
മിതാലി രാജും ജുലന്‍ ഗോസ്വാമിയും നിറഞ്ഞാടിയ കാലത്ത് കൈവിട്ട ലോകകിരീടം ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥനയും കൈപ്പിടിയിലാക്കി. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് വനിതാ ക്രിക്കറ്റ് ലോകകപ്പ്. നവി മുംബൈയില്‍ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു പരാജയപ്പെടുത്തി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ ഏഴിന് 298. ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 ഓള്‍ ഔട്ട്. മഴ മൂലം രണ്ടു മണിക്കൂര്‍ വൈകിത്തുടങ്ങിയ കളിയില്‍ ടോസ് ജയിച്ച ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാര്‍ട് ഇന്ത്യയെ ബാററിങ്ങിന് അയക്കുകയായിരുന്നു.

ഉപനായിക സ്മൃതി മന്ഥന ശ്രദ്ധയോടെ തുടങ്ങി. നേരിട്ട ആദ്യപന്ത് പോയിന്റിലൂടെ ബൗണ്ടറി കടത്തി ഷെഫാലി വര്‍മ മറുവശത്ത് ആക്രമിച്ചുതന്നെ തുടങ്ങി. 17.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ സ്‌കോര്‍ 100 കടന്നപ്പോള്‍ (102) അടിത്തറ ഒരുങ്ങുകയായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറുടെ അസാന്നിധ്യം ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയെ അലട്ടി. ഫൈനലിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഷെഫാലി വര്‍മയുടെയും(87 റണ്‍സ്, രണ്ടു വിക്കറ്റ്), ദീപ്തി ശര്‍മയുടെയും(58 റണ്‍സ്, അഞ്ചു വിക്കറ്റ്) ഓള്‍റൗണ്ട് മികവാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഷെഫാലി ഫൈനലിലെ മികച്ച കളിക്കായായെങ്കില്‍ ദീപ്തി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി. മറുവശത്ത് ഓപ്പണര്‍ കൂടിയായ ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാര്‍ട് സെഞ്ചുറിയുമായി(101) ഒറ്റയ്ക്കു പൊരുതി.
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഇല്ലാത്ത ആദ്യ ഫൈനലില്‍. ഇവര്‍ അല്ലാതെ മറ്റൊരു രാജ്യം 25 വര്‍ഷത്തിനുശേഷം ലോക ചാമ്പ്യന്‍മാരായി. 2000ത്തില്‍ ന്യൂസിലന്‍ഡ് ലോകകപ്പ് നേടിയിരുന്നു. 1978 ല്‍ സ്വന്തം നാട്ടില്‍ വനിതാ ലോകകപ്പില്‍ അരങ്ങേറിയ ഇന്ത്യ (1973 ലും 88ലും കളിച്ചില്ല) 2005ലും 2017ലും ഫൈനലില്‍ കടന്നിരുന്നു. യഥാക്രമം ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക മൂന്നു തവണ സെമിയില്‍ കടന്നിരുന്നെങ്കിലും ഫൈനല്‍ ആദ്യമായിരുന്നു.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ലീഗ് റൗണ്ടില്‍ പരാജയപ്പെട്ട ഇന്ത്യ ന്യൂസിലന്‍സിനെ തോല്‍പിച്ചാണ് സെമിയില്‍ എത്തിയത്. സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയമാകട്ടെ ചരിത്രമായി. ജമീമ റൊഡറിഗ്‌സിന്റെ സെഞ്ചുറിയുടെയും ഹര്‍മന്‍പ്രീതിന്റെ അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയുടെ 338 എന്ന സ്‌കോര്‍ മറികടന്നാണ് ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചത്. വനിതാ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിജയിച്ച ഏറ്റവും വലിയ റണ്‍ ചേസ് ആയിരുന്നത്.(48.3 ഓവറില്‍ അഞ്ചിന് 341).
ന്യൂസിലന്‍ഡിനെതിരെ സ്മൃതി മന്ഥനയ്ക്ക്(109) ഒപ്പം സെഞ്ചുറി(122) നേടിയ ഓപ്പണര്‍ പ്രതിക റാവല്‍ പരുക്കേറ്റു പിന്‍വാങ്ങിയപ്പോള്‍ പകരമിറങ്ങിയ ഷെഫാലി വര്‍മ ഒടുവില്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയശില്പിയായി. ഷെഫാലിയെ ടീമില്‍ എടുക്കാതിരുന്നത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. 298 റണ്‍സ് ഫൈനലില്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയ സ്‌കോര്‍ അല്ലായിരുന്നു. മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ സൂചന കണ്ടെങ്കിലും ടാസ്മിന്‍ ബ്രിറ്റ്‌സ് 23 റണ്‍സിന് റണ്‍ ഔട്ടായത് ആശ്വാസമായി. 40 ഓവറില്‍ ആറിന് 211ല്‍ ദക്ഷിണാഫ്രിക്ക എത്തിയപ്പോള്‍ ഇന്ത്യ പരിഭ്രമിച്ചു. മികച്ച ഫീല്‍ഡിങ്ങിനിടയ്ക്ക് ക്യാച്ചുകള്‍ കൈവിട്ടത് ആ പരിഭ്രമത്തിന്റെ ഫലമായിരുന്നു. നെഞ്ചില്‍ കൈവച്ച് ഇടയ്ക്കിടെ പ്രാര്‍ത്ഥിച്ച ഹര്‍മന്‍പ്രീതും സെഞ്ചുറി നേടിയിട്ടും പരാജയഭീതിമൂലം ആഘോഷിക്കാന്‍ കഴിയാതെപോയ ലോറയും ഫൈനലിന്റെ സമ്മര്‍ദത്തിന്റെ നേര്‍ക്കാഴ്ചകളായി.

2023 ലെ പുരുഷന്മാരുടെ ഏകദിന ലോകകപ്പില്‍ സമ്മാനത്തുക നാല് ദശലക്ഷം ഡോളര്‍ ആയിരുന്നെങ്കില്‍ വനിതകള്‍ക്ക് അത് 4.48 ദശലക്ഷം ഡോളര്‍ ആണ്. ചാമ്പ്യന്‍മാര്‍ക്ക് 39.77 കോടി രൂപയും റണ്ണേഴ്‌സ് അപ്പിന് 20 കോടി രൂപയും ലഭിക്കും. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മ്മയുടെ ടീം ട്വന്റി 20 ലോകകപ്പ് ജയിച്ചപ്പോള്‍ നല്‍കിയ ക്യാഷ് അവാര്‍ഡ് തന്നെയാകും ബി.സി.സി.ഐ. ഹര്‍മന്‍പ്രീതിനും ടീമിനും നല്‍കുക. 1983ലും 2011ലും ഏകദിന ലോകകപ്പും 2007ലും 2024ലും ട്വന്റി 20 ലോകകപ്പും ജയിച്ച ഇന്ത്യയുടെ പുരുഷ ടീമിനൊപ്പം ഇനി വനിതകള്‍ക്കും സ്ഥാനം.