
ആരാണ് ഞാനീ
പ്രപഞ്ച വനികയിൽ
ആരുമേയല്ലാത്ത
കേവല ധൂളി പോൽ !
ആദരിച്ചീടുവാനാ -
ണെങ്കിൽ എത്രയോ
ആദർശ ശാലികൾ
മേവുമീ ഭൂമിയിൽ ?
ആദിയിലേതോ
വികാസ വിസ്ഫോടന -
മാകെ പടർത്തിയ
മേഘ നെബുലകൾ
ആകർഷണത്തിന്റെ -
യച്ചുതണ്ടിൽ ചുറ്റു -
ആയിരം കോടികൾ
താരാ പഥങ്ങളായ്
ആയതിൽ നിന്നൊരു
സൂര്യ താരാട്ടിന്റെ
ആവേശമെന്നെ -
യുണർത്തിയോ ഭൂമിയിൽ. ?
ആരും തിരിഞ്ഞു
നോക്കാതെ സമാനങ്ങ -
ളാകാശ ഗംഗയിൽ
പോലും അലയവേ
ആരുടെ മാറിലെ
ചൂടിന്റെ ചുംബന
മാശ്വാസമായിയെൻ
വായു കുമിളയിൽ
ആടിയുറങ്ങുമ്പോ -
ളമ്മ താരാട്ടുന്നോ -
രാദി താളത്തിന്റെ
യത്ഭുത ശീലുകൾ.
ആരും തിരിച്ചറി -
യാത്ത യുഗങ്ങളിൽ
ആരുമാവാതെ -
യലഞ്ഞ നെബുലകൾ
ആകാശ ഗംഗയായ്
സൂര്യനായ് ഭൂമിയായ്
ആരുമല്ലാത്തൊരീ
ഞാനായി വന്നുവോ ?