
ഞങ്ങളുടെ വാഴകൃഷി പരാജയപ്പെട്ട സ്ഥലം കൂടി ഉൾക്കൊള്ളുന്നതാണ് രണ്ടേക്കറോളം വിസ്‌തൃതിയുള്ളവാങ്ങിയ സ്ഥലം. ഒരിക്കൽ ഒരു കൈ കൊണ്ട് തല്ലിയ കാലം തന്നെ മറ്റൊരിക്കൽ മറു കൈ കൊണ്ട്തലോടുകയാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു.
വലിയ ഉരുളൻ കല്ലുകൾ അങ്ങിങ്ങായി കാണപ്പെടുന്ന ഒരു കുന്നിൻ ചരിവായിരുന്നു ഈ സ്ഥലം. താഴ്‌വരഅവസാനിക്കുന്നിടം നല്ല പളുങ്കു വെള്ളം കുണുങ്ങിയൊഴുകുന്ന ഒരു തോടായിരുന്നു. ഈ തോട്ടിൽ നിന്ന് ' കുത്തുവല ' എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം വല ഉപയോഗിച്ച് മിക്ക ദിവസങ്ങളിലും ഞങ്ങൾ കുടുംബമായിമീൻ പിടിച്ചിരുന്നു. വർഷത്തിലെ മിക്ക സീസണിലും ഞങ്ങൾക്കാവശ്യമുള്ള മീൻ ഈ തോട്ടിൽ നിന്ന്ലഭിക്കുമായിരുന്നു.I
കൂലിപ്പണിക്കാരനായ പത്രുവും കുടുംബവുമായിരുന്നു ഞങ്ങളുടെ അയൽക്കാർ. ഒരു വീട്ടിലെഅംഗങ്ങളെപ്പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. പത്രുവിന് ഭാര്യ മാറിയക്കൊച്ചും, നാല് കുട്ടികളും, അമ്മയുംഅടങ്ങുന്ന കുടുംബം. പത്രുവിന്റെ പെൺകുട്ടികൾ കുഞ്ഞാമ്മിണിയും, അപ്പുക്കിളിയും, കുഞ്ഞുവും കൂടി തോട്ടിലേക്കുള്ള ഓട്ടവും, ചാട്ടവും, തുണിയലക്കലും, മീൻ പിടുത്തവും ഒക്കെയായി ഞങ്ങളുടെ താഴ്‌വാരത്ത്ശബ്ദ മുഖരിതമായ ഒരന്തരീക്ഷം സൃഷ്ടിച്ചിരുന്നു.. പത്രുവിന്റെ മകൻ ജോമോനായിരുന്നു എന്റെ സഹായി. എനിക്ക് ബീഡിയും തീപ്പെട്ടിയും വാങ്ങിത്തരുന്നത് അവനായിരുന്നു. ഓരോ ട്രിപ്പിനും പത്തു പൈസയായിരുന്നുഅവന്റെ ടിപ്പ്. അക്കാലത്ത് പ്രതിദിനം മുപ്പത്തി രണ്ട് വീതമുള്ള രണ്ടു കേട്ട്, അതായത് അറുപത്തി നാല് ബീഡിഞാൻ വലിച്ചിരുന്നു എന്നത് കൊണ്ട് ജോമോന്റെ മിഠായി വാങ്ങൽ സുഗമമായി നടന്നിരുന്നു.
പത്രുവിന്റെ 'അമ്മ ശുശാമ്മാമ്മ ഒരു കാൽ നഷ്ടപ്പെട്ടു വടിയുടെ സഹായത്താലാണ് നടന്നിരുന്നത്. എന്റെഭാര്യയേയും, ഒന്നര വയസ്സുള്ള മകളെയും കണ്ട് അമ്മാമ്മ പൊട്ടിക്കരഞ്ഞു." ഈ പൊന്നും കൊടങ്ങളെകൊല്ലാനാണോ ഈ മലയിലേക്ക് കൊണ്ട് വന്നത് "എന്നാണ് അമ്മാമ്മയുടെ ചോദ്യം. വിശദീകരണത്തിൽ, എന്റെസ്ഥലത്തിന്റെ ഏറ്റവും മുകളിൽ പുളിങ്കുന്ന് എസ്റ്റേറ്റിന്റെ ഭാഗമായിട്ടുള്ള പാലക്കുന്നിൽ ഒരു വലിയ പാലമരംനിൽക്കുന്നുണ്ടെന്നും, ആ പാലയിലേക്ക് രണ്ടര മൈൽ അകലെയുള്ള കൂവള്ളൂർ കാവിൽ നിന്ന് ഒരു പോക്കുവരവ്ഉണ്ടെന്നും, ഒരു തീക്കുടുക്ക ആയിട്ടാണ് സഞ്ചാരമെന്നും, അമ്മാമ്മ പല തവണയും നേരിട്ട് കണ്ടിട്ടുണ്ടെന്നും, ആസഞ്ചാര പാതയുടെ നേരെ അടിയിലാണ് എന്റെ വീട് നിൽക്കുന്നതെന്നും, അതിൽ താമസിക്കുന്നവരെ ഈചെകുത്താൻ തട്ടിക്കളയും എന്നുമാണ് അമ്മാമ്മയുടെ സത്യ സന്ധമായ ആധി.
സംഗതി സത്യമാണെന്നുള്ളതിന് തെളിവായി പത്രുവിന്റെയും, എന്റെയും പട്ടികൾ രാത്രി മുഴുവൻ ഓലിയിട്ടുകുരക്കുന്നത് കേൾക്കാറില്ലേയെന്നും അമ്മാമ്മ ചോദിക്കുമ്പോൾ, അക്കാര്യം ശരിയായിരുന്നു എന്നത് കൊണ്ട്എന്റെ ഭാര്യക്കും ഒരു പേടി തോന്നിത്തുടങ്ങി. എന്തായാലും നേരിടുക തന്നെ എന്ന എന്റെ തീരുമാനംഅനുസരിക്കുകയല്ലാതെ അവൾക്ക് നിവർത്തിയുണ്ടാuയിരുന്നില്ല എന്നത് മാത്രമല്ലാ, എത്രമാത്രംആഗ്രഹിച്ചിട്ടാണ് ഒന്നുമല്ലാതിരുന്ന ഞങ്ങൾ രണ്ടേക്കർ സ്ഥലം സ്വന്തമാക്കി അതിൽ സ്വപ്‌നങ്ങൾ നട്ടുതുടങ്ങിയത് എന്നതും ഒരു വേദനയായി മുന്നിൽ നിന്നിരിക്കണം.
പിറ്റേ ദിവസം രാവിലെ തന്നെ അഞ്ചു ബാറ്ററിയുടെ ഒരു ' എവറെഡി ' ഫ്‌ളാഷ്‌ലൈറ്റ് ഞാൻ വാങ്ങി വച്ചു. ഇതിൽനിന്നുള്ള വെളിച്ചം കൊണ്ട് രണ്ടേക്കർ സ്ഥലത്തിന്റെ മുക്കും, മൂലയും മുറ്റത്തു നിന്നുകൊണ്ട് എനിക്ക് കാണുവാൻസാധിച്ചിരുന്നു. നേരം ഇരുണ്ടു, രാത്രിയായി. എന്റെയും, പത്രുവിന്റെയും പട്ടികൾ മത്സരിച്ചു കുരക്കാൻ തുടങ്ങി. ഇടക്ക് പട്ടികൾ പേടിക്കുന്നത് പോലെ പിൻവലിയുന്നുമുണ്ട്. ഭാര്യയുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട്പുറത്തിറങ്ങിയ ഞാൻ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പട്ടികളെ പിന്തുടർന്ന് കാരണം കണ്ടെത്തി.
സ്ഥലം വാങ്ങുമ്പോൾ തന്നെ അതിൽ ചെറിയൊരു പുരയുണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ ? ജേഷ്ഠാനുജന്മാരുടെ തറവാട്ടുസ്വത്ത് ഭാഗിച്ചപ്പോൾ അനുജന് ലഭിച്ച വീതമായിരുന്നു ഞങ്ങൾ വാങ്ങിയത്. പ്രധാനവീടിനടുത്തുണ്ടായിരുന്ന ' ഉരപ്പുര ' ( ഔട്ട്ഹൌസ് എന്ന് മോഡേൺ നാമം. ) അനുജന്റെ വീതത്തിൽ വന്നത്കൊണ്ട് അത് പൊളിച്ചെടുത്ത് ഇവിടെ പണിഞ്ഞിരിക്കുകയാണ്. ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ചു നാട് വിട്ടഅനുജൻ എവിടെയാണെന്ന് ആർക്കും അറിയില്ലാത്തതിനാൽ അനുജന്റെ ഭാര്യാ പിതാവാണ് ഇക്കാര്യങ്ങളെല്ലാംനോക്കി നടത്തിയിരുന്നതും വസ്തു കുട്ടിക്ക് വേണ്ടി എനിക്ക് വിറ്റതും. യാതൊരു മേൽനോട്ടവും ഇല്ലാതെ നടന്നഈ പൊളിച്ചു പണിയൽ എങ്ങനെ ഒരു പണി വികൃതമാക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു. പൊളിച്ചുകൊണ്ടു വന്ന വെട്ടുകല്ല് കുഴമണ്ണിൽ പണിതു വച്ചതായിരുന്നു ഭിത്തികൾ. കല്ലുകൾക്കിടയിലുള്ളവിടവുകൾ പോലും നേരാം വണ്ണം അടച്ചിരുന്നില്ല. വളരെക്കാലം ആരും വാങ്ങാതെ വിജനമായിക്കിടന്ന ഈപുരയിൽ പാമ്പുകൾ പെറ്റു പെരുകുകയായിരുന്നു. വളകഴപ്പൻ എന്നും വെള്ളിക്കെട്ടൻ എന്നും പേരുള്ളഇനമായിരുന്നു അധികവും. പതിയെ സഞ്ചരിക്കുന്നതും, കടുത്ത വിഷമുള്ളതുമാണ് ഈ ഇനങ്ങൾ. ഞാൻനോക്കുമ്പോൾ രണ്ടു മൂന്നു പാമ്പുകൾ ഭിത്തിയുടെ തലങ്ങും വിലങ്ങും ഇഴഞ്ഞു നടക്കുകയാണ്. ഇത്നോക്കിയിട്ടാണ് പട്ടികൾ പേടിച്ചു കുരച്ചു കൊണ്ടിരുന്നത്.
ഇത്തരം ഒരു പ്രതീക്ഷയില്ലാതിരുന്നതിനാൽ വടിയോ, അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നില്ല? കാട്വെട്ടുന്നതിനുപയോഗിക്കുന്ന ഒരു മുഴത്തിലധികം നീളമുള്ള വാക്കത്തിയാണ് പെട്ടന്ന്മനസ്സിലേക്കോടിയെത്തിയത്. വിളിച്ചു പറഞ്ഞതേ ഭാര്യ വാക്കത്തിയുമായി എത്തി. ഫ്‌ളാഷ് ലൈറ്റിന്റെ കടുത്തവെളിച്ചത്തിൽപ്പെട്ട് ഓടാൻ കഴിയാതെ പതുക്കെ ഇഴഞ്ഞു കൊണ്ടിരുന്ന പാമ്പുകളിൽ രണ്ടെണ്ണത്തിനെവാക്കത്തിയുടെ മാട് ( വായ്‌ത്തലയല്ലാത്ത വശം.) കൊണ്ട് വെട്ടിക്കൊന്നു. ബഹളത്തിനിടയിൽ ഒരെണ്ണം എങ്ങോരക്ഷപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ പാമ്പുകളെ കൊല്ലാൻ വടിയെക്കാൾ മെച്ചം വാക്കത്തിയുടെ മാട്ആണെന്ന് ഞാൻ കണ്ടെത്തി. ടോർച്ചിന്റെ വെളിച്ചത്തിൽ സ്ഥലകാല ഭ്രമത്തിലാവുന്ന പാമ്പിന്റെ കഴുത്തു നോക്കിഒറ്റ വെട്ട്. പാമ്പ് ചത്തു വീണത് തന്നെ.
പിന്നീടുള്ള രാത്രികളിൽ വീടും പരിസരവും ടോർച്ചടിച്ചു പരിശോധിക്കുന്നത് ഞാൻ പതിവാക്കി. ഒരുവർഷത്തിനിടയിൽ നൂറിലധികം വെള്ളിക്കെട്ടൻ പാമ്പുകളെ ഇപ്രകാരം ഞാൻ കാലപുരിക്കയച്ചിട്ടുണ്ട്. ഒരുരാത്രിയിൽ ഞങ്ങളുടെ കോഴിക്കൂട്ടിൽ കയറി മൂന്നു കോഴികളെ കടിച്ചുകൊന്ന പത്തടിയിലധികംനീളമുണ്ടായിരുന്ന ഒരുഗ്രൻ മൂർഖന്റെ മുന്നിൽ നിസ്സഹായനായി ഞാൻ എന്റെ വാക്കത്തിയുമായി നിന്നുപോയി. അവസാനം, നാടൻ തോക്കുണ്ടായിരുന്ന കൊച്ചപ്പനെ ( അപ്പന്റെ അനുജൻ )വിളിച്ചു വരുത്തി വെടി വച്ചിട്ടാണ്അതിനെ കൊന്നത്.
മൂന്നടി നീളമുണ്ടായിരുന്ന ഒരു വെള്ളിക്കെട്ടനോടൊപ്പം ഉറങ്ങിയ ഒരനുഭവവും എനിക്കുണ്ടായി. തഴപ്പായ വിരിച്ചഒരു കയറ്റു കട്ടിലിൽ രാത്രി ഞാനുറങ്ങുകയായിരുന്നു. മലർന്നു കിടന്നിരുന്ന എന്നെ എന്തോ ഒന്ന് മുകളിലേക്ക്തള്ളുന്നതായി എനിക്ക് തോന്നി. ഞങ്ങൾ വളർത്തിയിരുന്ന ഒരു പൂച്ച കട്ടിലിനടിയിൽ വന്ന് അതിന്റെ മുതുകുകൊണ്ട് എന്നെ ഉയർത്തുന്നതാകും എന്നാണ് ഞാൻ കരുതിയത്. ഒരു പൂച്ചക്ക് കട്ടിലിനോളം പൊക്കം ഉണ്ടാവില്ലഎന്ന് ഉറക്കച്ചടവിൽ ഞാൻ ചിന്തിച്ചില്ല. രണ്ടുമൂന്നു തവണ ഇതാവർത്തിച്ചപ്പോൾ എനിക്ക് ദേഷ്യം വരികയും, എന്റെ പുറം ഉയർത്തിയും, താഴ്‌ത്തിയുമായി രണ്ടുമൂന്നു വട്ടം പൂച്ചയെ ഞാൻ ഇടിക്കുകയും ചെയ്തു. പെട്ടെന്ന്എന്റെ പുറത്തിനടിയിൽ ജ്ജടുതിയിലുള്ള ഒരു പുളച്ചിൽ അനുഭവപ്പെട്ട ഞാൻ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. തഴപ്പായയുടെ മിനുസ്സത്തെ അതിജീവിച്ചു മുന്നോട്ടും, പിന്നോട്ടും നീങ്ങാനാവാതെ ഒരു വെള്ളിക്കെട്ടൻ പായയിൽപുളയുകയാണ്. വാക്കത്തി പ്രയോഗത്താൽ അതിനെയും വകവരുത്തി. എത്ര നേരം എന്നോടൊപ്പം അത്കിടന്നിട്ടുണ്ടാവും എന്നും, എന്റെ പുറം കൊണ്ട് പല തവണ ഞാൻ അതിനെ ഇടിച്ചിട്ടും അത് എന്നെയോ, തൊട്ടടുത്ത കട്ടിലിൽ ഉറങ്ങിയിരുന്ന എന്റെ കുടുംബത്തെയോ കടിച്ചില്ലാ എന്നതും എന്നെന്നും എന്നെ ചൂഴ്ന്നുനിന്നിരുന്ന ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത്.
പാമ്പ് ശല്യം ഒഴിവായതോടെ പട്ടി കുരയും ഇല്ലാതായി. ശുശാമ്മാമ്മ കണ്ടുവെന്ന് പറയുന്ന ചെകുത്താൻതീക്കുടുക്ക കൂവളളൂർക്കാവിൽ നിന്ന് പാലക്കുന്നിലെ വലിയ പാലയിലേക്ക് ഞങ്ങളുടെ വീടിനു മുകളിലൂടെ ഒരുപക്ഷെ ഇന്നും സഞ്ചരിക്കുന്നുണ്ടാവാം; ഇത് വരെ ഞങ്ങൾ കണ്ടിട്ടില്ല. കണ്ടുവെന്ന് പറയുന്ന ശൂശാമ്മാമ്മയും കാല യവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞിട്ട് കാലമെത്ര ആയിരിക്കുന്നു !
. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ‘ പാടുന്നു പാഴ്മുളം തണ്ടു പോലെ ‘ എന്ന അനുഭവ വിവരണ ഗ്രന്ഥത്തിൽ നിന്ന്