
യൂണിവേഴ്സിറ്റി ഓഫ് മിസിസിപ്പിയിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് കുടിയേറ്റ നിയന്ത്രണ വിഷയം ഉന്നയിച്ച ഇന്ത്യൻ വിദ്യാർഥിനി ഇന്റർനെറ്റിൽ ശ്രദ്ധാ കേന്ദ്രമായി. പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾ യുഎസ് പറഞ്ഞു വന്ന കാര്യങ്ങൾക്കു കടക വിരുദ്ധമാണെന്നു വിദ്യാർഥിനി ചൂണ്ടിക്കാട്ടിയിരുന്നു.
"ഇവിടെ ആവശ്യത്തിലേറെ കുടിയേറ്റക്കാർ ഉണ്ടെന്നു നിങ്ങൾ പറയുന്നു. എന്നാണ് ആ എണ്ണം നിങ്ങൾ തീരുമാനിച്ചത്?" അവർ ചോദിച്ചു.
"ഞങ്ങൾക്കു നിങ്ങൾ ഒരു സ്വപ്നം വിറ്റു. ഞങ്ങളുടെ യൗവനവും പണവും ഈ രാജ്യത്തു ചെലവഴിക്കാൻ നിങ്ങൾ ഞങ്ങളെ പ്രേരിപ്പിച്ചു. ഞങ്ങൾ അതിനു വേണ്ടി കഠിനാധ്വാനം ചെയ്തു. നിങ്ങൾ ചോദിച്ച പണം ഞങ്ങൾ തന്നിട്ടുമുണ്ട്.
"ഇപ്പോൾ വൈസ് പ്രസിഡന്റായ നിങ്ങൾ പറയുന്നു ഇവിടെ ആവശ്യത്തിലധികം കുടിയേറ്റക്കാർ ഉണ്ടെന്നും അവരെയൊക്കെ പുറത്താക്കുമെന്നും. ഇതെന്തു ന്യായമാണ്?"
യുഎസിന് കുടിയേറ്റം കുറയ്ക്കാതെ വയ്യ എന്നായിരുന്നു വാൻസിന്റെ മറുപടി. യുവതി ഉന്നയിച്ച പോയിന്റുകൾക്കു അദ്ദേഹം കൃത്യമായ മറുപടി പറഞ്ഞില്ല. "നിയമപരമായി കടന്നു വന്നവരെ മാനിക്കുന്നു," വാൻസ് പറഞ്ഞു. "എന്നാൽ ഒരാളോ പത്തു പേരോ നൂറു പേരോ അങ്ങിനെ വന്നു യുഎസിനു സംഭാവനകൾ നൽകി എന്നതു കൊണ്ട് ഭാവിയിൽ ഞങ്ങൾ ഒരു മില്യനോ പത്തു മില്യനോ ആളുകളെ സ്വീകരിക്കണം എന്നർത്ഥമുണ്ടോ?
"യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയ്ക്ക് എന്റെ ജോലി ലോകത്തിന്റെ ആവശ്യങ്ങൾ അന്വേഷിക്കുക എന്നതല്ല, യുഎസ് ജനതയുടെ ആവശ്യങ്ങൾ നോക്കുക എന്നതാണ്."
ഇപ്പോൾ സ്വീകരിക്കുന്നതിനേക്കാൾ വളരെ വളരെ കുറച്ചു പേരെ മാത്രമേ ഭാവിയിൽ യുഎസ് സ്വീകരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീരി ഷോൾ പുതച്ച ഇന്ത്യൻ യുവതിയുടെ ചോദ്യങ്ങളും വാൻസിന്റെ മറുപടിയും അടങ്ങുന്ന വീഡിയോ നെറ്റിൽ വൈറലായി.
ക്രിസ്ത്യാനിയായ വാൻസ് ഹിന്ദു ഭാര്യ തന്റെ മതത്തിലേക്കു വരുമെന്നു പറഞ്ഞതിനെ കുറിച്ചും യുവതി ചോദിച്ചു. "അമേരിക്കയെ സ്നേഹിക്കുന്നു എന്നു തെളിയിക്കാൻ ഞാൻ ക്രിസ്ത്യാനി ആവണമെന്നുണ്ടോ?"
അതിനും വാൻസ് നേരിട്ടു മറുപടി പറഞ്ഞില്ല. ഉഷാ വാൻസ് ഒരിക്കൽ തന്റെ വിശ്വാസം ഉൾകൊള്ളുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു.
Indian woman raises immigration questions with Vance