
നാലു ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയിൽ. കാരണം: ഒറിജിനൽ പാസ്പോർട്ട് ഇല്ലാതെ എയർലൈനുകൾ അവ സ്വീകരിക്കുന്നില്ല.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഈ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വേണ്ട എൻ ഓ സി രേഖകൾ നൽകിയിട്ടുണ്ട്. എന്നാൽ അവ പോരെന്നും ഒറിജിനൽ പാസ്പോർട്ട് ഇല്ലെങ്കിൽ ഇന്ത്യയിൽ എത്തുമ്പോൾ ഇമിഗ്രെഷൻ അധികൃതർ കനത്ത പിഴ അടിക്കുമെന്നും എയർലൈനുകൾ ചൂണ്ടിക്കാട്ടുന്നു.
മൃതദേഹങ്ങൾ കൊണ്ടു പോകാൻ സഹായിക്കുന്ന ടീം എയ്‌ഡ് എന്ന എൻ ജി ഒ ഇക്കാര്യം പുറത്തു കൊണ്ടുവന്ന ശേഷം ഈ മാനുഷിക പ്രതിസന്ധിയിൽ ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നു മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹങ്ങൾ ഇവരുടേതാണ്: ആത്മഹത്യ ചെയ്ത അഭി സലറിയ, വെടിയേറ്റു മരിച്ച പ്രദീപ് കുമാർ, ബ്രെയ്ൻ സ്ട്രോക്ക് മൂലം മരിച്ച സച്ചിൻ കുമാർ, ടെക്സസ് അതിർത്തി കടക്കുമ്പോൾ വെള്ളമില്ലാതെ മരിച്ച ഹർദീപ് സിംഗ്.
പ്രദീപ് യാദവ് എന്നയാളുടെ ചാരവും ഇന്ത്യയിലേക്കു കൊണ്ടുപോകാനുണ്ട്.
എംബസികളോ കോൺസലേറ്റുകളോ നൽകിയ എൻ ഓ സി സ്വീകരിച്ചു മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ ബ്യുറോ ഓഫ് ഇമിഗ്രെഷൻ അനുവദിക്കണമെന്ന് ടീം എയ്‌ഡ് ചീഫ് അഡ്വൈസറും ജയ്‌പൂർ ഫൂട്ട് യുഎസ്എ ചെയർമാനുമായ പ്രേം ഭണ്ഡാരി ആവശ്യപ്പെട്ടു. "പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ കേടുവരികയോ വിദേശ അധികൃതരുടെ പക്കൽ ഇരിക്കയോ ചെയ്യുമ്പോൾ അവ നൽകാൻ കുടുംബങ്ങൾക്കു കഴിയാതെ വരാം. അത്തരം ദുഖകരമായ സാഹചര്യങ്ങൾ യാഥാർഥമാണെന്നു മനസിലാക്കി ഒഴിവ് നൽകണം. ഇന്ത്യൻ എംബസിയോ കോൺസലേറ്റോ നൽകുന്ന എൻ ഓ സി അംഗീകരിക്കണം."
ജൂലൈ 15നു ഇക്കാര്യം ചൂണ്ടിക്കാട്ടി ടീം എയ്‌ഡ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയിരുന്നു. പിന്നാലെ റിമൈൻഡറുകളും അയച്ചു.
സുപ്രീം കോടതിയെ സമീപിക്കാൻ പലരും നിർദേശിച്ചെന്നു ഭണ്ഡാരി പറഞ്ഞു. മരിച്ചവരുടെ അന്തസ് സംരക്ഷിക്കുന്ന ചട്ടങ്ങൾ ഭരണഘടനയുടെ 21ആം വകുപ്പിലുണ്ട്.
വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Bodies of four Indians stranded abroad