Image

ശ്രീ ശിവൻകുട്ടിയും, പി.എം.ശ്രീയും...(ഷുക്കൂർ ഉഗ്രപുരം)

Published on 31 October, 2025
ശ്രീ ശിവൻകുട്ടിയും, പി.എം.ശ്രീയും...(ഷുക്കൂർ ഉഗ്രപുരം)

‘പിഎം ശ്രീ സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നത് കാണിച്ചുതന്നു, മാതൃകാ സ്കൂളുകളായി ഉയർന്നു വരും.’  

'പിഎം ശ്രീ സ്കൂൾസ്: ഫ്രെയിംവർക്,' (ഗവണ്മെന്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയ),ഡോക്യൂമെന്റ് ഭാഗം ഒന്നിലും രണ്ടിലും യാതൊരു അർത്ഥ ശങ്കക്കുമിടയില്ലാതെ, പലപ്രാവശ്യം പറഞ്ഞ കാര്യമാണ് മേലുള്ളത്. മൊത്തം 230 പേജുകളുള്ള ഈ രണ്ട് ഭാഗങ്ങളും വായിച്ചാൽ, ‘എൻ ഇ. പി 2020’ നയം ഇന്ത്യയിൽ ആകമാനം നടത്താൻ ഉണ്ടാക്കിയ ഒരു വഴിയാണ് പി-എം-ശ്രീ എന്ന് കാണാൻ കഴിയും.

എങ്ങിനെയാണ് ഈ സ്കൂളുകളെ തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിൽ നിന്നു തുടങ്ങുകയാണെങ്കിൽ, ഡോക്കുമെന്റ് പാർട്ട് 1, p..9 ൽ കുറച്ചു ക്വാളിഫിക്കേഷൻസ് പറയുന്നുണ്ട്. റാംപുകളുള്ള, സേഫ്റ്റി ഓറിയെന്റഷന് ഉള്ള, സ്റ്റേറ്റ് ആവറേജിനെക്കാളും എൻറോൾമെൻറ് ഉള്ള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകളുള്ള സ്കൂളുകൾ ആണ്, ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നത്, തിരഞ്ഞെടുക്കപ്പെടുന്നത്. 
അതായത്, ഏതെങ്കിലും സ്കൂളുകളല്ല, മറിച്ചു ഇപ്പോൾത്തന്നെ അത്യാവശ്യം നല്ല സൗകര്യമുള്ള സ്കൂളുകളെ മാത്രമേ ആദ്യഘട്ടത്തിൽ പോലും തിരഞ്ഞെടുക്കുകയുള്ളൂ.

ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം, ഈ ഡോക്യൂമെന്റ് ഒന്ന് കണ്ണോടിച്ചാൽ തന്നെ മനസ്സിലാകും, കേരളം, തമിഴ് നാട് പോലുള്ള, പ്രാഥമിക, സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസ സൗകര്യങ്ങളിൽ ലോകോത്തരമായി നിൽക്കുന്ന സംസ്ഥാനങ്ങളെ ഫോക്കസ് ചെയ്‌തുകൊണ്ട് ഉണ്ടാക്കിയ ഒരു പദ്ധതിയല്ല ഇത്. മറിച്ചു സ്കൂൾ വിദ്യാഭ്യാസം ഇന്നും ബാലികേറാമലയായി നിൽക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ, അത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്, ഒരു തരത്തിൽ പറഞ്ഞാൽ റിവാർഡായി കൊടുക്കുന്ന, ഒരു പദ്ധതിയാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.

മോശം അവസ്ഥയിൽ നിൽക്കുന്ന സ്കൂളുകളെ ഉദ്ധരിപ്പിക്കുന്ന ഒരു പദ്ധതിയല്ല, മറിച്ചു അത്യാവശ്യം നല്ല രീതിയിൽ നടന്നുപോകുന്ന സ്കൂളുകളിലൂടെ, ദേശീയ വിദ്യാഭ്യാസ നയം, വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ നടപ്പിലാക്കാനുള്ള പദ്ധതിയാണിത്. ഡോക്യൂമെന്റിലെ പാർട്ട് 1 ലെ പേജുകൾ 9 മുതൽ 15 വരെയുള്ള വായിച്ചാൽ, ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്ന സ്കൂളുകളുടെ “ക്ലാസ്’, ഉത്തരേന്ത്യയിലേക്ക് വരുമ്പോൾ അതിന്റെ ‘ജാതി’,തുടങ്ങിയവ മനസ്സിലാക്കാൻ പറ്റും.

വാക്കുകളുടെ അതിപ്രസരവും, ആവർത്തനങ്ങളാൽ അലംകൃതമാവുകയും ചെയ്ത ഈ രേഖയിലെ, സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങളിൽ ഒരു അറുപതു ശതമാനവും കേരളം 90കളിൽ തന്നെ, ഏകദേശം സ്കൂളുകളിൽ പ്രാബല്യത്തിൽ വരുത്തിയതാണ്. ബാക്കിയുള്ള ഇരുപത് ശതമാനം കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ പ്രാബല്യത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നു. ബാക്കിയുള്ള ഇരുപതു ശതമാനത്തിലാണ് നമുക്ക് പ്രശ്നങ്ങൾ കാണാൻ കഴിയുന്നത്. കാരണം അവ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്‌ഷ്യം നേരിട്ട് നടപ്പാക്കാനുള്ള കാര്യങ്ങളാണ്.            

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു യൂണിവേഴ്സിറ്റിയിലെ ചരിത്ര-അധ്യാപകനാണ് ഞാൻ. ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ്, പെഡഗോജിക്കലായും, അക്കാഡമിക്കലായും, യൂണിവേഴ്സിറ്റികളിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് എല്ലാ ദിവസവും കാണുന്ന ഒരാളാണ്. ദേശീയ വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാവരെയും പൂർണ്ണമായും പൂട്ടിയിടുമോ എന്ന് ചോദിച്ചാൽ, ‘പെട്ടെന്ന്’ അതിനു പറ്റില്ല ഇല്ല എന്നതാണ് ഉത്തരം. "പെട്ടെന്ന്" പ്രധാനമാണ്!  

കാരണം, അത് പലതിനെയും ആശ്രയിച്ചിരിക്കുന്നു; ഒരു ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെ രാഷ്ട്രീയ-അക്കാഡമിക് ബോധവും, സ്ഥാപനത്തിലെ അധികാരികളുടെ മനോഭാവവും ഇതിലുണ്ട്. അതുകൊണ്ടുതന്നെ ഒരേ യൂണിവേഴ്സിറ്റിയിൽ സാംസ്കാരിക രാഷ്ട്രീയത്തിന് പൂർണ്ണമായി വഴങ്ങിയ സിലബസുകളും, അതിനെ ഒരു പരിധിവരെ പ്രധിരോധിച്ചുകൊണ്ടുള്ള സിലബസും കാണാൻ കഴിയും.

ഡോക്യൂമെന്റിൽ പറയുന്നത് പിഎം ശ്രീ എന്നത് ഒരു നിർദ്ദേശാത്മകമായ ഒരു ഫ്രെയിംവർക്കാണ് എന്നതാണ്. അതായത്, സൈദ്ധാന്തികമായി പറഞ്ഞാൽ, ഏതു തരത്തിലുള്ള സിലബസാണ്‌ പഠിപ്പിക്കേണ്ടതെന്ന് അതതു സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. അവിടെ ബലപ്രയോഗമില്ല. ഇവിടെയാണ്, ഏത് സിലബസായാലും പഠിപ്പിക്കേണ്ട കാര്യങ്ങൾ, വഴികൾ പ്രസക്തമാവുന്നത്.

1. കഥ പറച്ചിൽ വഴി- നിരവധി പേജുകളിൽ ഇതാവർത്തിക്കുന്നുണ്ട്. ഇതിലെ പ്രധാന കാര്യം, 'നമ്മുടെ' 'സംസ്കാരവും', 'അറിവിലുമുള്ള' കഥകൾ വഴിയാവണം എന്നതാണ്. കേൾക്കുമ്പോൾ ലളിതമെന്നു തോന്നുന്ന ഈ ഭാഗം, അത്ര ലളിതമല്ല എന്ന് മാത്രമല്ല, പറയുന്ന അധ്യാപകന്റെ പല ബോധങ്ങൾ ഈ കഥകളിലൂടെ കുട്ടികളിലെത്താം.  

2. നിരന്തരമായി വരുന്ന മറ്റൊരു കാര്യമാണ് 'ഇന്ത്യൻ അറിവ്' എന്നത്. വളരെ വിശാലമായ അർത്ഥമുള്ള ഈ ഭാഗം, ഉൾകൊള്ളുന്നതിനേക്കാൾ, പുറം തള്ളുന്നതാണ് അനുഭവങ്ങൾ കാണിക്കുന്നത്. ഉൾക്കൊള്ളാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്ന സ്ഥാപനങ്ങളും കാണാം. ഇപ്പോൾ അതിനു പറ്റുന്നുണ്ട്. ഭാവിയിൽ കഴിയുമോ എന്നത് വലിയ ചോദ്യമാണ് . ഇതിനെ പറ്റിയുള്ള പല ചർച്ചകളിലും പ്രമുഖരായ ഇടതുപക്ഷ പണ്ഡിതന്മാർ അടക്കം നിരവധിതവണ പറഞ്ഞു വച്ചിരിക്കുന്ന കാര്യമാണിത്. മഹത്തായ അറിവ് സമ്പ്രദായങ്ങളുള്ള ഇന്ത്യയിൽ, അവയെ മാറ്റിവച്ചു സ്യൂഡോ- അറിവുകൾ കുട്ടികൾക്ക് കൊടുക്കുന്ന പല അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. മാത്രമല്ല, അറിവ് എന്നതിന്റെ ഡൈലോജിക്കൽ പാർട്ടിനെ മാറ്റിനിർത്തി, മേധാവിത്വ അറിവ് വഴികളെ മാത്രം പരിചയപ്പെടുത്താനുള്ള സാധ്യതകളും നിൽക്കുന്നു. 
               
3.ദേശീയ വിദ്യാഭ്യാസ നയത്തിനോട് വന്ന ഏറ്റവും വലിയ വിമർശനമായിരുന്നു, അത് സാമൂഹ്യ ശ്രേണികളിലെ അന്തരങ്ങളെ അങ്ങിനെ തന്നെ നിലനിർത്താനുള്ള എല്ലാ സാധ്യതകളും നിലനിർത്തുന്നു എന്നത്. ‘ശ്രീ’ ഡോക്യൂമെന്റിൽ, കുട്ടികളോട് കുടുംബം, പശ്ചാത്തലം, തുടങ്ങി വളരെ സെന്സിറ്റിവായ, വിദ്യാർത്ഥികളുടെ ജാതി, മതം, വർഗ്ഗം, ജീവിതം തുടങ്ങിയവയെ തുറന്നു കാണിക്കപ്പെടാൻ ഇടയുള്ള കാര്യങ്ങളെ മുൻനിർത്തിയുള്ള ഹോം വർക്കുകളെ പറ്റിയുള്ള നിർദ്ദേശങ്ങൾ ഉണ്ട്. അതായത്, ജാതിബന്ധത അതിരൂക്ഷമായി കൊണ്ടിരിക്കുന്ന, മതബോധം ശക്തമായിക്കൊണ്ടിരിക്കുന്ന, ഒരു കാലത്തു, അങ്ങിനെയുള്ള തുറന്നെഴുത്തിനുള്ള ആവശ്യം ക്ലാസ്സ്‌ റൂമുകളിൽ നടക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത ചെറുതായിരിക്കില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

4. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്നാണ് കുട്ടികളെ പലവിധ ‘എൻ. ജി. ഒ’, പ്രാദേശിക സംഘടനകൾ, പ്രദേശത്തെ പ്രമുഖർ തുടങ്ങിയവയുമായി സഹകരി പ്പിക്കുക എന്നത് (p.69). പലർക്കും ഓർമ്മയുണ്ടാകും, ഈ അടുത്ത കാലത്തു, ലോകത്തെ ഏറ്റവും വലിയ 'എൻ. ജി. ഒ ' ആയി അവതരിപ്പിക്കപ്പെട്ട സംഘടന. ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും എന്താണ് ബന്ധമെന്ന്. അടുത്ത കാര്യം പറയുമ്പോൾ ബന്ധം മനസ്സിലാകും.

5. പേജ് മൂന്നിൽ പറയുന്ന നിർദേശം- സ്കൂൾ ടൈമിനു ശേഷം , സ്കൂളിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സൗകര്യങ്ങളും, സ്കൂൾ സമയത്തിനുള്ളിൽ തന്നെ ആവശ്യമാണെങ്കിൽ ഇതുപോലെയുള്ള എൻ. ജി.ഒ കൾക്കും വോളന്ററി സംഘടനകൾക്കും വിട്ടുകൊടുക്കേണ്ടതാണ് എന്നതാണ്. അതായത് സ്കൂൾ സമയത്തുതന്നെ, ഈ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളിൽ ഇതു വരെ പ്രവേശനമില്ലാത്ത ആൾക്കാർക്കും , സംഘടനകൾക്കും പ്രവേശിക്കാനുള്ള എല്ലാ സാധ്യതകളും ഇത് തുറന്നു കൊടു ക്കുന്നു എന്ന് കാണാം. ദേശീയ വിദ്യാഭ്യാസ നയത്തിനു ശേഷം പല യൂണിവേഴ്സിറ്റികളിലെയും, കോളേജിലെയും സ്കൂളുകളിലെയും, ഉപയോഗിക്കാതെ കിടക്കുന്ന സൗകര്യങ്ങളെ ഉപയോഗിക്കുന്ന സംഘടനകൾ, എൻ. ജി. ഒ കൾ ഏതെന്ന്, കേരളത്തിന് പുറത്തുള്ളവരോട് ചോദിച്ചാൽ മനസ്സിലാകും.

6. കേരളത്തിൽ അങ്ങിനെയുണ്ടാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരം,ഈ പദ്ധതിയുടെ നിരന്തര അസ്സെസ്സ്മെന്റ് ചെയ്യുന്ന സംവിധാനത്തിലാണ് കിടക്കുന്നതു.

7. കേന്ദ്ര സർവീസിലുള്ള, ജില്ലാ കളക്ടറായ ഐ. എ. എസ് ഉദ്യോഗസ്ഥനാണ് ഈ പദ്ധതിയുടെ മോണിറ്ററിങ് സംവിധാനത്തിന്റെ ചെയർമാൻ. നവോദയ സ്കൂളുകളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടെയും പ്രിൻസിപ്പൽമാർ തുടങ്ങിയ കേന്ദ്ര ഗവൺമെന്റിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥർ/അക്കാഡമിക്കുകൾ ഈ സംവിധാനമാണ് ഇത് മോണിറ്റർ ചെയ്യുന്നതും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതും, പദ്ധതിയുടെ വിജയ-പരാജയം തീരുമാനിക്കുന്നതും, അവ ഇന്ന സ്കൂളുകളിൽ തുടരണമോ എന്ന് തീരുമാനിക്കുന്നതും.

സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ ഉണ്ടാവുമെങ്കിലും അവർക്ക് എത്രമാത്രം പ്രഷർ താങ്ങാൻ പറ്റുമെന്നു നമുക്ക് മനസ്സിലാക്കാം. ഏതൊക്കെയാണ് സ്കൂളിലേക്ക് കടന്നു വരേണ്ട സംഘടനകൾ, പ്രധാന വ്യക്തികൾ, എന്നിവരെ തീരുമാനിക്കുന്നത് ഈ സംവിധാനം കൂടിയാണ്. ഫാക്കൽറ്റി ഓറിയന്റഷന് പ്രോഗ്രാമുകൾക്ക് പങ്കെടുക്കുന്ന കോളേജ്-യൂണിവേഴ്സിറ്റിക ളിലെ അധ്യാപകർക്ക് അറിയാം അറിയാം, കഴിഞ്ഞ കുറച്ചുവര്ഷങ്ങളായി അവിടങ്ങളിലേക്കു റിസോര്ഴ്സ് പേര്സൺസ് ആയി വരുന്നവർ ആരാണെന്ന്.

തദ്ദേശീയ അറിവ് എന്നതിന് വളരെ പ്രമുഖമായ സ്ഥാനം കൊടുക്കുന്നുണ്ട് ഈ പദ്ധതി. പല ദളിത് ബുദ്ധിജീവികളും അഭിപ്രായപ്പെട്ടതു പോലെ, അവിടേക്കു കടന്നുവരുന്ന 'അറിവുകൾ' ഏതാണെന്നും മനസ്സിലാക്കാം. (പറയട്ടെ, എല്ലാ തരത്തിലുള്ള അറിവുകളെയും ഉൾപ്പെടുത്തി ഈ പദ്ധതിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നു പറയുന്നവയെ പ്രതിരോധിക്കുന്ന പല സ്ഥാപനങ്ങളും ഇന്ത്യയിൽ ഇന്നുണ്ട്. അത് മറക്കരുത്. എത്ര നാളത്തേക്ക് എന്നതുമാത്രമാണ് ചോദ്യം.)      

ഇങ്ങിനെ, വളരെ ലളിതമെന്നും ഗംഭീരമെന്നും ഒറ്റനോട്ടത്തിൽ തോന്നുന്ന ഒരു സ്കൂൾ വിദ്യാഭ്യാസ പദ്ധതി, ഇത്ര തിടുക്കത്തിൽ ഒപ്പുവച്ചത് കാണുമ്പൊൾ ഒരു മലയാളി എന്ന നിലയിൽ എനിക്ക് വരുന്നത് ചോദ്യങ്ങളാണ്.

ഈ അധ്യയന വര്ഷം നടപ്പിലാക്കാൻ യാതൊരു മാർഗ്ഗവുമില്ലാത്ത ഒരു പറ്റാത്ത പദ്ധതി “ഒപ്പു വയ്ക്കുന്നതിലൂടെ” മാത്രം അടുത്ത മെയ് വരെ എത്ര കോടി രൂപയാണ് കേരളത്തിന് കിട്ടാൻ പോകുന്നത്?

ഇന്ന് മന്ത്രി ശ്രീ ശിവൻകുട്ടി പറഞ്ഞത് “ഒപ്പു വച്ചതേയുള്ളൂ, നടപ്പാക്കാൻ പോകുന്നില്ല എന്നാണ്.” അങ്ങിനെയാണെങ്കിൽ ഒപ്പു വച്ചതുകൊണ്ടു മാത്രം ഇതുവരെ തടഞ്ഞുവച്ച പൈസ കേരളത്തിന് കിട്ടുമോ?

"പദ്ധതിയിലെ ഏതൊക്കെ ക്ലോസുകളാണ് കേരളം അംഗീകരിച്ചത്.”

പൈസ മെയ് വരെ കിട്ടുന്നില്ലെങ്കിൽ, അടുത്ത തെരെഞ്ഞെടുപ്പ് കഴിഞ്ഞു, അന്ന് വരുന്ന സർക്കാരിന് ഇതിൽ ചേരാനും അല്ലാതിരിക്കാനുമുള്ള അവകാശം വിട്ടുകൊടുക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ബാധ്യതയില്ലേ.

പിന്നെ, ഇത് പൂർണ്ണമായും തന്നെ നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ, കെ.സുരേന്ദ്രൻ പറഞ്ഞത് തമാശയായി എടുക്കേണ്ട. അദ്ദേഹം സൂചിപ്പിച്ച എല്ലാവരെയും ഈ സ്കൂളുകളിൽ ചിലതിലെങ്കിലും പഠിപ്പിക്കേണ്ടിവരും. പുസ്തകമായിട്ടും, കഥകളായിട്ടും, കളികളായിട്ടും, അല്ലാതെയും. ഇത് പല യൂണിവേഴ്സിറ്റികളുടെയും സിലബസുകളെ പറ്റിയുള്ള അറിവിൽ നിന്ന് പറയുകയാണ്.            

ഇത് ഇടതു പക്ഷത്തിലെ രണ്ടു പാർട്ടികളുടെ പ്രശ്നമായിട്ടല്ല തോന്നുന്നത്. മറിച്ചു, കേരളത്തിലെ ഓരോ വോട്ടരോടും ഇത് വിശദീകരിക്കേണ്ട ബാധ്യത സർക്കാരിന് ഉണ്ട് എന്ന് തോന്നുന്നു. കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളും, രക്ഷിതാക്കളും, ഇനി ജനിക്കാനിരിക്കുന്ന കുട്ടികളും ഈ വിശദീകരണം അർഹിക്കുന്നുണ്ട്.

അക്ഷരത്തെറ്റുകൾക്ക് ക്ഷമ!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക