ആര്‍ക്കാണ് മരണാനന്തരജീവിതത്തില്‍ താല്പര്യമില്ലാത്തത്. ഈ ലോകത്തില്‍ 
കഷ്ടപ്പെട്ടാലും വേണ്ടില്ല കാലത്തിന് അളവില്ലാത്ത ഒരു പരലോകത്തില്‍ 
ജീവിക്കുന്നത് ഭാവനയില്‍ കാണുന്നതുതന്നെ കോരിത്തരിപ്പിക്കുന്ന സുഖം, 
അല്ലേ?
വേദശാസ്ത്രനിപുണരുമായി ഒരു വാദപ്രതിവാദത്തിന് മുതിരുന്നത് അത്ര 
പന്തിയല്ലെന്ന് എനിക്കറിയാം. പുനരുത്ഥാനവും പുനര്‍ജ്ജന്മവും എഴുപത്തിരണ്ട് 
കന്യകമാരെയും `കൈസര്‍ക്കുള്ളത് കൈസര്ക്കെന്ന്' പറയുന്നതുപോലെ അവര്‍ക്കുതന്നെ 
കൊടുത്തേക്കാം. ഈ ചെറുലേഖനത്തിലൂടെ എന്തെങ്കിലും സ്ഥാപിച്ചെടുക്കുന്നതിനുപകരം 
സങ്കല്പത്തിന്റെയും ചിന്തയുടെയും ചക്രവാളം ഒന്ന് വിപുലപ്പെടുത്താനായാല്‍ 
അത്രയുമായി. അല്ലെങ്കിലെന്തേ യുക്തിവാദംകൊണ്ട് തെളിവുസഹിതം എന്തെല്ലാം 
തുറന്നുകാട്ടിയാലും പ്രയോജനമൊന്നുമില്ലല്ലോ.
നമുക്ക് സൂര്യനോടുള്ള ബന്ധം 
ചേര്‍ത്തുവെച്ചിട്ടാണ് കാലം അളക്കുന്നത്. അതു വിച്ഛേദിക്കപ്പെട്ടാല്പ്പിന്നെ 
അനന്തതയാണ്, നിത്യതയാണ്! ദൈവത്തിന്റെ ലോകമാണ്! ഇവിടെ വാക്കുകള്‍ 
ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നറിയാം. മുഖ്യാര്ത്ഥത്തിനുപരി ഓരോരുത്തരും 
തങ്ങളുടെ വിശ്വാസങ്ങള്‍ക്കും സങ്കല്പങ്ങള്ക്കും ആചാരങ്ങള്‍ക്കും ചേരുംപടി 
എന്തെല്ലാമാണ് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
ജീവിച്ചിരിക്കുമ്പോഴത്തെ 
പ്രശ്നങ്ങള്‍ താല്‍ക്കാലികമാണെന്നും, അതുകൊണ്ട് നാമെല്ലാം ഏറെ ശ്രദ്ധ 
ചെലുത്തേണ്ടത് മരണാനന്തര കാലത്തിലേക്കാണെന്നുമാണല്ലോ മതങ്ങളുടെ `മതം'! ശരിയാണ്, 
`എഴുപത് ഏറെയായാല്‍ എണ്പതു'കൊണ്ട് തീരും. അപ്പോള്‍പിന്നെ ഈ `അനന്തര'മായി സൗരയൂഥം 
പൊട്ടിത്തെറിച്ചാലും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമുക്ക് 
എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന മലയാളിക്കഥകളിലേക്ക് തന്നെ വരാം.
ഇന്ന് 
ഞാന്‍ പരിണാമതത്വങ്ങളില് ഏറെ വിശ്വസിക്കുന്നു. കാരണം പറയാം. ആദ്യമായി 
അമേരിക്കയില്‍ വരുമ്പോള്‍ മലയാളി സമൂഹത്തിന്റെ ചര്‍ച്ചാവിഷയം ഒന്നൊഴിയാതെ 
കാറുകളെപ്പറ്റിയായിരുന്നു.
ബ്രാന്‍ഡ്, നിറം തുടങ്ങിയ ചര്‍ച്ചകളായിരുന്നു 
തുടക്കം. അത് ഒതുങ്ങിനിന്നത് കാറുകളുടെ ലോകത്തിലെ അവൈദഗ്ദ്ധ്യരില് മാത്രം. 
നേരില്‍ കാണുന്നതിന്റെ ഭംഗിയില്‍ മാത്രം. ലേശം അറിവുള്ളവര്‍, മങ്ങിയ 
നിറത്തിനെതിരായി കടുപ്പത്തിലേക്ക് കടക്കുന്നു, ആകാശത്തിന്റെ നിറമല്ല, ആഴിയുടേതാണ് 
അഭികാമ്യമെന്നാണ് അവരുടെ പക്ഷം. ഇനിയും യന്ത്രപരമായി മനസ്സിനെ 
ക്രമീകരിച്ചിട്ടുള്ളവര്ക്ക് ഹുഡ് തുറന്നുള്ള വ്യാഖ്യനങ്ങളുമായിരുന്നു പത്ഥ്യം, 
അന്നത്തെ കാറിന്റെ ഹൃദയമായിരുന്ന കാര്‍ബുറേറ്ററിന്റെ 
സാങ്കേതികളെപ്പറ്റി.
പരിണാമതത്വങ്ങള്‍ തുടരുന്നു: കുഞ്ഞുങ്ങളുടെ ഡയപ്പറിന്റെ 
വിലയും കിന്റര്‍ഗാര്‍ട്ടനും `ഹോണര്‍ റോളും' പിന്നിട്ട് പരിണാമദശയില്‍ക്കൂടി 
സഞ്ചരിക്കുകയാണ്. റിട്ടയര്‍ ചെയ്യുമ്പോഴത്തെ ചര്‍ച്ച മക്കളുടെയും മരുമക്കളുടെയും 
പ്രമോഷനും കഴിഞ്ഞ് തങ്ങളുടെ രക്തസമ്മര്‍ദ്ദത്തിലേക്കും ഷുഗറിലേക്കും കടക്കുന്നു. 
ഇനിയുമെന്ത് എന്ന ചോദ്യത്തിന്റെ അവസാനം വരുന്നതാണ് സുപ്രധാനമായ 
അടുത്തപടി.
ആദയക്കച്ചവടത്തിന്റെ കഥ : ഭയങ്കര ലാഭത്തില്ക്കിട്ടി, ഒരു 
കൂട്ടര് സ്ഥലം മാറിപ്പോയപ്പോള്‍ പാതി വിലക്കാണ് തന്നത്. അല്ലെങ്കില്‍ അവസാനം ആ 
പ്രോപ്പര്‍ട്ടി കമ്പനി ഏറ്റെടുക്കുമായിരുന്നു, അവകാശികളില്ലാതെ 
വരുമ്പോള്‍.
ഞങ്ങള്‍ പോയിക്കണ്ടതാ, പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന 
വടവൃക്ഷം. കിളികളുടെ പാട്ട് സദാ, സ്വര്ഗീയഗാനങ്ങള്പ്പോലെ, മാലാഖമാര്‍ 
പാടുന്നതുപോലെ.
കണ്ണെത്താത്ത ദൂരം വരെ പുല്‍ത്തകിടി. അത് ആഴ്ചയില്‍ 
ഒരിക്കല്‍ വെട്ടിനിര്‍ത്തുന്നു. ഇപ്പോള്‍ നുള്ളിയെടുത്ത പൂക്കള്‍ തവണ 
മുടങ്ങാതിരിക്കാന്‍ കരാറുകാരാണ് സമര്‍പ്പിക്കുന്നത്. അതും ഭക്ത്യാദരപൂര്‍വം 
വേണമെന്നാണ് ഏര്‍പ്പാട്, അത് അവര്‍ പാലിക്കുന്നുണ്ടെന്നാണ് 
അറിവ്.
പ്രധാന വീഥിയില്‍നിന്ന് എത്രയോ ഉള്ളിലോട്ടാണ്. അതുകൊണ്ടെന്താ 
ലേശവും ശബ്ദമില്ല. ഒരു ശല്യവുമില്ല. മഫ്ളര്പൊട്ടിയ കാറുകളുടെ പറപറപ്പന്‍ 
ഇല്ലെന്ന് ചുരുക്കം.
അപൂര്‍വ്വതയായി കാട്ടരുവിയും, അതേ കാട്ടരുവിപോലുള്ള 
നീര്ച്ചാല്, സദാകളകളാരവം. വടവൃക്ഷത്തിന്റെ തൊട്ടടുത്തുവന്നിട്ട് അതൊന്ന് 
വട്ടംചുറ്റുന്നു, ഒരു ചെറിയ ജലപാതം സൃഷ്ടിച്ചതിനുശേഷം, നയാഗ്രാഫാള്സിന്റെ ഒരു 
ചെറിയ മാതൃക. ദൈവം സഹായിച്ച് അതൊരു പാതി വിലയ്ക്ക് കിട്ടി.
ഒരു കാര്യം 
മറന്നു. ഇതൊരു അലവലാതിയൊന്നുമല്ല, തനി വെള്ളക്കാരാ ഇവിടെ മൊത്തം. കറമ്പന്റെയോ 
മെക്സിക്കന്റെയോ പൊടിപോലുമില്ല. പിന്നെ ഞങ്ങടെ പിടിപാടുകൊണ്ട് 
കിട്ടിയെന്നേയുള്ളൂ. നമ്മുടെ കൂട്ടര്‍ക്കൊന്നും ഇനിയും കിട്ടുമെന്നും 
കരുതേണ്ട.
തൊട്ടടുത്ത് ആരാന്നറിയാമോ? മേയര്‍, സിറ്റി മേയര്‍, 
അതിനപ്പുറത്ത് സാന്‍ഫോര്‍ഡ് അന്‍ഡ് സാന്‍ഫോര്‍ഡ് കമ്പനിയുടെ `സിഇഒ'. അടുത്ത 
നിരയില്‍ മുന്‍ഗവര്‍ണ്ണര്‍ ഉണ്ടെന്നും പറഞ്ഞുകേട്ടു. പിന്നെ തൊട്ടു മുന്നില്‍ ഒരു 
ഡോക്ടറാ, ഒരത്യാവശ്യം വന്നാല്‍...
തുടര്‍ന്ന് അയാളൊരു ചോദ്യം 
ലാഭക്കച്ചവടമല്ലേയെന്ന്?
ശരിയാണ് ശ്മശാനത്തിലെ സൗകര്യങ്ങളെപ്പറ്റിയും 
ആഡംബരങ്ങളെപ്പറ്റിയുമായിരുന്നു ഈ വര്ണ്ണനയെന്ന് അറിയുമ്പോള്‍ നിങ്ങളും 
പൊട്ടിച്ചിരിക്കുകയില്ലേ, റോഡിലെ ശബ്ദശല്യമില്ലാത്ത, സൈ്വര്യം കെടുത്താത്ത ഉറക്കം 
അഭികാമ്യമെന്ന് അറിയുമ്പോള്‍, ഒരു ഡോക്ടര്‍ തൊട്ടുമുന്നിലുണ്ടെന്ന് 
അറിയുമ്പോള്‍!
ഏതായാലും ഞാന്‍ അയാള്‍ക്കൊരു `ആര്‍ഐപി', നിത്യശാന്തി, 
നേര്‍ന്നു!