കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം തടവ് മരവിപ്പിക്കാതെ സുപ്രീംകോടതി. ശിക്ഷ മരവിപ്പിക്കണമെന്ന ഭട്ടിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കാൻ കഴിയില്ല എന്ന് പറഞ്ഞത്.
1990 ൽ നടന്ന കസ്റ്റഡി മരണക്കേസിലാണ് ഗുജറാത്തിൽ നിന്നുള്ള ഐപിഎസ് ഓഫീസറായ സഞ്ജയ് ഭട്ട് ജയിലാകുന്നത്. 1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എഎസ്പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണിലാണ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തനിക്കെതിരെയുള്ള കേസുകൾ ബിജെപിയുടെ പകപോക്കലാണെന്ന് സഞ്ജീവ് ഭട്ട് പറയുന്നത്. 2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ഗുജറാത്ത് കലാപത്തിനും വംശഹത്യക്കും വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് സഞ്ജീവ് ഭട്ട് മൊഴി നല്‍കിയിരുന്നു. ഇതാണ് ഭട്ടിനെതിരെയുള്ള കേസുകൾക്ക് കാരണമെന്നാണ് പറയുന്നത്. ഗുജറാത്ത് സർക്കാർ കെട്ടിച്ചമച്ച കേസാണ് സഞ്ജീവ് ഭട്ടിനെ കുടുക്കാൻ ഉപയോഗിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.