കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് അവഗണിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കെഎസ്ഇബി. അതിരപ്പിള്ളി പദ്ധതി ടൂറിസം പദ്ധതിയായി പരിഷ്‌കരിക്കാനും ആദിവാസി സ്‌കൂള്‍, ആദിവാസി ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നത്.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു പതിറ്റാണ്ട് മുമ്പ് നിര്‍ത്തിവച്ചിരുന്നതാണ് 163 മെഗാവാട്ട് അതിരപ്പിള്ളി പദ്ധതി.
സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഹ്യൂമന്‍ സെറ്റില്‍മെന്റ്സ് (സി-എര്‍ത്ത്) മലങ്കര അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ബാണാസുരസാഗര്‍ അണക്കെട്ട് എന്നിവിടങ്ങളിലെ ടൂറിസം വികസനത്തെക്കുറിച്ച് 2025 ജനുവരി 17 ന് ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നിര്‍ദേശം ഉയര്‍ന്നതായി, ഏപ്രില്‍ 24 ന് കെഎസ്ഇബി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് 8 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡയറക്ടര്‍ (ജനറേഷന്‍) ആണ് ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്. മാര്‍ച്ച് 19 ന് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗം അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് അനുമതി നല്‍കാനുള്ള പ്രമേയം പാസാക്കി. സി-എര്‍ത്തിന്റെ നിര്‍ദ്ദേശം പഠിക്കാന്‍ കെഎസ്ഇബി ഒരു ചീഫ് എഞ്ചിനീയറെ നിയമിച്ചു. ഏപ്രില്‍ 28 ന് കെഎസ്ഇബി ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ടൂറിസം, വൈദ്യുതി ഉല്‍പാദന പദ്ധതി എന്ന നിലയില്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി ഒരു പ്രായോഗികതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പ്രസ്താവനയില്‍ അറിയിച്ചു. 'പഠനത്തിന്റെ അടിസ്ഥാനത്തില്‍, കെഎസ്ഇബി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ പദ്ധതി അവതരിപ്പിക്കും. ഉയര്‍ന്നുവരുന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം.' അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റാന്‍ കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ് അതിരപ്പള്ളി പദ്ധതി പുനഃപരിശോധിക്കാന്‍ കെഎസ്ഇബി നിര്‍ബന്ധിതരായതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പീക്ക്-അവര്‍ ഡിമാന്‍ഡ് 5,800 മെഗാവാട്ട് ആണെങ്കിലും, ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 1,800 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സോളാര്‍ പവര്‍ പ്രോജക്ടുകളില്‍ നിന്ന് ബോര്‍ഡിന് ഏകദേശം 1,500 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും, പകല്‍ സമയത്ത് മാത്രമേ ഇത് ലഭ്യമാകൂ, പീക്ക്-അവര്‍ ഡിമാന്‍ഡ് നിറവേറ്റാന്‍ ഇത് സഹായിക്കുന്നില്ല. ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതോടെ, അമിത വിലയ്ക്ക് പുറത്തു നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി നിര്‍ബന്ധിതരാകുന്നുവെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.
ആദ്യ നിര്‍ദ്ദേശം അനുസരിച്ച്, അതിരപ്പിള്ളി പദ്ധതിക്ക് 4 എംസിഎം വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടാകും, ഇത് 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കും. 40 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള നാല് ജനറേറ്ററുകള്‍ പദ്ധതിയിലുണ്ടാകും. അതിരപ്പിള്ളി വെള്ളച്ചാട്ടം സജീവമായി നിലനിര്‍ത്താന്‍, വെള്ളച്ചാട്ടത്തിന് മുകളില്‍ 3 മെഗാവാട്ട് ഉത്പാദന യൂണിറ്റ് സ്ഥാപിക്കും. വൈദ്യുതി ഉല്‍പ്പാദനത്തിനു ശേഷം തുറന്നുവിടുന്ന വെള്ളം അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ സജീവമായി നിലനിര്‍ത്തും. പുറത്തുവിടുന്ന വെള്ളം അതിരപ്പിള്ളി റിസര്‍വോയറില്‍ സംഭരിച്ച് വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിക്കും. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നത് വര്‍ഷം മുഴുവനും അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളിലെ ജലപ്രവാഹം ഉറപ്പാക്കാന്‍ സഹായിക്കും. കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) 2001, 2005, 2007 വര്‍ഷങ്ങളില്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയിരുന്നു. പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ഇനി ഒരു ഡിപിആര്‍ തയ്യാറാക്കി MoEF&CC യുടെ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം, പരിസ്ഥിതി അനുമതിക്കുള്ള നടപടിക്രമങ്ങള്‍ ബോര്‍ഡ് വീണ്ടും ചെയ്യേണ്ടതുണ്ട്. 1979 ലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യം ഉയര്‍ന്നു വരുന്നത്. 163 മെഗാവാട്ടാണ് പദ്ധതിയുടെ കപ്പാസിറ്റി. പൊകലപ്പാറയില്‍ ഡാം നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടത്. ജനറേഷന്‍ യൂണിറ്റ് കണ്ണന്‍കുഴിയില്‍ സ്ഥാപിക്കാനുമാണ് നിര്‍ദേശം ഉണ്ടായിരുന്നത്.