Image

ധ്യാനയോഗം (ശ്രീമദ് ഭഗവത് ഗീത : അധ്യായം - ആറ് :സുധീർ പണിക്കവീട്ടിൽ)

Published on 01 November, 2025
ധ്യാനയോഗം  (ശ്രീമദ് ഭഗവത് ഗീത : അധ്യായം - ആറ് :സുധീർ പണിക്കവീട്ടിൽ)

ഫലേച്ഛ കൂടാതെ ഒരാൾ തന്റെ പ്രവർത്തികൾ ചെയ്യുമ്പോൾ അയാൾ സന്യാസിയും യോഗിയുമാണ്. അഗ്നിഹോത്രാദികർമ്മങ്ങളും മറ്റ് പ്രവർത്തികളും ത്യജിച്ചതുകൊണ്ട് ഒരാൾ സന്യാസിയോ യോഗിയോ ആകുന്നില്ല. ആത്മീയോന്നതി ഉണ്ടാകാൻ ഒരാൾ തന്നത്താൻ ശ്രമിക്കണം. കാരണം നമ്മൾ തന്നെ നമ്മുടേ ബന്ധുവും ശത്രുവുമാകുന്നു. ബ്രഹ്മചര്യത്തോടെ ഭഗവാനെ ധ്യാനിച്ച് യോഗായുക്തനായിരിക്കേണ്ടതിനെപ്പറ്റി ഈ അധ്യായത്തിൽ വിവരിക്കുന്നു. കൂടുതൽ തിന്നുന്നവനും, തീരെ തിന്നാത്തവനും അമിത നിദ്രയുള്ളവനും എപ്പോഴും ഉണർന്നിരിക്കുന്നവനും യോഗം എളുപ്പമല്ല. ആഹാരത്തിലും ഉറക്കത്തിലും ഉണർന്നിരിപ്പിലും വിനോദങ്ങളിലും മിതത്വം പാലിക്കുന്നവന് യോഗം കൊണ്ട് ദുഃഖത്തെ കീഴടക്കാൻ കഴിയുന്നു യോഗം കൊണ്ട്   മനസ്സിനെ നിയന്ത്രണാധീനമാക്കുമ്പോൾ സർവ ജീവജാലങ്ങളിലും   തന്നെയും, തന്നെ സർവ്വതിലും എല്ലായിടത്തും കാണാൻ സാധിക്കുന്നു. ആർ എന്നെ സർവവ്യാപിയായി കാണുന്നുവോ  എല്ലാം എന്നിൽ കാണുന്നുവോ അയാൾ എന്നിൽ നിന്നോ ഞാൻ അയാളിൽ നിന്നോ വേറെയാകുന്നില്ല അർജുനൻ പറഞ്ഞു ഓ കൃഷ്ണാ മനസ്സ് കാറ്റിനെപോലെ  അസ്വസ്ഥവും പ്രക്ഷുബ്ധവും വഴങ്ങാത്തതും, ശക്തിയുമുള്ളതുമായതിനാൽ അതിനെ  നിയന്ത്രിക്കുക അസാധ്യമാകുന്നു. അതിനു മറുപടിയായി ഭഗവൻ "നീ പറഞ്ഞത് നിസ്സംശയം ശരി തന്നെ. എങ്കിലും അഭ്യാസം കൊണ്ട്, ഓ കൗന്തേയ വൈരാഗ്യവും നിഷ്പ്പക്ഷതയും കൊണ്ട് ഇത് നേടാവുന്നതാണ്. അർജുനൻ വീണ്ടും ചോദിച്ചു വിശ്വാസമുണ്ടെങ്കിലും ഒരാൾ മനസ്സിനെ നിയന്ത്രിക്കാൻ 
അശക്തനാണെങ്കിൽ മനസ്സ് യോഗത്തിൽ നിന്ന് അകന്നു അലഞ്ഞു നടന്നാൽ യോഗത്തിൽ പൂർണ്ണത പ്രാപിക്കാൻ കഴിയാതെ വരുമല്ലോ? അവർക്ക് എന്താണ് ഒടുവിൽ സംഭവിക്കുക. ഭഗവൻ പറഞ്ഞു ധർമ്മബോധമുള്ള ഒരു ലോകം പ്രാപിക്കുകയും  അവിടെ വസിക്കയും ചെയ്ത ഒരാൾ യോഗത്തിൽ നിന്ന് വ്യതിചലിച്ചാലും അയാൾ പുണ്യവും ഐശ്വര്യവുമുള്ള  കുടുംബത്തിൽ ജനിക്കുന്നു.  അല്ലെങ്കിൽ അയാൾ ജ്ഞാനികളായ യോഗിയുടെ കുടുംബത്തിൽ ജനിക്കുന്നു. ഇതേപോലെ ഒരു ജന്മം കിട്ടുക അപൂർവമാണ്. അങ്ങനെ ജനിക്കുന്നയാൾ പൂർവ്വജന്മാർജ്ജിതമായ അറിവ് വിപുലീകരിച്ചു പൂർണ്ണത  നേടാൻ യത്നിക്കുന്നു. ഒരു  തപസ്വിയെക്കാൾ ധ്യാനയോഗി ഉയർന്നവനാണ്. ജ്ഞാനികളെക്കാൾ ഉയർന്നവനാണ്. കർമ്മികളെക്കാൾ ഉയർന്നവനാണ്. അതിനാൽ അർജുന ഒരു യോഗിയാകുക. യോഗികകളിൽ ആർ എന്നിൽ മനസ്സുറപ്പിച്ച് എന്നെ ആരാധിക്കുന്നുവോ അയാളെ ഏറ്റവും പരാമഭക്തനായി ഞാൻ കരുതുന്നു. 
ചുരുക്കത്തിൽ ഈ അധ്യായം പറയുന്നത്  ധ്യാനവും അതിന്റെ പരിശീലനവുമാണ്. നിഷ്കാമ  കർമ്മം ചെയ്യുമ്പോൾ ധ്യാനാത്മകമായ ഒരു അവസ്ഥ മനസ്സിന്  ലഭിക്കുന്നു അതിലൂടെ ഇന്ദ്രിയ നിയന്ത്രണം നടത്തി ജീവിതത്തെ ക്രമീകരിക്കാനും ഏകാന്തമായി ധ്യാനിക്കാനും ഒരാൾക്ക് കഴിയുന്നു. ഒരാളുടെ മനസ്സ് ചഞ്ചൽപ്പെട്ടു ധ്യാനം മുടങ്ങിയാലും അടുത്ത ജന്മങ്ങളിൽ അതിന്റെ ഫലം കിട്ടുകയും അത് തുടരാൻ കഴിയുകയും ചെയ്യുന്നു.
ഇനി വിശദമായി…
ഫലേച്ഛ കൂടാതെ കർത്തവ്യങ്ങൾ നിറവേറ്റുന്നവൻ സന്യാസിയോ യോഗിയോ ആണ്. അഗ്നിഹോത്രാദികളെ ഉപേക്ഷിക്കുന്നവനോ, പ്രവർത്തിയെ ഉപേക്ഷിക്കുന്നവനോ അല്ല.

അനാശ്രിത: കർമ്മഫലം 
കാര്യം കർമ്മ കരോതി യ:
സ സംന്യാസീ  ച യോഗീ ച
ന നിരഗ്നിർ  ന ചാക്രിയ 
സംന്യാസം എന്ന് പറയുന്നത് യോഗം തന്നെയാണ്. ഓ പാണ്ഡവാ സങ്കൽപ്പങ്ങളെ ഉപേക്ഷിക്കാത്തവന് യോഗിയാകാൻ സാധ്യമല്ല യോഗത്തിൽ കയറാനാഗ്രഹിക്കുന്ന മുനിക്ക്  നിഷ്കാമ കർമ്മവും യോഗത്തിൽ ഇരുന്ന മുനിക്ക്  ശാന്തിയും  ഉപായമാകുന്നു. (വിവരണം: യോഗത്തിൽ കയറുക എന്ന പ്രയോഗം മനസ്സിലാക്കാൻ പ്രയാസം തോന്നാം) .
ആരുരുക്ഷോർമുനേർയോഗം 
കർമ്മകാരണമുച്യതേ 
യോഗാരൂഢസ്യ തസ്യൈവ 
ശമ: കാരണമുച്യതേ 
ആരുരുക്ഷോ എന്നാൽ, ആരോഹണമെന്നർത്ഥം, ഇവിടെ ധ്വനിപ്പിക്കുന്ന അർത്ഥം  കുതിരസവാരിയാണ്. കുതിരയുടെ പുറത്ത് കയറുന്ന ഒരാൾക്ക് പരിശീലനം ആവശ്യമാണ്. കുതിരയുടെ പുറത്ത് ഇരുന്നു കഴിഞ്ഞാലേ അതിനെ നിയന്ത്രിക്കാൻ സാധിക്കു. ഇരുന്നു കഴിഞ്ഞാൽ പിന്നെ സവാരി സുഗമമാകു ന്നു. അതേപോലെ മനസ്സിനെ ഒരാൾ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് ഉദ്ദേശിക്കുന്നു. നിയന്ത്രണത്തിലായി കഴിഞ്ഞാൽ പിന്നെ ശാന്തി അനുഭവപ്പെടുന്നു. ഇന്ദ്രിയാനുഭൂതിയിൽ നിന്ന് വിട്ടു നിൽക്കുകയും അവ സാക്ഷാത്കരിക്കപ്പെടാനുള്ള കർമ്മങ്ങൾ വേണ്ടെന്നുവയ്ക്കുകയും സർവ സങ്കൽപ്പങ്ങളും ഉപേക്ഷിക്കുകയും ചെയ്തവനെ രൂഢനെന്നു പറയുന്നു. ആത്മാവിന്റെ ഉദ്ധാരണം ആത്മാവിനാൽ തന്നെ വേണം. ആത്മാവിനെ താഴാൻ അനുവദിക്കരുത്. നമ്മുടെ ബന്ധുവും മിത്രവും നാം തന്നെയാണ് തന്നെ തന്നെ കീഴടക്കിയവന് താൻ തന്നെ സുഹൃത്ത്. അങ്ങനെയല്ലാത്തവന്റെ ശത്രുവും അവർ തന്നെ മനസ്സിനെ ജയിച്ചവൻ പരിപൂർണ്ണശാന്തിയിൽ മനഃശ്ശാന്തിയിൽ കഴിയുന്നു. ചൂടിലും തണുപ്പിലും സുഖത്തിലും ദുഖത്തിലും മാനാപമാനങ്ങളിലും സമഭാവം ദർശിക്കുന്നു. അചഞ്ചലനും ജിതേന്ദ്രിയനും ജ്ഞാനവിജ്ഞാനങ്ങളിൽ തൃപ്തനുമായ ഒരാൾക്ക്  ഒരു കഷ്ണം  മണ്ണോ, സ്വർണ്ണമോ രണ്ടും തുല്യമാകുന്നു. അങ്ങനെയുള്ളവർ യോഗാരൂഡർ എന്ന് പറയപ്പെടുന്നു. നല്ലവരെയും സുഹൃത്തുക്കളെയും ശത്രുക്കളെയും
ഉദാസീനരെയും മധ്യസ്ഥരെയും ബന്ധുക്കളെയും ധർമ്മികളെയും അധർമ്മികളെയും വിരോധമുള്ളവരെയും ഒരേപോലെ കാണുന്നവൻ വിശിഷ്ടനാകുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിച്ച് ഒന്നിനെയും  ആസക്തിയില്ലാതെ മനസ്സിനെ നിയന്ത്രിച്ച് ഏകാന്തമായ ഒരിടത്ത് ഇരുന്നു യോഗി തന്റെ മനസ്സിനെ ആത്മാവിൽ യോജിപ്പിക്കണം. പരിശുദ്ധമായ ഒരു സ്ഥലത്ത് അധികം ഉയരമോ താഴ്ച്ചയോ  ഇല്ലാത്തവിധം ഉറച്ച ഒരു പീഠത്തിൽ കുശപ്പുല്ലുകൾ, മാൻ തോൽ, ഒരു കഷ്ണം തുണി എന്നിവ വിരിച്ച് ചിന്തകളെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ച് മനസ്സ്  ഏകാഗ്രമാക്കി ഇരുന്നു ആത്മശുദ്ധീകരണത്തിനായി യോഗി ധ്യാനം അഭ്യസിക്കണം.
ശരീരം വളയാതെ, തലയും കഴുത്തും നേരെയും, ചലിക്കാതെയും പിടിച്ച് ദൃഷ്ടികൾ മൂക്കിന്റെ തുമ്പിൽ കേന്ദ്രീകരിച്ച് ചുറ്റും നോക്കാതെ ആത്മശാന്തിയോടെ നിർഭയമായി ബ്രഹ്മചര്യത്തിൽ നിഷ്ഠനായി മനസ്സിനെ നിയന്ത്രിച്ച്  എന്നിൽ ലയിച്ച് എല്ലാ ചിന്തകളും എന്നിലേക്ക് കേന്ദ്രീകരിച്ച് യോഗധ്യാനം അഭ്യസിക്കുന്നു.അങ്ങനെ മനസ്സിനെ സമതുലിതാവസ്ഥയിലും നിയന്ത്രണത്തിലും വച്ചിട്ടുള്ള യോഗി എന്നിൽ സ്ഥിതി ചെയ്യുന്ന സമാധാനം പ്രാപിക്കുന്നു, അത് പിന്നീട് മോക്ഷപ്രാപ്തിയിൽ പര്യവസാനിക്കുന്നു . അമിതമായി ഭക്ഷണം കഴിക്കുന്നവനും ഉപവാസം അനുഷ്ഠിക്കുന്നവനും  എപ്പോഴും ഉറങ്ങുന്നവനും എപ്പോഴും, 
ഉറക്കമൊഴിച്ചിരിക്കുന്നവനുമുള്ളതല്ല യോഗം. ഭക്ഷണത്തിൽ, വിനോദത്തിൽ മിതത്വം പാലിക്കുകയും കർത്തവ്യ കർമ്മങ്ങളിൽ അമിതാദ്ധ്വാനം ചെയ്യാതിരിക്കുകയും ഉറക്കത്തിലും ഉണർന്നിരിപ്പിലും നിഷ്ഠയുള്ളവനും യോഗം ദു:ഖാനാശകമായി വരുന്നു. (അതായത് അദ്ദേഹത്തിന് ദുഃഖങ്ങൾ ഉണ്ടാകുന്നില്ലെന്ന് സാരം) ഒരാളുടെ ചിന്ത പൂർണ്ണമായി നിയന്ത്രിച്ചതും ആത്മാവിൽ വിശ്രമിക്കുന്നതും വസ്തുക്കളോടുള്ള ആഗ്രഹങ്ങളിൽ നിന്ന് വിമുക്തി  നേടിയതുമാകുമ്പോൾ അയാളെ യോഗയുക്തൻ എന്ന വിളിക്കപ്പെടുന്നു മനസ്സിനെ നിയന്ത്രിച്ച് ആത്മധ്യാനത്തിൽ ലീനനായ യോഗി കാറ്റില്ലാത്തിടത്ത് വച്ച വിളക്കിന്റെ തിരിനാളം പോലെ ചലനരഹിതമായിരിക്കുന്നു. യോഗസാധനകൊണ്ട് വിഷയങ്ങളിൽ നിന്ന് മുക്തയായ മന:ശാന്തിയനുഭവിക്കുന്നു. ആത്മാവ് ആത്മാവിനെ കണ്ടെത്തുമ്പോൾ ഒരാൾ അവനിൽ സംതൃപ്തയായിരിക്കുന്നു, ബുദ്ധികൊണ്ട് ഗ്രഹിക്കാവുന്നതും ഇന്ദ്രിയങ്ങൾക്കതീതവുമായ പരമാനന്ദത്തെ അറിയുന്നു. ആ സത്യത്തിൽ നിന്ന് അവർ വ്യതിചലിക്കുന്നില്ല..  ഒരാൾ നേടിയ നേട്ടത്തേക്കാൾ ഒരു നേട്ടവും വലുതല്ലെന്ന് കരുതുമ്പോൾ കഠിനമായ ദു:ഖമുണ്ടായാൽപോലും എവിടെയാണോ ഇരിക്കുന്നത് അവിടെ ഉറച്ചിരിക്കുമ്പോൾ ആപത്തുകൾ എത്ര വലുതായാലും അതിൽ നിന്നും വ്യതിചലിക്കാതിരിക്കുമ്പോൾ അതിനെ  യോഗമെന്നറിയേണ്ടതാകുന്നു. ഈ യോഗം സ്ഥിരോത്സാഹത്തോടും ദൃഢനിശ്ചയത്തോടും കൂടി  അഭ്യസിക്കേണ്ടതാകുന്നു. സങ്കൽപ്പങ്ങളിൽ നിന്നുണ്ടാകുന്ന എല്ലാം കാമങ്ങളെയും മുഴുവനായി ഉപേക്ഷിച്ച് ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും മനസ്സുകൊണ്ട് കടിഞ്ഞാണിട്ട് ബുദ്ധികൊണ്ട് മനസ്സിനെ ആത്മസ്വരൂപത്തിൽ ലയിപ്പിച്ച് മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാതിരിക്കുക. ദുർബലവും ഇളക്കമുള്ളതുമായ മനസ്സ് ഏതേത് വിഷയത്തിലേക്ക് അലയാൻ  തുടങ്ങുന്നുവോ അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ട് അതിനെ ആത്മാവിൽ ഉറപ്പിച്ച് നിറുത്തണം. പ്രശാന്തമായ മനസ്സോടെ രജോഗുണം നീക്കി, കാമനകൾ കൊണ്ടുണ്ടാകുന്ന മാലിന്യങ്ങളിൽ നിന്ന് മുക്തനായി പാപരഹിതനായി ബ്രഹ്മത്വം പൂകിയ യോഗിയ്ക്ക് ഉത്തമമായ ആനന്ദം കൈവരുന്നു. ഇപ്രകാരം യോഗാഭ്യാസം ചെയ്യുന്ന യോഗി, പാപരഹിതനായി ബ്രഹ്മാനുഭൂതിയിലുള്ള പരമാനന്ദത്തിൽ പ്രവേശിക്കുന്നു. യോഗാഭ്യാസം സിദ്ധിച്ച ആൾ എല്ലാവരെയും നിഷ്പ്പക്ഷമായ കണ്ണുകളോടെ കാണുന്നു. സർവ്വചരാചരങ്ങളിലും തന്റെ ആത്മാവിനെ കാണുന്നു. ആത്മാവിൽ സർവ്വചരാചരങ്ങളെയും കാണുന്നു. ഏകഭാവത്തെ ആശ്രയിച്ചവനായി സർവാചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന എന്നെ ഭജിക്കുന്നവൻ അവന്റെ ജീവിതരീതി എങ്ങനെയുള്ളതായാലും അവൻ എന്നിൽ വസിക്കുന്നു. മറ്റുള്ളവരെ തന്നെപോലെ കാണുകയും അവരുടെ  സന്തോഷങ്ങളും തന്റേതു പോലെ കരുതുകയും ചെയ്യുന്നവനാണ് മഹാനായ യോഗി. അർജുനൻ പറഞ്ഞു സമത്വബുദ്ധിയോടെ അതായത് സമനിലയോടെ മനസ്സിനെ ആശ്രയിക്കേണ്ട യോഗമാണല്ലോ ഉപദേശിച്ചത്. മനസ്സിന്റെ ചാപല്യം മൂലം ഇതു തുടരാൻ അല്ലെങ്കിൽ ഇത് നിലനിർത്താൻ എങ്ങനെ സാധിക്കും. മനസ്സ് ദുർബലമാണ്. വഴങ്ങാത്തതാണ്.ശക്തിയുള്ളതാണ്. അട ങ്ങിനിൽക്കാത്ത അതിനെ നിയന്ത്രിക്കുക എന്നത്  കാറ്റിനെ നിയന്ത്രിക്കുന്നത് പോലെയാണ് പ്രഭു പറഞ്ഞു. സംശയമില്ല  ഓ മഹാബാഹു മനസ്സ് ദുർബലമാണ്. നിയന്ത്രിക്കാൻ പ്രയാസമാണ്. 
അസംശയം മഹാബാഹോ 
മനോ ദുർനിഗ്രഹം ചലം 
അഭ്യാസേന തു കൗന്തേയ 
വൈരാ ഗേണ ചാ ഗൃഹ്യതേ
എന്നാൽ നിരന്തരമായ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും അത് സാധിക്കാം. ആത്മനിയന്ത്രണമില്ലാതെ യോഗം നേടുന്നത് പ്രയാസമാണ്. എന്നാൽ മുമ്പ് പറഞ്ഞ ഉപായങ്ങളാൽ പരിശ്രമിച്ച് മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നവന് യോഗസിദ്ധി നേടാൻ സാധിക്കും അർജുനൻ പറഞ്ഞു. ഒരാൾ ശ്രദ്ധയോടുകൂടിയവനായാലും മനസ്സിന്റെ  അലച്ചിൽ മൂലം യോഗത്തിൽ പൂർണ്ണത വരിക്കാൻ സാധിച്ചില്ലെങ്കിൽ അയാളുടെ അവസാനമെന്താകും.. യോഗാനുഷ്ടാനത്തിലൂടെ പരമപദം പ്രാപിക്കാൻ കഴിയാതെ വരികയും ബ്രഹ്മപ്രാപ്തിയുള്ള  മാർഗ്ഗത്തിൽ വഴുതിക്കൊണ്ടിരിക്കുകയും  ചെയ്യുന്ന ഒരാൾ  ചിതറിപ്പോയ  മേഘം പോലെ  തീർച്ചയായും നഷപ്പെട്ടവനെല്ലേ? ഓ കൃഷ്ണ ഇതെന്റെ സംശയമാണ്. ഇത് തീർക്കാൻ നിന്നെയല്ലാതെ  വേറെയാരെയും കാണുന്നില്ല പ്രഭു പറഞ്ഞു ഈ ലോകത്തിലോ  അടുത്ത ലോകത്തിലോ അവനു നാശമുണ്ടാകുന്നില്ല.
നല്ല കർമ്മങ്ങൾ ചെയ്യാൻ യത്നിക്കുന്നവക്ക് ദു:ഖമുണ്ടാകുന്നില്ല. യോഗസിദ്ധിക്ക് ശ്രമിച്ചിട്ട് പരാജിതനായ യോഗി പുണ്യലോകങ്ങളെ  പ്രാപിച്ച് അവിടെ വസിച്ചതിനുശേഷം നല്ലവരുടെയും ശ്രേയസുള്ളവരുടെയും വീട്ടിൽ ജനിക്കുന്നു. അല്ലെങ്കിൽ ജ്ഞാനികളായ യോഗിയുടെ കുലത്തിൽ ജനിക്കുന്നു. ഇപ്രകാരമുള്ള ജന്മം വളരെ  അപൂർവമാണ്.ഓ കുരുനന്ദന അങ്ങനെ ലഭിക്കുന്ന പുതിയ ജന്മത്തിൽ പൂർവജന്മത്തിലെ ബ്രഹ്മജ്ഞാനവിഷയുവമായി ചേർന്ന് ആ പരിപൂർണ്ണത  കൈവരിക്കാൻ വേണ്ടി പരിശ്രമങ്ങൾ തുടരും. 
പൂർവാഭ്യാസേന തേനൈവ
ഹ്രിയതേ ഹ്രവശോപി സ:
ജിജ്ഞാസുരപി യോഗസ്യ 
ശബ്ദബ്രഹ്മാതിവർത്തതേ
മുജ്ജന്മത്തിലെ യോഗാഭ്യാസത്തിന്റെ ബലത്താൽ, അയാൾ അവശനാണെങ്കിൽ കൂടി അയാൾ യോഗമാർഗ്ഗത്തിലേക്ക് തിരിയും. യോഗവൃത്തിയെ  കുറിച്ചറിയാൻ ആഗ്രഹിക്കുന്നവർ പോലും  വേദങ്ങളിൽ പറയുന്ന സ്വർഗീയ സുഖവിഷയങ്ങളെ അതിക്രമിക്കുന്നു. "ശബ്ദ ബ്രഹ്മ അതിവർത്തതേ "  എന്നതിന് വേദവചനങ്ങൾ എന്നർത്ഥത്തിൽ പറയുമ്പോൾ വേദങ്ങളിലേ കർമ്മാനുഷ്ഠാനങ്ങളാണെന്നിരിക്കെ  അത് പാലിക്കുന്നവർക്ക് ലഭിക്കുന്നതിനുമപ്പുറം ഒരു യോഗിയ്ക്ക്  ലഭിക്കുമെന്ന് ശ്രീ ശങ്കരാചാര്യരുടെ വ്യാഖ്യാനത്തിൽ കാണുന്നു.
കർമ്മോദ്യക്തനായി പരിശ്രമിക്കുന്ന യോഗി പാപങ്ങളിൽ നിന്നകന്നു പരിശുദ്ധനായി അനേകജന്മങ്ങളിലൂടെ കൈവരിച്ച സാക്ഷാത്കാരത്താൽ ആത്മീയപൂർണ്ണത നേടുന്നു. അവസാനം  അയാൾ പരമമായ മോക്ഷത്തെ  പ്രാപിക്കുന്നു.ധ്യാനയോഗി തപസ്സ് ചെയ്യുന്നവരേക്കാൾ പണ്ഡിതന്മാരെക്കാൾ, കർമ്മികളെക്കാൾ മീതെയാണ്. അതുകൊണ്ട് ഓ അർജുന നീ ഒരു യോഗിയാകുക എന്നിൽ വിശ്വാസമർപ്പിച്ച് എന്നിൽ മനസ്സുറപ്പിച്ച് ആർ എന്നെ ഉപാസിക്കുന്നവോ അയാൾ എല്ലാ യോഗികളിലും വച്ച് ഉത്തമനാണെന്നാണെന്റെ അഭിപ്രായം.
അധ്യായം ആറ്  സമാപ്തം 
അടുത്തത്  ജ്ഞാനവിജ്ഞാനയോഗം
ശുഭം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക