
ചൈന യുഎസിൽ നിന്ന് വൻ തോതിൽ സോയാ ബീൻസ് ഉൾപ്പെടെയുള്ള കാര്ഷികോത്പന്നങ്ങൾ വാങ്ങുമെന്നും അവരുടെ മേലുള്ള തീരുവ താൻ 10% കണ്ടു കുറയ്ക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു.
സൗത്ത് കൊറിയയിലെ ബുസാനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി നടത്തിയ ചർച്ചയിൽ 'ഒട്ടു മിക്കവാറും എല്ലാ കാര്യങ്ങളിലും യോജിപ്പുണ്ടായി' എന്നു മടക്ക യാത്രയിൽ എയർ ഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു.
ലോകം ഉറ്റു നോക്കിയ കൂടിക്കാഴ്ചയിൽ റെയർ എര്ത് മിനറൽസ്, ഫെന്റണിൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലും ധാരണയായെന്നു അദ്ദേഹം വ്യക്തമാക്കി.
ഏപ്രിലിൽ ബെയ്‌ജിംഗ് സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് ആണവ പരീക്ഷണങ്ങൾ ചൈനയുടെയും റഷ്യയുടെയും തുല്യമായ നിലയിൽ മാത്രമേ നടത്താവൂ എന്നു പെന്റഗണിനു നിർദേശം നൽകിയതായി ഷിയെ കാണുന്നതിനു മുൻപ് ട്രംപ് അറിയിച്ചിരുന്നു.
പ്രതികരിച്ചു ചൈന
യുഎസിലേക്കുള്ള റെയർ ഏർത്സ് കയറ്റുമതിക്കു ഏർപ്പെടുത്തിയ നിയന്ത്രണം മരവിപ്പിക്കുമെന്നു അതിൽ കുത്തകയുള്ള ചൈന പ്രതികരിച്ചു. യുഎസ് കപ്പലുകൾക്ക് കനത്ത ഫീ ഏർപ്പെടുത്തിയത് പിന്വലിക്കയും ചെയ്യും.
ഷിയിൽ നിന്നു വളരെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നു ട്രംപ് പറഞ്ഞു. "യുഎസ് ഉത്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ഒരു ദിവസം മുൻപ് തന്നെ ഉത്തരവിട്ടിരുന്നു. "മിക്കവാറും എല്ലാ കാര്യങ്ങളിലും ഞങ്ങൾ യോജിച്ചു. സോയാബീൻ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ചൈന ഉടൻ തന്നെ ഭീമമായ തോതിൽ വാങ്ങും."
ചൈനയുടെ മേൽ ട്രംപ് തീരുവ ചുമത്തിയപ്പോഴാണ് അവർ സോയാബീൻ വാങ്ങുന്നത് നിർത്തി വച്ചത്. അതോടെ യുഎസ് കർഷകർ വെട്ടിലായി. കർഷകരെ സഹായിക്കാൻ ട്രംപ് ആലോചിച്ചെങ്കിലും സർക്കാർ അടച്ചു പൂട്ടിയതോടെ അക്കാര്യം അസാധ്യമായി.
സോയാബീൻ കൃഷിയിൽ വമ്പനാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ്. അദ്ദേഹത്തിനു സോയാബീൻ-കോൺ കൃഷിയിൽ $25 മില്യൺ വരുമാനമുണ്ട്.
Total agreement with China, says Trump