ന്യൂഡൽഹി; കാസി കോടതി, (ദാറുല്‍ കാജ) കാജിയത്ത് കോടതി, ശരിഅത്ത് കോടതി മുതലായവയ്ക്ക് നിയമത്തില്‍ അംഗീകാരമില്ലെന്ന് സുപ്രീം കോടതി. ഇത്തരം കോടതികള്‍ ഏത് പേരിലായാലും ഏത് രീതിയിലായാലും ഇവയ്ക്ക് നിയമപരമായ അംഗീകാരമില്ലെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ 125-ാം വകുപ്പ് പ്രകാരം ഒരു മുസ്ലീം സ്ത്രീയ്ക്ക് ജീവനാംശം അനുവദിച്ചുകൊണ്ട് വിധി പറയുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
ഇത്തരം സ്ഥാപനങ്ങളുടെ ഏതെങ്കിലും പ്രഖ്യാപനമോ തീരുമാനമോ ലേബല്‍ ചെയ്തിരിക്കുന്ന ഏത് പേരിലായാലും ആരെയും ബാധിക്കില്ലെന്നും നിര്‍ബന്ധിത നടപടിയിലൂടെ അത് നടപ്പാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമരായ സുധാന്‍ഷു ധൂലിയ, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഇത്തരം ബോഡികളുടെ പ്രഖ്യാപനങ്ങള്‍ നിയമപരമായ സൂക്ഷ്മ പരിശോധന നേരിടാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗം ബാധിക്കപ്പെട്ട കക്ഷികള്‍ ഈ തീരുമാനങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.