
ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി, ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എക്ക് (ദേശീയ അന്വേഷണ ഏജന്‍സി) ആഭ്യന്തര മന്ത്രാലയം കൈമാറിയിരിക്കുകയാണ്. 13 പേര്‍ കൊല്ലപ്പെടുകയും 30-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വിന്യാസം ഏര്‍പ്പെടുത്തി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അധിക ബാരിക്കേഡുകളും വാഹന പരിശോധനകളും സ്ഥാപിച്ചിട്ടുണ്ട്. എങ്ങും കനത്ത ജാഗ്രത.
സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോ. ഉമര്‍ മുഹമ്മദ് ആണെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോ. ഉമര്‍ മുഹമ്മദ് ആസൂത്രണം ചെയ്തതാണ് സ്‌ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഇയാളുടെ കശ്മീരിലെ വീട്ടില്‍ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടില്‍ ശാന്ത സ്വാഭാവി ആയിരുന്നു എന്നും സഹോദരനന്റെ ഭാര്യ പറയുന്നു.
ഉമര്‍ ആണ് ചാവേറായതെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകള്‍ എന്നിവയാണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡി.എന്‍.എ ഉമറിന്റെ അമ്മയുടേതുമായി സാമ്യമുള്ളതാണ്. കാറോടിച്ചിരുന്നത് ഉമര്‍ തന്നെയാണോ എന്നാണ് ഇനി അന്വേഷണ സംഘം ഉറപ്പിക്കേണ്ടത്.
ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ ഐ.ഇ.ഡി (ഇമ്പ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ചാവേര്‍ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഐ.ഇ.ഡിക്ക് റോഡ് സൈഡ് ബോംബ് എന്നും പേരുണ്ട്. പരമ്പരാഗതമായ യുദ്ധ ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ ഉപയോഗം. ഐ.ഇ.ഡികള്‍ കൂടുതലും തീവ്രവാദികളാണ് ഉപയോഗിച്ച് വരുന്നത്. ഒളിപ്പോരിലും കമാന്‍ഡോ ഓപ്പറേഷനുകളിലും ഐ.ഇ.ഡി ഉപയോഗിക്കാറുണ്ട്. തമിഴ് പുലികള്‍ ശ്രീലങ്കന്‍ സൈന്യത്തിന് നേരെ വ്യാപകമായി ഐ.ഇ.ഡികള്‍ ഉപയോഗിച്ചിരുന്നു
അതേസമയം, ഈ സംഭവവുമായി ബന്ധപ്പെട്ട് ഡോ. മുസമ്മില്‍ ഷക്കീല്‍ ഗനായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. രണ്ട് ഡോക്ടര്‍മാരും അയല്‍ക്കാരാണ്. അത് കൊണ്ട് തന്നെ ഇരുവരെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള എന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊയ്ലിയിലുള്ള ഉമറിന്റെ രണ്ട് നില വീട്ടില്‍ താമസിക്കുന്ന കുടുംബം സംഭവമറിഞ്ഞ് ആകെ ഞെട്ടിയിരിക്കുകയാണ്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരന്‍ താഴ്‌വരയില്‍ 2025 ഏപ്രില്‍ 22-ന് നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷംമറ്റൊരു ഭീകരാക്രമണത്തിന്റെ വേദനയിലാണ് ഇന്ത്യ.
ഈ ആക്രമണത്തില്‍ ഒരു തദ്ദേശവാസി ഉള്‍പ്പെടെ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും 20-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008-ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമായ ഇത്, പ്രത്യേകിച്ച് പുരുഷ ഹിന്ദു വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ളതും കശ്മീര്‍ താഴ്വരയിലെ ജനസംഖ്യാപരമായ മാറ്റങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെയുമായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ളതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്‌കര്‍ ഇ തോയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാര്യമായ ഭീഷണിയാണ് ഇന്ത്യയിലെ തീവ്രവാദം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ നിരവധി തീവ്രവാദ ഗ്രൂപ്പുകളെ അഭിമുഖീകരിക്കുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ തീവ്രവാദത്തില്‍ ഇസ്ലാമിക ഭീകരത, വിഘടനവാദ തീവ്രവാദം, ഇടതുപക്ഷ ഭീകരത, കാവി ഭീകരത എന്നിവ ഉള്‍പ്പെടുന്നു. കാശ്മീരിലെ ഇസ്ലാമിക് ഗ്രൂപ്പുകള്‍, പഞ്ചാബിലെ സിഖ് വിഘടനവാദികള്‍, അസമിലെ വിഘടനവാദ ഗ്രൂപ്പുകള്‍ എന്നിവയില്‍ നിന്ന് ഇന്ത്യ സ്ഥിരമായി നിരവധി ഭീകരാക്രമണങ്ങളെ നേരിടുന്നു.
ജമ്മു-കശ്മീര്‍, കിഴക്കന്‍-മധ്യ, തെക്ക്-മധ്യ ഇന്ത്യ, വടക്കുകിഴക്കന്‍ ഇന്ത്യ എന്നിവയാണ് ദീര്‍ഘകാല തീവ്രവാദ പ്രവര്‍ത്തനങ്ങളുള്ള പ്രദേശങ്ങള്‍. 800 ഓളം തീവ്രവാദ സെല്ലുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് 2008 ഓഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തെ 608 ജില്ലകളില്‍ 205 എണ്ണം തീവ്രവാദ പ്രവര്‍ത്തനങ്ങളാല്‍ ബാധിക്കപ്പെട്ടുവെന്ന് 2013-ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012-ല്‍ ലോകത്താകമാനം 11,098 പേര്‍ ഭീകരാക്രമണങ്ങളാല്‍ മരണമടഞ്ഞതില്‍ ഇന്ത്യയില്‍ 231 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് പറയുന്നു. ഇത് ആഗോളമായി നടന്ന ഭീകരാക്രമണ മരണത്തിന്റെ 2 ശതമാനം ആണെന്നു കണക്കാക്കുന്നു. ഇന്ത്യയിലെ ഭീകരതയെ പാകിസ്ഥാന്‍ പണം മുടക്കി നടത്തുന്നതാണെന്നതില്‍ സംശയമില്ല.
ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികള്‍ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ലഷ്‌കര്‍ ഇ തോയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകള്‍ സംയുക്തമായി ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ നടത്തിയ ആക്രമണമാണ് 2001 ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം. അഞ്ച് തീവ്രവാദികള്‍, ആറ് ഡല്‍ഹി പോലീസ് സേനാംഗങ്ങള്‍, രണ്ട് പാര്‍ലമെന്റ് സര്‍വീസ് ഉദ്യോഗസ്തര്‍ ഒരു ഗാര്‍ഡനര്‍ അടക്കം ആകെ 14 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു തീരാക്കളങ്കമായി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ ഈ ആക്രമണം സാരമായ വിള്ളല്‍ വീഴ്ത്തി. ഇന്ത്യാ-പാക് യുദ്ധം വരെയുണ്ടാകാനുള്ള സാധ്യതയ്ക്ക് ഈ ആക്രമണം വഴിവെച്ചു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയില്‍ 2008 നവംബര്‍ 26-ന് ആസൂത്രിതമായ 10 ഭീകരാക്രമണങ്ങള്‍ നടന്നു. 2008 നവംബര്‍ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബര്‍ 29-ന് ഇന്ത്യന്‍ ആര്‍മി അക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളില്‍ കൂടുതലും നടന്നത്. 50-നും 60-നും ഇടയില്‍ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദികള്‍ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതുന്നു.