
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ ഇലക്ഷനും അടുത്തിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനമോഹികള്‍ നേരത്തെ തന്നെ വടംവലി തുടങ്ങിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും കലപില ഉണ്ടായതായാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കേരള മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവരാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കൂടുതല്‍ സമയം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കേണ്ട കെ.സി വേണുഗോപാല്‍ ഈയിടെയായി കേരളത്തിലെ പൊതു പരിപാടികളില്‍ നിത്യ സാന്നിധ്യമാവുന്നത് മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണത്രേ.
ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ''ഞാന്‍ കേരളത്തിലല്ലേ. ആലപ്പുഴയില്‍ നിന്ന് ജനങ്ങള്‍ ജയിപ്പിച്ച എം.പിയല്ലേ. കേരളത്തില്‍ ഞാന്‍ സജീവമായി ഉണ്ടാവും. പക്ഷേ ഏതെങ്കിലും കസേര നോക്കിക്കൊണ്ടുള്ള സജീവത്വമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്തി, പാര്‍ട്ടിയെ വിജയിപ്പിക്കാന്‍, യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള സജീവത്വമാണ്. ഞാന്‍ കേരളത്തില്‍ സജീവമായിട്ട് ഉണ്ടാവുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ വേണ്ടിയാണ്. വീണ്ടും പറയുന്നു, ഏതെങ്കിലും കസേര നോക്കിയിട്ടല്ല ഞാന്‍ സജീവമാകുന്നത്...'' എന്നായിരുന്നു കെ.സി വേണുഗോപാല്‍ പറഞ്ഞത്.
അതേസമയം, കെ.പി.സി.സി ഭാരവാഹികളുടെ പുനസംഘടനയോടെ, കെ.സി വേണുഗോപാല്‍ നയിക്കുന്ന പുതിയ അധികാര ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ ജംബോ പുനഃസംഘടനയില്‍ 16 ജനറല്‍ സെക്രട്ടറിമാര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, നിരവധി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, യൂത്ത് കോണ്‍ഗ്രസിന്റെ നിയന്ത്രണവും കെ.സി ഗ്രൂപ്പിന്റെ കൈകളിലാണിപ്പോള്‍.
മാത്യു കുഴല്‍നാടന്‍, ഡി സുഗതന്‍, രമ്യ ഹരിദാസ്, റോയ് കെ പൗലോസ്, ജയ്സണ്‍ ജോസഫ് തുടങ്ങിയ കെ.പി.സി.സി വൈസ് പ്രസിഡന്റമാരും പഴകുളം മധു, എം.എം നസീര്‍, പി.എം നിയാസ്, നെയ്യാറ്റിന്‍കര സനല്‍, പി.എ സലീം, കെ.പി ശ്രീകുമാര്‍, ജോസി സെബസ്റ്റ്യന്‍, എം.പി വിന്‍സെന്റ്, എം.ജെ ജോബ്, മണക്കാട് സുരേഷ്, അനില്‍അക്കര, എം.ആര്‍ അഭിലാഷ്, കറ്റാനം ഷാജി, വിദ്യാ ബാലകൃഷ്ണന്‍, ലക്ഷമി ആര്‍, സോണിയ ഗിരി തുടങ്ങിയ ജനറല്‍ സെക്രട്ടറിമാരും കെ.സി പക്ഷക്കാരാണ്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും കെ.സി പിടിമുറുക്കിയിരിക്കുകയാണ്. 22 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 6 പേര്‍ ഇപ്പോള്‍ കെ.സിയുടെ വിശ്വസ്തരാണ്. രമേശ് ചെന്നിത്തലയെ 5 പേരും 'എ' ഗ്രൂപ്പിന് 3 പേരും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ രണ്ടു പേരുമാണ് പിന്തുണയ്ക്കുന്നത്. രണ്ട് എം.എല്‍.എമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയില്‍ പിടിമുറുക്കുക എന്ന നിലപാടോടെ, പുനഃസംഘടനയില്‍ വേണുഗോപാല്‍ ജാഗ്രതയോടെയാണ് ഇടപെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തായാലും, മുഖ്യമന്ത്രി മോഹികളായ നേതാക്കള്‍ ഹൈക്കമാന്‍ഡിന് തലവേദനയായ സ്ഥിതിക്ക് കേരളത്തില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലെന്നും അതിന്റെ പേരില്‍ നേതാക്കള്‍ പോരടിക്കേണ്ടെന്നുമാണ് ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കെ സുധാകരന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കളുമായി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിലെ നേതാക്കള്‍ പരസ്പരം പോര് നിര്‍ത്തിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടുന്നതിന് പകരം നേതാക്കള്‍ തമ്മിലടിക്കുന്നത് ഘടക കക്ഷികളെ ചൊടിപ്പിച്ചിട്ടുമുണ്ട്.
അമ്പലക്കൊള്ള ഉള്‍പ്പെടെ പിണറായി സര്‍ക്കാരിനെതിരായ കടുത്ത ഭരണവിരുദ്ധ വികാരം മുതലാക്കാന്‍ പറ്റിയ സുവര്‍ണാവസരമാണ് കോണ്‍ഗ്രസിന് കൈവന്നിരിക്കുന്നത്. മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ് മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ സംസ്ഥാനത്ത് തൃപ്തികരമല്ലെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. ബി.ജെ.പി സംസ്ഥാനത്ത് ശക്തിയാര്‍ജ്ജിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാകുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിജയ സാദ്ധ്യത മാത്രം മുന്നില്‍ക്കണ്ടാകും തീരുമാനിക്കുക. കൂട്ടായ നേതൃത്വം എന്ന നിര്‍ദ്ദേശം കേരളത്തില്‍ നടപ്പാവുന്നില്ലെന്ന് എ.ഐ.സി.സി വിമര്‍ശിച്ചിട്ടുണ്ട്.
സമര പ്രചാരണങ്ങളില്‍ മിക്ക നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമ പ്രസ്താവനകള്‍ക്കപ്പുറം താഴെത്തട്ടില്‍ പ്രവര്‍ത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിര്‍മിതിയില്‍ മാത്രമാണ് നേതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്. എ.ഐ.സി.സി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയിലെ ഏകോപനം വര്‍ധിപ്പിക്കാനും, സുപ്രധാന തീരുമാനങ്ങളെടുക്കാനും കോര്‍ കമ്മിറ്റി രൂപീകരിക്കും. പ്രധാന നേതാക്കളെല്ലാം കമ്മിറ്റിയിലുണ്ടാകും. തദേശ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി മുന്നോട്ടു വച്ച പ്രചാരണ പദ്ധതിക്ക് എ.ഐ.സി.സി ചില ഭേദഗതികളോടെ അംഗീകാരം നല്‍കിയിരുന്നു.
പാര്‍ട്ടി ജയിക്കും മുന്‍പേ മുഖ്യമന്ത്രിയാകാന്‍ ചിലര്‍ മത്സരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നില്‍ ഉയര്‍ന്ന പരാതി. എന്നാല്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയ സ്ഥിതിക്ക് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. നവംബര്‍ ഒന്ന് മുതല്‍ കേരളത്തില്‍ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.പി.സി.സി തുടക്കം കുറിക്കും. തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ നേതാക്കള്‍ക്ക് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. പൂര്‍ണ ഐക്യത്തോടെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പില്‍ പോരാടണമെന്ന് എ.ഐ.സി.സി നേതൃത്വം കേരള നേതാക്കളോട് ആവശ്യപ്പെട്ടു. അനുസരണയുണ്ടെങ്കില്‍ നന്ന്...