പണ്ടുപണ്ടേയുള്ള ഒരു പഴഞ്ചൊല്ലാണിത്. അല്‍പ്പജ്ഞാനം ആപല്‍ക്കരം. അതായത് 
എന്തിനെയെങ്കിലും പറ്റി യാതൊരറിവും ഇല്ലാത്തതിലും അപകടകാരിയാണ് അല്പ്പമായ, 
അപൂര്‍ണ്ണമായ അറിവുമാത്രം ഉണ്ടായിരിക്കുന്ന സാഹചര്യം. 
അല്‍പ്പം 
അറിവുണ്ടെങ്കില്‍ അത്രയും നല്ലതല്ലേ എന്ന് ചിലര്‍ക്ക് തോന്നിയേക്കാം. അതിനു 
ഉപോല്‍ബലകമായി എള്ളു കൊറിച്ചാല് എള്ളോളം എന്ന് ഒരു പഴഞ്ചൊല്ലുണ്ടല്ലോ എന്നും 
ചിലര്‍ പറഞ്ഞേക്കാം. 
പക്ഷെ അല്‍പ്പജ്ഞാനം ആപല്‍ക്കരം 
തന്നെയല്ലേ?
ഒരു ചെറിയ ഉദാഹരണം പറയട്ടെ. 
തന്റെ ജോലികളെല്ലാം 
പൂര്‍ത്തിയാക്കിയിട്ടുമാത്രം വൈകിട്ട് വീട്ടിലേക്കുപോകുന്ന ഒരു നല്ല ഓഫീസറാണ് 
പുരുഷോത്തമന്. ഭാര്യ ശോഭന. പരസ്പരസ്നേഹത്തോടെ ജീവിക്കുന്ന 
ദമ്പതികള്‍.
ഒരു ദിവസം പുരുഷോത്തമന് ഓഫീസില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞത് 
സന്ധ്യകഴിഞ്ഞാണ്. വീട്ടിലേക്കു നടന്നുപോകാനുള്ള ദൂരമേ ഉള്ളൂ. പക്ഷെ 
പകുതിവഴിയായപ്പോള് ഭയങ്കര മഴ. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം ഒരു 
വീടിന്റെ വരാന്തയില്‍ കയറിനിന്നു. മഴ തോര്‍ന്നപ്പോള്‍ അദ്ദേഹം വീട്ടിലേക്കു പോയി. 
ആ വീട്ടിലെ താമസക്കാര്‍ ആരെന്നുപോലും അദ്ദേഹത്തിനറിവില്ല. അവരാരും അദ്ദേഹത്തെ 
കണ്ടതുമില്ല. 
പക്ഷെ ആ വീട്ടില്‍ ഒരു സ്ത്രീ മാത്രമായിരുന്നു താമസം. അവരുടെ 
പോക്ക് ശരിയല്ല എന്ന വാസ്തവമോ അവാസ്തവമോ ആയ അഭിപ്രായമുള്ള പലരും ഉണ്ടായിരുന്നു. 
അതിലൊരു സ്ത്രീ ശോഭനയോട് അവരുടെ ഭര്‍ത്താവ് സന്ധ്യകഴിഞ്ഞു ആ വീട്ടില്‍ നിന്നും 
ഇറങ്ങിവരുന്നത് കണ്ടെന്നു പറഞ്ഞു. പോരേ പൂരം? പിന്നെ വളരെ കഷ്ടപ്പെട്ടാണ് 
വിവാഹമോചനത്തില്‍ നിന്ന് ആ നല്ല മനുഷ്യന് രക്ഷപ്പെട്ടത്. പക്ഷെ ഭാര്യയുടെ സംശയം 
ഒരിക്കലും തീര്‍ന്നില്ല. 
എന്തുകൊണ്ടങ്ങിനെ പറ്റി? ഭാര്യയുടെ 
സ്നേഹിതയ്ക്ക് ദുരുദ്ദേശമോ ഓഫീസറെ കുഴപ്പത്തിലാക്കാനുള്ള ആഗ്രഹമോ ഒന്നും 
ഉണ്ടായിരുന്നില്ല. അവര്‍ തനിക്കുകിട്ടിയ അപൂര്‍ണ്ണമായ അറിവ് കൂട്ടുകാരിക്ക് 
നല്കി. പുരുഷോത്തമന് സന്ധ്യക്ക് ആ വീട്ടില്‍ നിന്നും ഇറങ്ങിവരാന്‍ ഇടയായതെങ്ങനെ 
എന്നതിനെപ്പറ്റി പൂര്‍ണ്ണമായ അറിവ് ആ സ്ത്രീയ്ക്ക് ലഭിച്ചിരുന്നെങ്കില്‍ യാതൊരു 
പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. അല്‍പ്പജ്ഞാനം എത്രയേറെ ആപല്ക്കരമായിതീര്ന്നു! 
ഒന്നാലോചിച്ചാല്‍ ഈ ലോകത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം അല്‍പ്പജ്ഞാനം 
തന്നെയാണ്. 
രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുകയായിരുന്നു. ഒരാള്‍ പറഞ്ഞു. 
`ഫലത്തിനെപ്പറ്റിയുള്ള ഉല്‍ക്കണ്ഠയോടെ എന്തെങ്കിലും ജോലി ചെയ്താല്‍ ഒരിക്കലും 
ശരിയാകുകയില്ല. ജോലി ശരിയായി ചെയ്യുക. അപ്പോള്‍ ശരിയായ ഫലം ദൈവം 
തന്നുകൊള്ളും.`
മറ്റെയാള്‍ മറുപടി പറഞ്ഞു. `അങ്ങനെ എല്ലാം ദൈവം തന്നുകൊള്ളും 
എന്ന് പറഞ്ഞിരിക്കാന്‍ പാടില്ല. അത് ശരിയല്ല.`
ആദ്യത്തെയാള്‍ 
ഭഗവത്ഗീതയിലെ കര്‍മ്മയോഗത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. പക്ഷെ മറ്റെയാളിന് 
അത് മനസ്സിലാക്കാനുള്ള കഴിവില്ല എന്ന ജ്ഞാനം അയാള്‍ക്കുണ്ടായിരുന്നില്ല. 
കേള്‍ക്കുന്നയാളെപ്പറ്റിയുള്ള അയാളുടെ അറിവ് അപൂര്‍ണ്ണമായിരുന്നു. ഫലമോ? 
മറ്റെയാള്‍ അയാളെ ഒരു ഹാസ്യകഥാപാത്രമാക്കി. 
രണ്ടുപേര്‍ തമ്മില്‍ 
ഒരു തര്‍ക്കം നടക്കുന്നു എന്ന് കരുതുക. ഒരു പ്രത്യേക സാഹചര്യത്തിലാണ് തര്‍ക്കം. 
രണ്ടുപേര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ടാകും. അവര്‍ അതിന്റെ അടിസ്ഥാനത്തില്‍ 
വീറോടും വാശിയോടും തര്‍ക്കിച്ചു വിജയിക്കാന്‍ ശ്രമിക്കുന്നു. ഒരുപക്ഷെ അത് 
അടികലശലില് അവസാനിച്ചേക്കാം. കാരണമെന്ത്? ഓരോരുത്തരും പ്രശ്നത്തിന്റെ ഒരു വശം 
മാത്രം കാണുന്നു. പ്രശ്നത്തെ രണ്ടുപേരും മറ്റെയാളിന്റെ ഭാഗത്തുനിന്നുകൂടി കാണാന്‍ 
ശ്രമിച്ചിരുന്നെങ്കില്‍ തര്‍ക്കവും തുടര്‍ന്നുണ്ടാകുന്ന വിക്രിയകളും 
ഒഴിവാക്കാമായിരുന്നില്ലേ?
അല്‍പ്പജ്ഞാനം എന്നാല്‍ പൂര്‍ണ്ണമായ അറിവ് 
ഇല്ലാത്ത അവസ്ഥയാണല്ലോ? ഒരു സംഭവത്തെ വിവിധകോണുകളിലൂടെ കണ്ടാല്‍ മാത്രമേ 
അതിനെപ്പറ്റി പൂര്‍ണ്ണമായ അറിവ് ലഭിക്കുകയുള്ളൂ. അതായത് ഒരു സംഭവം 
വിവിധതലങ്ങളിലും വ്യക്തികളിലും ഉണ്ടാക്കുന്ന പ്രതികരണവും പ്രതിപ്രവര്‍ത്തനവും 
മനസ്സിലാക്കി അതനുസരിച്ച് എല്ലാവരും പെരുമാറിയാല്‍ എല്ലാ കലഹങ്ങളും 
ഒഴിവാക്കിക്കൂടെ? അതായത് ഓരോരുത്തരും മറ്റുള്ളവരുടെ വീക്ഷണകോണിലൂടെ ഓരോ 
വസ്തുതയേയും കണ്ട്, മറ്റുള്ളവരുടെ ചിന്താഗതി മനസ്സിലാക്കി സഹകരിച്ചു 
പ്രവര്‍ത്തിച്ചാല്‍ കലഹങ്ങള്‍ നീങ്ങില്ലേ? രാഷ്ട്രങ്ങള്‍ തമ്മില്‍പോലും ഈ സത്യം 
ബാധകമല്ലേ? 
പണം ഉണ്ടെങ്കില്‍ എല്ലാമായി എന്നല്ലേ മിക്കവാറും എല്ലാവരും 
തന്നെ മനസ്സിലാക്കിയിരിക്കുന്നത്? അതുകൊണ്ടുതന്നെ പണം ഉണ്ടാക്കാനായി ഏതറ്റം വരെ 
പോകാനും എന്ത് അക്രമം ചെയ്യാനും പലരും തയാറാകുന്നു. ചിലര്‍ ശരിക്കും ഗുണ്ടകളും 
കൊലപാതകികളും ആകുന്നു. ചിലര്‍ പാവപ്പെട്ടവനോട് കൈക്കൂലി മുതലായവ വാങ്ങുന്നു. 
ചിലര്‍ മറ്റുചില തട്ടിപ്പും വെട്ടിപ്പും നടത്തുന്നു. പക്ഷെ നിങ്ങള്‍ ഒന്ന് 
ആലോചിച്ചിട്ടുണ്ടോ? ഇവര്‍ക്ക് എപ്പോഴെങ്കിലും മനസമാധാനം ലഭിക്കുന്നുണ്ടോ? 
ആരെയെല്ലാം ഭയന്നാണ് അവര്‍ ജീവിക്കുന്നത്? പോലീസിനെ, വിജിലന്‍സിനെ, 
ഇന്കംടാക്സ്കാരേ, രാഷ്ട്രീയക്കാരെ, പൊതുജനങ്ങളെ. എല്ലാത്തിനുമുപരി ഭാവിയേ. 
ഭാവിയെന്ന അനിശ്ചിതത്വത്തെ. 
ഒന്നാലോചിച്ചുനോക്കൂ. കെട്ടിപ്പൊതിഞ്ഞുവക്കാന് 
പണമില്ലാത്തവന്റെ ജീവിതത്തില്‍ എത്ര ശാന്തതയാണ്? മുകളില്‍ പറഞ്ഞവയില്‍ ഒന്നിനെയും 
അവന് ഭയപ്പെടുന്നില്ല. 
അപ്പോള്‍ ആരുടെ ജീവിതമാണ് അഭികാമ്യം? 
പണമില്ലാത്തവന്റെതു തന്നെ. ശരിയല്ലേ? എങ്കിലും നാം പണത്തിനു പിന്നാലെ പായുന്നു. 
പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറയുന്നു. പക്ഷെ വാസ്തവത്തില്‍ 
ചുറ്റുപാടുമുള്ള എല്ലാം തന്നെ പണത്തിനു മേലെയല്ലേ? പണമോ ഭൂമിയോ സ്വര്‍ണ്ണമോ 
എന്തായാലും ആഹാരത്തിനോ ദേഹം മറയ്ക്കാനോ ഉതകുമോ? പട്ടിണികിടക്കുന്നവന് പത്തേക്കര്‍ 
സ്ഥലം എഴുതിക്കൊടുത്താല്‍ അത് തിന്ന്! അവന് വിശപ്പടക്കാനാകുമോ? 
ഈ 
പൂര്‍ണ്ണജ്ഞാനം ലഭിച്ചവന് പണത്തിനു പിറകെ പായില്ലല്ലോ? ശാന്തമായി ജീവിതം 
നയിക്കുകയില്ലേ? 
അപ്പോള്‍ പണത്തിനെപ്പറ്റിയായാലും അല്‍പ്പജ്ഞാനം ആപല്‍ക്കരം 
തന്നെ. 
ജ്ഞാനം എന്നതില്‍ തിരിച്ചറിവും ഉള്‍പ്പെടുന്നുണ്ടല്ലോ? ഏതാണ് ശരി, 
ഏതാണ് തെറ്റ് എന്ന തിരിച്ചറിവ് എല്ലാ മനോവേദനകളില്നിന്നും നമ്മെ 
രക്ഷപ്പെടുത്തും. മനോവേദനയല്ലേ ഏറ്റവും വലിയ കഷ്ടപ്പാട്? 
കയറിനെ 
പാമ്പെന്നുകരുതി ഭയപ്പെടുന്നതിനെപ്പറ്റി ഭാരതീയതത്വശാസ്ത്രം പറയുന്നു. സത്യത്തേയും 
മിഥ്യയേയും പറ്റി പ്രതിപാദിക്കുമ്പോഴാണ് ഈ വിശദീകരണം വരുന്നത്. ഒരാള്‍ നേരിയ 
വെളിച്ചത്തില്‍ നടന്നുപോകുകയാണ്. മുന്പില് ഒരു പാമ്പിനെക്കണ്ട് അയാള്‍ 
ഭയന്നുപോകുന്നു. അപ്പോള്‍ എങ്ങുനിന്നോ വെളിച്ചം അവിടെ എത്തുന്നു. ആ വെളിച്ചത്തില്‍ 
അത് പാമ്പല്ല, കയറാണെന്ന് അയാള്‍ തിരിച്ചറിയുന്നു. ഒരല്പ്പവും വെളിച്ചം 
ഇല്ലായിരുന്നെങ്കിലും അപകടം ഇല്ലായിരുന്നു. കാരണം അപ്പോള്‍ അയാള്‍ കയര്‍ കാണുകപോലും 
ഇല്ലായിരുന്നു. നേരിയ വെളിച്ചത്തില്‍ ആ കയര്‍ കാണാനിടയായതാണ് അയാളെ 
അല്പ്പജ്ഞാനിയാക്കിയത്. ഭയത്തിന് ഇരയാക്കിയത്. 
എന്തിനെയെങ്കിലും പറ്റി 
പൂര്‍ണ്ണജ്ഞാനം നേടാന്‍ കഴിയുമോ എന്ന് ചിലര്‍ സംശയിച്ചേക്കാം. ന്യായമായ സംശയം. 
പക്ഷെ ഏതൊരു സംഗതിയും മറ്റുള്ളവരുടെ വീക്ഷണകോണിലൂടെയും കാണാന്‍ ഒരു ശ്രമം 
നടത്തിയാല്‍ എന്തെന്തു പ്രശ്നങ്ങള്‍ ഒഴിവാക്കാം? 
************
കൃഷ്ണ