
എട്ടു ഡെമോക്രാറ്റുകളുടെ സഹായത്തോടെ യുഎസ് സെനറ്റും ആറു ഡെമോക്രാറ്റിക് വോട്ടുകളുടെ സഹായത്തോടെ ഹൗസും പാസാക്കിയ ഫണ്ടിംഗ് ബില്ലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതോടെ യുഎസ് സർക്കാർ വീണ്ടും തുറന്നു. ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണ സ്തംഭനമാണ് ബുധനാഴ്ച്ച അവസാനിച്ചത്: 43 ദിവസം.
ഫെഡറൽ ജീവനക്കാർക്ക് ഇനി ജോലിയിൽ തിരിച്ചെത്താം. ശമ്പള കുടിശികയും കിട്ടും. മുൻ സൈനികർക്കുള്ള സേവനങ്ങൾ വീണ്ടും ആരംഭിക്കും.
യുഎസിലെ വരുമാനം കുറഞ്ഞ വിഭാഗങ്ങൾക്കുള്ള ഭക്ഷണ സഹായവും വീണ്ടും ആരംഭിക്കും. അതിനുള്ള സ്നാപ്പ് പദ്ധതിക്ക് ഇനി മുഴുവൻ പണവും നൽകാൻ കഴിയും. ഇവയെല്ലാം 2026 സെപ്റ്റംബർ 30 വരെ തുടരാനുള്ള പണം അനുവദിച്ചിട്ടുണ്ട്.
"രാജ്യം വീണ്ടും പ്രവർത്തന സജ്ജമാക്കുന്ന ബില്ലിൽ ഒപ്പിടാൻ കഴിഞ്ഞത് അവിശ്വസനീയമായ ബഹുമതിയാണ്," ഓവൽ ഓഫിസിൽ ട്രംപ് പറഞ്ഞു.
ഒബാമകെയർ തുടരാനുള്ള പണം നൽകണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം മിണ്ടരുത് എന്നായിരുന്നു മുൻ നിലപാട്. അതേ സമയം, തീവ്രവാദി ഡെമോക്രാറ്റുകൾ സർക്കാർ അടച്ചു പൂട്ടിയെന്നും $1.5 ട്രില്യൺ നഷ്ടം വരുത്തിവച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൗസിൽ 222-209 ഭൂരിപക്ഷത്തിലാണ് ബിൽ പാസായത്. ആറു ഡെമോക്രാറ്റുകൾ അനുകൂലിച്ചപ്പോൾ റിപ്പബ്ലിക്കൻ പക്ഷത്തു നിന്ന് റെപ്. തോമസ് മാസി (കെന്റക്കി), ഗ്രെഗ് സ്റ്റിയൂബ് (ഫ്ലോറിഡ) എന്നിവർ എതിർത്ത് വോട്ട് ചെയ്തു.
മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് പറഞ്ഞു: "പോരാട്ടം കഴിഞ്ഞിട്ടില്ല." ഒബാമകെയറിനു പണം നൽകിയില്ലെങ്കിൽ മൈക്ക് ജോൺസണു സ്‌പീക്കർ കസേര കാണില്ലെന്ന് അദ്ദേഹം താക്കീതു നൽകി. ട്രംപിനും പണി പോകും.
Govt reopens as Trump signs funding bill