Image

ചുമരു തേടുന്ന ചിത്രങ്ങൾ (ഭാഗം 2: സുമ ശ്രീകുമാര്‍)

Published on 06 November, 2025
ചുമരു തേടുന്ന ചിത്രങ്ങൾ (ഭാഗം 2: സുമ ശ്രീകുമാര്‍)

ഏകദേശം പതിനഞ്ചു മിനുട്ട്  തുടർന്നുകൊണ്ടിരുന്ന  നടത്തം അവസാനിപ്പിച്ചുകൊണ്ട് രാം മണലിൽ ഇരുന്നു;  തൊട്ടടുത്ത് ഗായത്രിയും

.തീർത്തും വിജനമായ ആ സ്ഥലം ഗായത്രിക്കും ഇഷ്ടമായി. അങ്ങനെയൊരു സ്ഥലത്ത് ഒരുപക്ഷേ,  ഉള്ളുതുറന്ന് സംസാരിച്ചേക്കാം എന്ന ചെറിയ ഒരു പ്രതീക്ഷ.

അവർ ആവേശത്തോടെ തീരം പുണരാൻ വെമ്പുന്ന തിരകളെ നോക്കിയിരുന്നു. വലിയ തിരകൾക്കിടയിൽ മുങ്ങിപ്പോവുന്ന കുഞ്ഞൻതിരമാലകൾ  തീരംതൊടാനാവാതെ വിഷമത്തോടെ പിൻമാറുന്നു...

മുഴുമിപ്പിക്കാതെ പാതിവഴിയിൽ കൊഴിഞ്ഞുവീഴുന്ന ജീവിതങ്ങൾപോലെ .

"രാമിനെന്താ വിഷമം  ? എന്തായാലും എന്നോടു പറഞ്ഞുകൂടേ?"
അവന്റെ കൈയില്‍ പിടിച്ച് ഗായത്രി ചോദിച്ചു.
" എന്തു വിഷമം?"
മറുചോദ്യത്തിൽ ഉത്തരമൊതുക്കി.

"പിന്നെന്താ ഈ മാറ്റം ?"
ഗായത്രിയും വിട്ടില്ല..

"എന്നോടു പറയാമെങ്കിൽ പറയൂ ... "

മറുപടി പറയാതെ കൈ വിടുവിച്ച് അവൻ തിരമാലകളെ  നോക്കിയിരുന്നു.

"എനിക്ക് തീരേ പരിചയമില്ലാത്ത ആളെയാണ് ഇപ്പോൾ കുറച്ചുദിവസമായി കാണുന്നത് ".

അവൻ കേൾക്കാത്ത ഭാവത്തിൽ തിരയെണ്ണൽ തുടരുന്നു...

ചോദിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ അവളും മൗനക്കൂടണിഞ്ഞ് തിരയെണ്ണാൻ കൂടി.

"നമുക്ക് തിരയിൽ കളിച്ചാലോ?" റാമിന്റെ പൊടുന്നനെയുള്ള ചോദ്യം കേട്ട അവള്‍ അമ്പരന്നുപോയി. തിരകളോടേറെ പ്രണയമാണെങ്കിലും കാലിൽ ഉപ്പുവെള്ളം പുരളുന്നതവന് തീരേ ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ പ്രിയപ്പെട്ടതെങ്കിലും റാമിന് താത്പര്യമില്ലാത്തതുകൊണ്ട് അവളും അപൂർവമായേ തിരയിലിറങ്ങാറുള്ളൂ. അഥവാ  ഇറങ്ങിയാലും അല്പനേരം കഴിഞ്ഞാൽ തിരിച്ചുവിളിക്കുകയാണ് പതിവ്.

ഇന്നിപ്പോൾ റാം ഇങ്ങോട്ടു പറഞ്ഞിരിക്കുന്നു. സന്തോഷത്തോടെ ചാടിയെഴുന്നേറ്റു....

രണ്ടുപേരും പതുക്കേ തിരയിലേക്കിറങ്ങി. തിരകളിൽ ചാടിത്തിമർക്കുമ്പോൾ അവൾ സ്വയം മറന്നുപോയി.

പതുക്കെയവർ തീരത്തുനിന്നകന്നുകൊണ്ടിരുന്നു.

"മതി റാം നമുക്ക് തിരിച്ചുപോവാം"

വെള്ളം വല്ലാതെ ഉയരത്തിലെത്തിയപ്പോൾ
അവൾ പറഞ്ഞു. പക്ഷേ, അവളുടെ കൈയിലെ പിടി വിടാതെ  അവൻ കൂടുതൽകൂടുതൽദൂരം മുന്നോട്ടു പോവാൻ ശ്രമിച്ചു.

"വാ... നീയല്ലേ പറയാറ്  കടലിനടിയിൽ മത്സ്യകന്യകകളുടെ കൊട്ടാരമുണ്ടെന്ന് .. ..നിറയെ പവിഴവും രത്നങ്ങളുമൊക്കെയുള്ള മനോഹരമായ കൊട്ടാരം ! നമുക്ക് അങ്ങോട്ടു പോവാം. " അവളുടെ കൈയിൽ മുറുക്കിപ്പിടിച്ച് അവൻ പറഞ്ഞു. കാൽച്ചുവട്ടിലെ മണൽത്തരികൾ ഊർന്നുപോവുന്നു.

ഒന്നോ രണ്ടോ തിരകൂടെ  വന്നാൽ പിടിച്ചുനിൽക്കാനാവില്ല.

അവന്റെ കടുത്ത സ്വരവും വലിഞ്ഞുമുറുകുന്ന മുഖവും കണ്ട് പേടിതോന്നിയ ഗായത്രി ഉറക്കെ നിലവിളിച്ചു. കടലലയിലത് അലിഞ്ഞുചേരുംപോലെ...

വീണ്ടും അവൻ അവളെ ആഴത്തിലേക്ക് വലിച്ചിഴച്ചു . ഗായത്രി സർവ്വശക്‌തിയുമെടുത്ത് നിലവിളിച്ച് അവനെ തിരിച്ചുവലിച്ചു.

എന്തോ പന്തികേട് തോന്നിയതിനാലാവും 
അല്പമകലെ   ബോട്ടിനടുത്ത് നിന്നിരുന്ന ആളുകൾ ഓടിവന്നു.

അവർ കൈകൊട്ടി, തിരികേ വരാൻ വിളിച്ചു.
ഗായത്രി ഉച്ചത്തിൽ നിലവിളിച്ചു. അവർ  ഇറങ്ങിച്ചെന്ന് രണ്ടുപേരെയും ആഞ്ഞുവലിച്ച് തീരത്തെത്തിച്ചു. തിരിച്ചുവരുമ്പോൾ  ഇത്രയും ദൂരം പോയതിനവർ രണ്ടു പേരെയും വഴക്കു =പറയുന്നുണ്ടായിരുന്നു.

സന്ധ്യ കഴിയുമ്പോൾ തിരമാലകൾക്ക് ശക്തികൂടും. അന്തമില്ലാതെപോയാൽ തിരിച്ചുവരില്ല .അങ്ങനെ  എന്തൊക്കെയൊ അവർ പറഞ്ഞുകൊണ്ടിരുന്നു.

അപ്പോഴും നനഞ്ഞുകുളിച്ച്   പേടി വിട്ടുമാറാത്ത ഗായത്രി റാമിനെ  നോക്കിനിന്നു. അവനും മുഴുവൻ നനഞ്ഞിട്ടുണ്ട്.  പ്രത്യേകിച്ച് യാതൊരു ഭാവവുമില്ലാതെ നിൽക്കുന്ന അവനെ  കണ്ടപ്പോൾ അവൾ കൂടുതൽ ചകിതയായി.

തിരിച്ച് വണ്ടിയിലേക്കു പിൻതുടരുമ്പോൾ ഒന്നും സംസാരിച്ചില്ലെങ്കിലും അവളുടെ മനസ്സാകെ തിരമാലകളെക്കാൾ ശക്തമായി ഇളകിമറിയുകയായിരുന്നു. എന്തിനായിരുന്നു റാം തന്നെയുംകൊണ്ട് കടലിലേക്കിറങ്ങിയത് ? രണ്ടുപേരും ചേർന്ന് 
കാലിനടിയിലേക്ക് താഴാനോ? അതോ തന്നെമാത്രം യാത്രയയയ്ക്കാനോ? അതല്ല വെറുംതമാശമാത്രമായിരുന്നോ?

ഉത്തരം കിട്ടാതെ പ്രഹേളികകൾ മനസ്സിൽ പ്രതിദ്ധ്വനി മുഴക്കി.

 

Read part-1: https://www.emalayalee.com/writer/311

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക