
"എന്താ റാം ആലോചിക്കുന്നത് ? "
അനന്തതയിലേക്ക് മിഴിനട്ടിരിക്കുന്ന റാം മോഹന്റെ ചിന്തകൾക്ക് വിരാമമിടാനെന്നവണ്ണം ഗായത്രിയുടെ ചോദ്യം ....
അതവന്റെ ചെവിക്കു പുറത്തെവിടെയോ തട്ടത്തെറിച്ചകന്നുപോയി....
എപ്പോഴും ചിന്തകളുടെ ചിറകിലേറിയ ഭാവം...
പ്രത്യേകിച്ച് ഒന്നിലും ഒരു താത്പര്യവുമില്ല...പലപ്പോഴും
കുളിയും ഭക്ഷണം കഴിക്കലുംപോലും വല്ലാതെ നിർബന്ധിച്ചാൽമാത്രം
ഒരാഴ്ചയായി ഓഫീസിലും പോവുന്നില്ല ..
ആ മാറ്റം ഗായത്രിയിൽ വല്ലാത്ത അസ്വസ്ഥത പടർത്തി. സദാ സമയവും കളിയും ചിരിയും തമാശയുമായി നടന്നിരുന്നയാൾ നിസ്സംഗതയുടെ ആൾരൂപമായിമാറി എന്നു വേണമെങ്കിൽ പറയാം...
രണ്ടാഴ്ച മുൻപ് രാത്രിയിൽ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന വിയർപ്പിൽ കുളിച്ച റാം ഒരു കുപ്പിത്തണുത്ത വെള്ളം മുഴുവൻ കുടിച്ചതോർത്തു... നല്ല ക്ഷീണത്താൽ ഉറങ്ങിപ്പോയതിനാൽ അതിനുശേഷം എന്താണ് നടന്നതെന്ന് ഗായത്രിക്കും ഓർമ്മയില്ല.
എന്തുസ്വപ്നമാണ് കണ്ടതെന്ന് ആവർത്തിച്ചുചോദിച്ചിട്ടും റാം മറുപടി പറഞ്ഞതുമില്ല. രാവിലെ ഉണർന്നുനോക്കിയപ്പോൾ ജനാലയ്ക്കു പുറത്തേക്ക് മിഴിനട്ടിരിക്കുന്ന റാമിനെയാണ് കണ്ടത്.
രാത്രിമുതൽ ഇരിക്കുകയാണോ അതോ രാവിലെ എഴുന്നേറ്റശേഷമിരിക്കുന്നതാണൊ എന്നൊന്നും മനസ്സിലായില്ല. വല്ലപ്പോഴുംമാത്രം സംസാരിക്കും. ഒരു വാഗ്മിയെപ്പോലെ, തീർത്തും മുൻപത്തെപ്പോലെ അപ്പോൾ കുഴപ്പമൊന്നും തോന്നാറില്ല. പക്ഷേ. ഈ മൗനവും മണിക്കൂറുകളോളം പരിസരംമറന്നുള്ള ഇരിപ്പും അസഹ്യമാണ്.
ഓഫീസിലെ പ്രശ്നം വല്ലതുമാണോ ? അതോ ഇനി തന്റെ ഭാഗത്തുനിന്ന് വല്ല പാളിച്ചയും ....?
തിരിച്ചും മറിച്ചുള്ള ആലോചനകൾ അപ്പൂപ്പൻതാടിപോലെ പിടിതരാതെ കറങ്ങിനടന്നു.
"നമുക്കൊന്ന് പുറത്തു പോയാലോ? " ... കറങ്ങുന്ന ഫാനിലേക്ക് മിഴിയൂന്നിക്കിടക്കുന്ന
അവനെ കുലുക്കിവിളിച്ചുകൊണ്ട് ഗായത്രി ചോദിച്ചു.
അല്പനേരം അവൻ അവളെത്തന്നെ നോക്കിയിരുന്നു...
ചോദ്യമവന്റെ മനസ്സിൽ പതിഞ്ഞില്ലെന്നു മനസ്സിലാക്കിയ ഗായത്രി ആവർത്തിച്ചു.
"എങ്ങോട്ട് ?"
പ്രതികരണത്തിൽ അവൾക്കതിയായ സന്തോഷം തോന്നി.
"ബീച്ചിലേക്ക് '
സൂര്യനും മേഘങ്ങളും ഒളിച്ചുകളിക്കുന്ന ആകാശത്തിനു താഴേ
തീരത്തെ പുൽകാൻ വരുന്ന തിരകളെ നോക്കിയിരിക്കുന്ന സന്ധ്യകൾ അവനേറെ പ്രിയപ്പെട്ടതെന്നോർത്തെടുത്തവൾ പറഞ്ഞു
"പോവാം" പൊടുന്നനെയുള്ള അവന്റെ മറുപടി കേട്ടപ്പോൾ സന്തോഷം ഇരട്ടിച്ചു.
തീരുമാനം മാറ്റിയാലോ എന്നോർത്ത് പെട്ടെന്നവൾ ഡ്രസ്മാറിവന്നു. "യൂബർ ബുക്ക് ചെയ്യട്ടേ?" എന്ന അവളുടെ ചോദ്യത്തിന് മറുപടിയായി പുഞ്ചിരിച്ച് കീയെടുത്ത് പുറത്തിറങ്ങി വണ്ടിയെടുത്ത് തിരിച്ചിട്ടു .
അതുകൂടെ കണ്ടപ്പോൾ മനസ്സിൽ സമാധാനത്തിന്റെ നിഴൽ വീശി. എല്ലാം ശരിയാവും അവൾ മനസ്സിൽ പറഞ്ഞു.
പതിവുസ്ഥലത്ത് വണ്ടി നിറുത്തി, രണ്ടു പേരും ഇറങ്ങിനടന്നു. നടപ്പാതയിലൂടെ നടക്കുമ്പോഴും റാമിന്റെ മൗനം അസഹ്യമായിത്തോന്നി.
നടവഴിയിൽനിന്നിറങ്ങി പൂഴിമണലിൽ ആകാംക്ഷയോടെ നോക്കിയിരിന്നിരുന്ന കടല,ബേൽപ്പൂരിവില്പനക്കാരെ നിരാശയിലാഴ്ത്തിക്കൊണ്ടവർ മുന്നോട്ട് നീങ്ങി.
അവധിദിവസമല്ലാത്തതിനാലാവാം ബീച്ചിൽ അധികം തിരക്കുണ്ടായിരുന്നില്ല. അങ്ങിങ്ങായി ആളുകൾ വട്ടംകൂടിയിരിക്കുന്നു. കുറച്ചുപേർ തിരയിൽ കളിച്ചും സെൽഫിയെടുത്തും നടക്കുന്നു. കുതിരസ്സവാരിക്കാർ തലങ്ങും വിലങ്ങും കുതിരകളെയുംകൊണ്ട് നടക്കുന്നുണ്ട്. അവരുടെ പതിവു സ്ഥലത്തെത്തിയപ്പോൾ ഗായത്രി നടത്തം നിറുത്തിയെങ്കിലും രാം മോഹൻ നടന്നുകൊണ്ടിരുന്നു. തീരേ തിരക്കു കുറഞ്ഞ മത്സ്യബന്ധനബോട്ടുകൾ നിറുത്തിയിട്ടിരിക്കുന്ന ഭാഗത്തിലേക്കവർ നടന്നുനീങ്ങി.