
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും പ്രസിഡന്റ് ഡോണൾഡ് ട്രംപും ദീർഘകാലം സുഹൃത്തുക്കൾ ആയിരുന്നുവെന്നു തെളിയിക്കാൻ എപ്‌സ്റ്റീന്റെ ഇമെയിലുകൾ യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റുകൾ പുറത്തു വിട്ടതിനു പിന്നാലെ, ട്രംപിനു കടുത്ത അടിയേൽപിക്കാൻ തനിക്കു കഴിയുമെന്ന് എപ്‌സ്റ്റീൻ അവകാശപ്പെടുന്ന രേഖകളും പുറത്തു വന്നു.
2019ൽ ജയിലിൽ കിടന്നു മരിച്ച എപ്‌സ്റ്റീൻ ഉന്നതർക്ക് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്നു എന്ന ആരോപണം നിലനിൽക്കെ ആ കേസ് അടച്ചു പൂട്ടാനാണ് ട്രംപ് ശ്രമിച്ചുവന്നത്. എന്നാൽ എപ്‌സ്റ്റീന്റെ കൂട്ടു പ്രതി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ യുഎസ് ഹൗസ് കമ്മിറ്റിക്കു നൽകിയ രേഖകളാണ് ഡെമോക്രാറ്റുകൾ പുറത്തു വിട്ടത്.
ബുധനാഴ്ച്ച കോൺഗ്രസ് കമ്മിറ്റി പുറത്തു വിട്ടത് എപ്‌സ്റ്റീന്റെ 20,000 പേജ് ഇമെയിലുകളാണ്. ട്രംപിനെ കുറിച്ച് സ്വാധീനമുള്ള ആളുകൾ ചോദിക്കുമ്പോൾ അദ്ദേഹത്തെ പരുക്കേൽപിക്കുന്ന വിവരങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നു എപ്‌സ്റ്റീൻ മറുപടി നൽകുന്നു. "അയാളെ തീർത്തു കളയാൻ പറ്റുന്നയാൾ ഞാനാണ്."
ഹൗസ് വീണ്ടും സമ്മേളിക്കയും ഡെമോക്രാറ്റുകളുടെ എണ്ണം 218 ആവുകയും ചെയ്തതോടെ എപ്‌സ്റ്റീൻ ഫയലുകൾ ആവശ്യപ്പെട്ടു പുതിയ നീക്കം നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ റെപ്. തോമസ് മാസിയും ഡെമോക്രാറ്റ് റോ ഖന്നയുമാണ് അതിനു നേതൃത്വം നൽകുന്നവർ.
2011 ഏപ്രിലിൽ ട്രംപ് ടി വി ആങ്കർ ആയിരുന്ന കാലത്തു എപ്‌സ്റ്റീൻ എഴുതിയ ഒരു ഇമെയിലിൽ ഒരു 'ഇര' തന്റെ വീട്ടിൽ മണിക്കൂറുകളോളം ട്രംപിനൊപ്പം കഴിഞ്ഞെന്നു പറയുന്നു. "അതേപ്പറ്റി ഞാൻ ചിന്തിക്കുകയായിരുന്നു" എന്ന് മാക്‌സ്‌വെൽ മറുപടി നൽകുന്നുമുണ്ട്.
ജയിലിൽ കഴിയുന്ന മാക്‌സ്‌വെല്ലിനു മാപ്പു നൽകാൻ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കൂടുതൽ സ്വാതന്ത്ര്യമുള്ള ഒരു ജയിലിലേക്ക് അവരെ മാറ്റിയിരുന്നു.
എപ്‌സ്റ്റീന്റെ ഭീകരമായ കുറ്റകൃത്യങ്ങളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്നാണ് ഡെമോക്രാറ്റുകൾ വാദിക്കുന്നത്.
Epstein claimed he could 'take down' Trump