തൃശൂർ: ചാലക്കുടി ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണെന്ന് നാരായണദാസ് വെളിപ്പെടുത്തി. കുടുംബ-സാമ്പത്തിക തർക്കങ്ങളാണ് പ്രതികാരത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടത്തൽ. വ്യാജ എൽഎസ്ടി സ്റ്റാമ്പ് സംഘടിപ്പിച്ച് ഷീലാ സണ്ണിയുടെ സ്കൂട്ടറിലും വെച്ചത് ലിവിയ ജോസാണെന്നും താനും ലിവിയയും സുഹൃത്തുക്കളാണെന്നും നാരായണദാസ് വെളിപ്പെടുത്തി.
കേസിൽ ലിവിയ ജോസിനെ രണ്ടാം പ്രതിയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ലിവിയ ദുബായിലേക്ക് കടന്നു കളയുകയായിരുന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ കടന്നതെന്ന് പൊലീസ് കണ്ടെത്തി. 2023 മാര്‍ച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും വ്യാജ ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. കേസിൽ 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ രാസ പരിശോധനയിലാണ് ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായത്. ഇതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.
നാരായണദാസാണ് ഷീലയുടെ വാഹനത്തില്‍ ലഹരിയുള്ള കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.