യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന ഭീഷണികൾക്കിടയിൽ കാനഡ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു. തിങ്കളാഴ്ച്ച രാവിലെ പോളിംഗ് ബൂത്തുകൾ നിറയുമ്പോൾ 'അമേരിക്കൻ ഭീഷണി' പ്രധാന വിഷയമായി ഉയർത്തിപ്പിടിച്ച ഭരണ ലിബറൽ പാർട്ടിക്കു അനുകൂല കാലാവസ്ഥയാണ് കാണുന്നത്.
കാനഡയെ യുഎസിന്റെ 51ആം സംസ്ഥാനമായി കൂട്ടിച്ചേർക്കുമെന്ന് ഭീഷണി ആവർത്തിക്കയും കനത്ത ഇറക്കുമതി തീരുവ ചുമത്തുകയും ചെയ്യുന്ന ട്രംപിനോടുള്ള രോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് കാണുന്നത്. ഭരണ പരാജയത്തിന്റെ പേരിൽ പിന്നിലായിരുന്ന ലിബറൽസ് പുതിയ നേതാവായി മാർക്ക് കാർണി വരിക കൂടി ചെയ്‌തതോടെയാണ് മുന്നേറ്റമുണ്ടാക്കിയത്. ഏറ്റവും ഒടുവിലത്തെ സർവേയിൽ അവർക്കു 3% ലീഡുണ്ട്. 42.8% ലിബറൽസ്, 39.2% കൺസർവേറ്റിവ്സ് എന്നിങ്ങനെ നിൽക്കുമ്പോൾ നിർണായകമാവുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് 8.1% ആണുള്ളത്.
എന്നാൽ 3% ലീഡ് കൊണ്ട് ലിബറൽസ് 338 അംഗ അധോസഭയിൽ 180 സീറ്റിലധികം നേടും എന്നാണ് പ്രതീക്ഷ. കൺസർവേറ്റിവ് പാർട്ടി 125ൽ ഒതുങ്ങാം. ഖാലിസ്ഥാൻ അനുഭാവമുളള എൻ ഡി പി ഇക്കുറി 10 സീറ്റിൽ താഴെ അവസാനിക്കും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ തവണ 24 സീറ്റ് നേടിയ അവർ ലിബറൽ ഭരണത്തെ താങ്ങി നിർത്തിയിരുന്നു.
ജനുവരിയിൽ ട്രംപ് അധികാരമേൽക്കുമ്പോൾ ലിബറൽ പാർട്ടി 23% പിന്നിലായിരുന്നു.
കാനഡയിലെ 28 മില്യൺ വോട്ടർമാരിൽ 7.3 മില്യൺ ഒരാഴ്ച മുൻപ് ഏർലി വോട്ടിങ്ങിൽ പങ്കെടുത്തിരുന്നു.
ആദ്യഫലങ്ങൾ തിങ്കളാഴ്ച്ച രാത്രി (കനേഡിയൻ സമയം) പ്രതീക്ഷിക്കുന്നു. ലിബറൽസ് വിജയിച്ചാൽ മാർക്ക് കാർണി പ്രധാനമന്ത്രിയായി തുടരും. ഇന്ത്യയുമായുള്ള 'അസാമാന്യ' ബന്ധങ്ങൾ ഉഷാറാക്കുമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
Canadians vote as anti-Trump trend seen