്നും ഒരു സംസാരം കേട്ടത്.
" എന്റെ എളേമ്മേ, ഞങ്ങള്
കുറെ നേരം തപ്പി കേട്ടോ,ഫ്ലൈറ്റ് ലാൻഡ് ചെയ്തിട്ട് നേരം കുറെ ആയല്ലോ. കാണാതായപ്പോൾ അൽപ്പം വിഷമിച്ചു. ഇപ്പോഴെങ്കിലും എളേമ്മേ കണ്ടുകിട്ടിയത് നന്നായി അല്ലേ സുനിൽ? "
ങ്‌ഹേ, ആരോ അവിടുന്ന് മലയാളം ആണല്ലോ പറയുന്നത്. ഞാൻ തലതിരിച്ചു അങ്ങോട്ട് ശ്രദ്ധിച്ചു.
" അല്ല, സുനിൽ, നമ്മൾ എളേമ്മയെ തപ്പുകയാണെന്ന് സെക്യൂരിറ്റി അറിഞ്ഞാരുന്നോ, അയാള് വയർ ലെസ്സിൽ എളേമ്മേ, എളേമ്മേ എന്ന് വിളിക്കുന്നത് കേട്ടല്ലോ? "
ആ പെണ്ണ് പറഞ്ഞത് കേട്ട് സുനിൽ അവളെ നോക്കി കണ്ണുമിഴിച്ചപ്പോൾ മറുപടി പറഞ്ഞത് കൂടെ നിന്ന മറ്റേ സ്ത്രീയാണ്.
അതേ, "എളേമ്മ, എളേമ്മ സെക്യൂരിറ്റി ഡെസ്ക്ക്,"
അയ്യാൾ മൈക്കിൽകൂടി പറഞ്ഞതിൽ ഇത്രയും എനിക്ക് പിടികിട്ടി.
അങ്ങനെ ഞാൻ സെക്യൂരിറ്റി ഡസ്ക് തപ്പി വരുന്ന വഴിക്കല്ലേ നിങ്ങളെ ഇവിടെ വച്ച് കണ്ടത്. മോളെ സുമതി നിങ്ങൾ അയാളെക്കൊണ്ട് മൈക്കിൽ എന്നെ വിളിപ്പിച്ചത് നന്നായി കേട്ടോ.
അല്ലെങ്കിൽ നിങ്ങളെ ഞാൻ ഇപ്പോഴും കാണുകേലാരുന്നു.
ആ സ്ത്രീ കൂടെയുള്ള ചെറുപ്പക്കാരിയോടും പുരുഷനോടും മലയാളത്തിൽ സംസാരിക്കുകയാണ്.ആ സ്ത്രീയുടെ വേഷം കണ്ടിട്ട് അവർ ഒറ്റയ്ക്ക്
നാട്ടിൽ നിന്നും കുറച്ച് മുൻപെങ്ങാണ്ട് വന്നിറങ്ങിയതേ യുള്ളൂ എന്ന് തോന്നി.
അവർ മൂവരും ,സന്തോഷത്തോടെ പുറത്തേയ്ക്കുള്ള വഴിയിൽ നീങ്ങി തുടങ്ങിയപ്പോൾ കെട്ടുപോയ എന്റെ ബുദ്ധിയിൽ പെട്ടെന്ന് വെട്ടം മിന്നി.
അവരെ വിടരുത്.
അവർ ആൾക്കൂട്ടത്തിൽ കണ്ണിൽ നിന്നും മറയുന്നതിനു മുൻപേ അവരുടെ അടുത്തേയ്ക്ക് ഞാൻ പെട്ടിയും തള്ളിക്കൊണ്ട് ഓടി.
അവരുടെ ഫോൺ ഉപയോഗിച്ച് എന്റെ അനന്തിരവൻ ബിജുവിനെ വിളിക്കാൻ കഴിഞ്ഞേക്കും.ഏലമ്മയെ കാണുന്നില്ലന്ന് അവനോട് പറയണം. അവൻ എത്രയും വേഗം പോലീസിൽ പറയട്ടെ.
ഞാൻ വേഗം സർവ്വശക്തിയും സംഭരിച്ചു
ആളുകളെ തട്ടിമാറ്റി,
പെട്ടികളും ഉരുട്ടിക്കൊണ്ട്
ആ മലയാളികളുടെ അടുത്തേയ്ക്ക് ചെന്നപ്പോഴാണ് മറുവശത്ത് നിന്നും
" അയ്യോ ഒന്നു നിൽക്കണേ" എന്ന് നേർത്ത ഒരു സ്ത്രീരോദനം കേട്ടത്.
നോക്കിയപ്പോഴുണ്ട് പേടിച്ചു വിരണ്ട് വാടിത്തളർന്ന മുഖവുമായി അതാ അവിടെ നിന്നും പാഞ്ഞു വരുന്നു ഏലമ്മ!
അവളുടെ ദൃഷ്ട്ടി മുഴുവനും ആ മലയാളികളിലായിരുന്നത് കാരണം അവൾ എന്നെ കണ്ടില്ല.
അടുത്ത് വന്നതിനു ശേഷം അവൾ എന്നെക്കണ്ടതും ഒരു പൊട്ടിക്കരച്ചിൽ.
എങ്ങനെ കരയാതിരിക്കും?
ആൾക്കൂട്ടത്തിൽ എന്നെ തപ്പിനടന്നു വഴിതെറ്റി വലഞ്ഞ അവളും ദൈവ ദൂതുപോലെ മലയാളം കേട്ടു, അത് കേട്ടിടത്തേയ്ക്ക് ഓടിവന്നതാണ്.
അമേരിക്കൻ മണ്ണിൽ നിന്നും വിമാനങ്ങളുടെ ഇരമ്പലിൽ ശബ്ദാ യമാനമായ അന്തരീക്ഷത്തിൽ
കേട്ട മലയാള ശബ്ദമാണ് എന്നെയും ഏലമ്മയെയും രക്ഷിച്ചത്.
ഒന്ന് മനസ്സിലായി. മലയാളം അറിഞ്ഞാൽ മതി. ലോകത്ത് എവിടെപ്പോയാലും പിടിച്ചു നിൽക്കാം.അല്ലേ ...?