
രണ്ടാമതൊരിക്കല്‍ കൂടി ചെസ് ലോകകപ്പിന് ഇന്ത്യ ആതിഥേയരാകുന്നു. ഗോവയില്‍ നാളെ ലോക കപ്പ് തുടങ്ങും. നവംബര്‍ 26 വരെ നീളുകയോ ടൈ ബ്രേക്കറില്‍ എത്താതെ ഫൈനലില്‍ വിധി വന്നാല്‍ ഒരുനാള്‍ നേരത്തെ സമാപിക്കുകയോ ചെയ്യാം. നേരത്തെ 2002 ല്‍ ഹൈദരാബാദില്‍ ലോകകപ്പ് നടന്നപ്പോള്‍ വിശ്വനാഥന്‍ ആനന്ദ് ആയിരുന്നു ചാമ്പ്യന്‍.
ജോര്‍ജിയില്‍ നടന്ന വനിതകളുടെ ലോകകപ്പ് ജയിച്ചത് ദിവ്യ ദേശ്മുഖ് ആണ്. ഫൈനലില്‍ ദിവ്യ പരാജയപ്പെടുത്തിയതാകട്ടെ ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെയും. ഓപ്പണ്‍ ലോകകപ്പ് കൂടി നേടി ഡബിള്‍ ലക്ഷ്യമിടുകയാണ് ഇന്ത്യ. ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനൊപ്പം ആര്‍ പ്രഗ്നാനന്ദ, അര്‍ജുന്‍ എരിഗൈസി തുടങ്ങിയവരും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു.
ലോകകപ്പിനെ ആദ്യ മൂന്നു സ്ഥാനക്കാര്‍ അടുത്ത കാന്‍ഡിഡേറ്റ്‌സ് ചെസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. 17.58 കോടി രൂപയാണ് ലോകകപ്പിലെ സമ്മാനത്തുക. ആദ്യം 50 റാങ്കുകാര്‍ നേരിട്ട് രണ്ടാം റൗണ്ട് കളിക്കും. ഡി.ഗുകേഷ് ആണ് ഒന്നാം സീഡ്. രണ്ടാമത് അര്‍ജുന്‍ എരിഗൈസിയും മൂന്നാമത് പ്രഗ്നാനന്ദയും വരും. എണ്‍പതില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 208 ചെസ് താരങ്ങള്‍ മത്സരിക്കും.
രണ്ടു വര്‍ഷത്തിലൊരിക്കലാണ് ചെസ് ലോകകപ്പ്. നിലവിലെ ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍ മത്സരിക്കുന്നില്ല. എന്നാല്‍ ലോകചാമ്പ്യന്‍ ഗുകേഷിനു പുറമെ വനിതാ ലോകകപ്പ് ജേത്രി ദിവ്യ ദേശ്മുഖും മത്സരിക്കുന്നു. വിദിദ് ഗുജറാത്തി, പിഹരികൃഷ്ണ, അരവിന്ദ് ചിദംബരം, എസ്.എല്‍. നാരായണന്‍, നിഹാല്‍ സരിന്‍, കാര്‍ത്തികേയൻ മുരളി, റോണക് സധ്വനി, വി.പ്രണവ് തുടങ്ങിയവരും കരു നീക്കും.
വെസ്ലി സോ, വിന്‍സെന്റ് കെയ്മര്‍, ഇയാന്‍ നെപ്പോംനിയാചി, വെയ് യി, ഷക്‌റിയര്‍ മമദിയാരോവ്, നോര്‍ദിബെക് അബ്ദു സത്തൊറോവ് എന്നിവരും മത്സരിക്കും.
ഉദ്ഘാടനം ഇന്നു നടക്കും. മത്സരങ്ങള്‍ നാളെ മുതല്‍ക്കാണ്. വടക്കന്‍ ഗോവയിലെ അര്‍പോറയിലെ ബാഗ ബീച്ചിനു സമീപം റിയോ റിസോര്‍ട്ടാണ് വേദി. ലോഗോ പ്രകാശനം ഒക്ടോബര്‍ 21 ന് നടന്നിരുന്നു. നോക്കൗട്ട് രീതിയില്‍ എട്ടു റൗണ്ടാണു മത്സരം. ഓരോ റൗണ്ടിലും ക്ലാസിക്കല്‍ രീതിയില്‍ രണ്ടു മത്സരങ്ങള്‍ വീതമുണ്ടാകും. സമനിലയെങ്കില്‍ റാപ്പിഡ്, ബ്‌ളിറ്റ്‌സ് ശൈലിയില്‍ ടൈബ്രേക്കര്‍.
ചെസ് ഒളിംപ്യാഡിലും ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലും വനിതാ ലോകകപ്പിലും വിജയം കൈവരിച്ച ഇന്ത്യ വലിയ ആവേശത്തോടെയാണ് ചെസ് ലോകകപ്പിനെ വരവേല്‍ക്കുന്നത്. "ഗോവയില്‍ ലോകകപ്പ് അനുവദിച്ചതില്‍ അഭിമാനിക്കുന്നു" എന്നാണ് ഫിഡെ പ്രസിഡന്റ് അര്‍ക്കാദിദ് വോര്‍കോവിച്ച് പറഞ്ഞത്.
ലോകകപ്പ് ഉദ്ഘാടനം വെള്ളിയാഴ്ച നടന്നപ്പോൾ വ്യാഴാഴ്ച ഇന്ത്യയില്‍ നിന്ന് തൊണ്ണൂറാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ പിറന്നു. ചെന്നൈയില്‍ നിന്നുള്ള പതിനാറുകാരന്‍ എ.ആര്‍. ഇളം പാര്‍ഥിയാണ് പുതിയ ഗ്രാന്‍ഡ് മാസ്റ്റര്‍. വിശ്വനാഥന്‍ ആനന്ദിലൂടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്ററെ ലഭിച്ച ഇന്ത്യയില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ 100 കടക്കുവാന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല.