Image

കേരളത്തില്‍ ഇനി അതിദരിദ്രര്‍ ഇല്ല; കണക്കില്‍ കള്ളമില്ലെങ്കില്‍ ഈ നേട്ടം ആഘോഷിക്കപ്പെടേണ്ടതു തന്നെ (എ.എസ് ശ്രീകുമാര്‍)

Published on 01 November, 2025
കേരളത്തില്‍ ഇനി അതിദരിദ്രര്‍ ഇല്ല; കണക്കില്‍ കള്ളമില്ലെങ്കില്‍ ഈ നേട്ടം ആഘോഷിക്കപ്പെടേണ്ടതു തന്നെ (എ.എസ് ശ്രീകുമാര്‍)

കേരളം ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ഈ കേരളപ്പിറവി ദിനത്തില്‍. നാട്ടില്‍ ദരിദ്രര്‍ ഇല്ലാത്തത് വളരെ സന്തോഷമുള്ള കാര്യമാണ്. ആരും പട്ടിണി കിടക്കാത്ത ഒരു മാവേലി നാടാണ് നമ്മുടെ സ്വപ്നം.   അത് യാഥാര്‍ത്ഥ്യത്തലേയ്‌ക്കെന്നുവെന്നത് തികച്ചും അഭിമാനകരം തന്നെ. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ച 'അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി' (ഇ.പി.ഇ.പി) അനുസരിച്ച് ഭക്ഷണം, വീട്, സൗജന്യ ചികിത്സ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 64,006 കുടുംബങ്ങള്‍ക്ക് കൂടി സൗകര്യങ്ങള്‍ ഉറപ്പാക്കിയെന്ന് പറഞ്ഞാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. അതേസമയം, ഇടത് പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന 4.5 ലക്ഷം പരമദരിദ്രര്‍ എന്ന കണക്കില്‍ എങ്ങിനെ മാറ്റം വന്നു എന്ന് പ്രതിപക്ഷം ചോദ്യമുയര്‍ത്തുന്നുമുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 64,006 കുടുംബങ്ങള്‍ മാത്രമേ സംസ്ഥനത്ത് ഉള്ളോ..? എന്നാല്‍ ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യമെന്നാണ് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്. നിര്‍ഭാഗ്യകരമായ പരമാര്‍ശം കേള്‍ക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവന്‍ പദ്ധതിയിലൂടെ 4,70,000 വീടുകള്‍ യാഥാര്‍ഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2021-ല്‍ ജനസംഖ്യയുടെ 0.7 ശതമാനം മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയതെന്ന് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു.

ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യം. ലോക ബാങ്കിന്റെ നിര്‍വചനമനുസരിച്ച് പ്രതിദിനം 180 രൂപയില്‍ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 2021-ലെ 'അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി' അനുസരിച്ച് തദ്ദേശ പഞ്ചായത്തുകളോടൊപ്പം, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സ്വയം സഹായ ശൃംഖലകള്‍ പങ്കാളികളായുള്ള കുടുംബശ്രീയുടെ നേതൃത്വത്തില്‍ താഴെ തട്ടില്‍ നടത്തിയ സര്‍വേയോടെയാണ് ഇത് ആരംഭിച്ചത്.  സര്‍വേയില്‍ അതി ദാരിദ്ര്യത്തില്‍ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. ഇത് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 0.2 ശതമാനമാണ്. ഇ.പി.ഇ.പിയുടെ കീഴില്‍, ഓരോ കുടുംബത്തിന്റെയും പ്രത്യേക ദാരിദ്ര്യാവസ്ഥകള്‍ക്ക് അനുസൃതമായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി നടപ്പിലാക്കി.

പദ്ധതിയുടെ ഫലമായി 5,422 പുതിയ വീടുകള്‍ നിര്‍മിച്ചു, 439 കുടുംബങ്ങള്‍ക്ക് 28.32 ഏക്കര്‍ ഭൂമി ലഭ്യമാക്കി, 5,522 വീടുകള്‍ നവീകരിച്ചു, 34,672 കുടുംബങ്ങള്‍ക്ക് അവിദഗ്ദ്ധ തൊഴില്‍ മേഖല വഴി അധികമായി 77 കോടി രൂപ വരുമാനം നേടാന്‍ സഹായിച്ചു, 4,394 കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ നല്‍കി, 579 വ്യക്തികള്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു, 7 പേര്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കി, 5,777 വ്യക്തികള്‍ക്ക് പാലിയേറ്റീവ് കെയര്‍ നല്‍കി, 29,427 കുടുംബങ്ങളിലെ 85,721 ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കി, 2,210 കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണം വിതരണം ചെയ്തു, 18,438 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി, 20,648 കുടുംബങ്ങള്‍ക്ക് മുടക്കമില്ലാതെ ഭക്ഷണം വിതരണം ചെയ്തു.

കൂടാതെ 21,263 അടിയന്തര സേവനങ്ങളും രേഖകളുടെ വിതരണങ്ങളും നടത്തി. എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിയമം നടപ്പിലാക്കുന്നതിനുപകരം, ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഒരു സവിശേഷ പദ്ധതി വികസിപ്പിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലുടനീളം സുതാര്യമായ രീതിയിലാണ് അതിശക്ത ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കിയതെന്നും അതില്‍ പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ജീവിതത്തിനാവശ്യമായ സുഖസൗകര്യങ്ങളുടെ (വേണ്ടത്ര ആഹാരം, വസ്ത്രം, പാര്‍പ്പിടസൗകര്യം, ശുദ്ധജലം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, തൊഴില്, സ്വാതന്ത്ര്യം) ഇല്ലായ്മയും അത്യാവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യതയും ഉളവാക്കുന്ന അവസ്ഥയാണ് ദാരിദ്ര്യം. അത്യാവശ്യ ചെലവുകള്‍ പോലും നേരിടാനുള്ള വരുമാനമില്ലാത്ത സാഹചര്യം മനുഷ്യനെ അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ സാമൂഹ്യപ്രശ്നമാണ്. മുകളില്‍ പറഞ്ഞ സുഖസൗകര്യങ്ങള്‍ ഇല്ലാതെ ജീവിതം നയിക്കുന്നവരാണ് ദരിദ്രര്‍. ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന രോഗമോ അംഗവൈകല്യമോ ദാരിദ്ര്യത്തെ രൂക്ഷമാക്കുകയും ചെയ്യുന്നു.

കേരളത്തിലെ ദാരിദ്ര്യത്തിന് കാരണമായി വര്‍ത്തിക്കുന്നത് ജനപ്പെരുപ്പവും വികസനക്കുറവുമാണ്. അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മയും മറ്റൊരു കാരണമാണ്. സാങ്കേതികമായി പിന്നോക്കം നില്ക്കുന്ന കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ വ്യവസായമേഖല ഒട്ടും വളര്‍ന്നിട്ടില്ല. എന്നാല്‍ ഇന്ത്യയൊട്ടാകെയുള്ളതിന് വിപരീതമായി, കേരളത്തിലെ ഏറ്റവും കീഴെക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായതായി കാണുന്നു. അതോടൊപ്പം ഏറ്റവും മുകള്‍തട്ടിലുള്ള 10 ശതമാനം ജനങ്ങള്‍ക്ക് സ്ഥായിയും അഭൂതപൂര്‍വവുമായ നേട്ടങ്ങളും ഉണ്ടായി.

ബാക്കിയുള്ള 60 ശതമാനം ജനങ്ങള്‍ കൂടുതല്‍ ദരിദ്രരാവുകയാണുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാനിങ് കമ്മിഷന്റെ പുതിയ നിര്‍വചനമനുസരിച്ച് ഒരു ദിവസം 2400 കലോറി പോഷകാഹാരം ലഭിക്കുന്ന ഗ്രാമവാസിയും 2100 കലോറി പോഷകാഹാരം ലഭിക്കുന്ന നഗരവാസിയും കഷ്ടിച്ച് ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ് നിലകൊള്ളുന്നത്. പൂര്‍ണമായ തൊഴില്‍രാഹിത്യം, ഭാഗികമായ തൊഴിലില്ലായ്മ, കാര്‍ഷിക സേവന മേഖലകളിലെ ഒരു പ്രധാന വിഭാഗം ഉത്പാദകരുടെ കുറഞ്ഞ വിഭവശേഷി എന്നിവയാണ് കടുത്ത ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങള്‍. 100 ശതമാനം സാക്ഷരത, ഡിജിറ്റല്‍ സാക്ഷരത, എല്ലാ വീടുകളിലും വൈദ്യുതി എന്നിവ നേടിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഇപ്പോള്‍, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് ഗിമ്മിക്ക് അല്ലെങ്കില്‍ തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. പട്ടിണിയേക്കാള്‍ വലിയൊരു നരകം ഇഹലോകത്തില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക