Image

പാകിസ്ഥാൻ തെമ്മാടി രാജ്യം, കുറ്റസമ്മതത്തിൽ അതിശയമില്ല; രൂക്ഷമായി വിമര്‍ശിച്ച് അംബാസഡർ യോജ്‌ന പട്ടേൽ

രഞ്ജിനി രാമചന്ദ്രൻ Published on 29 April, 2025
പാകിസ്ഥാൻ തെമ്മാടി രാജ്യം, കുറ്റസമ്മതത്തിൽ അതിശയമില്ല; രൂക്ഷമായി വിമര്‍ശിച്ച് അംബാസഡർ യോജ്‌ന പട്ടേൽ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന പാകിസ്താൻ തെമ്മാടി രാജ്യമാണെന്ന് കുറ്റപ്പെടുത്തി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യു എന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്‍വർക്ക് രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ യോജ്‌ന പട്ടേലാണ് ഭീകരതയെ അപലപിച്ചത്. ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നതിന് പാകിസ്ഥാന്റെ പ്രതിനിധി സംഘത്തെ അവർ വിമർശിച്ചു. ഇന്ത്യയെ ‘അതിർത്തി കടന്നുള്ള ഭീകരതയുടെ ഇര’ എന്ന് വിശേഷിപ്പിച്ച പട്ടേൽ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ തുറന്ന കുറ്റസമ്മതവും ചൂണ്ടിക്കാട്ടി. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ചരിത്രം പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ് സമ്മതിച്ചത് ലോകം മുഴുവൻ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല.

ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു ‘തെമ്മാടി രാഷ്ട്ര’മാണ് പാകിസ്ഥാൻ, ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ലെന്നും പട്ടേൽ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേല്‍ നന്ദി അറിയിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണയെന്ന് പട്ടേൽ കൂട്ടിച്ചേർത്തു.

 

 

 

English summary:

Pakistan is a rogue nation, no surprise in its admission of guilt;Harshly criticized by Ambassador Yojna Patel.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക