മോശം സന്ദേശമുള്ളതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ സിനിമകള്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ . സമൂഹത്തെ കാര്‍ന്നുതിന്നുന്ന രോഗമായി ലഹരി ഉപയോഗം മാറിയിരിക്കുകയാണെന്നും, അതിനെതിരെ കടുത്ത മുന്നറിയിപ്പും ഇടപെടലും അനിവാര്യമാണെന്നും ബാവ വ്യക്തമാക്കി.
‘ലഹരി ഉപയോഗിക്കരുതെന്ന് പ്രസംഗിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ലഹരി വിപത്തിനെതിരായി സന്നദ്ധപ്രവര്‍ത്തനം തീര്‍ച്ചയായും വേണ്ടിവരും,” ബാവ ചൂണ്ടിക്കാട്ടി. കുട്ടികളിലെ മൂല്യബോധം കാത്തുസൂക്ഷിക്കുന്നതിന് മാതാപിതാക്കളും സമൂഹവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മോശമായ സിനിമകളില്‍ നിന്ന് കുട്ടികളെ സുരക്ഷിതമാക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ബാവാ നിര്‍ദ്ദേശിച്ചു. ”അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു. പഴയകാലത്ത് നന്മയും മൂല്യബോധവും പങ്കുവെച്ച സിനിമകള്‍ ഇപ്പോഴത്തെ പ്രവണതകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. കൊള്ളയടിക്കാം, എങ്ങനെ ആളുകളെ കൊല്ലാം എന്നതൊക്കെയാണ് സിനിമകളുടെ പ്രമേയ”മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു