കോഴിക്കോട് പ്രതിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു. കോഴിക്കോട് എസ്എച്ച്ഒയ്ക്കും പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബാബുവിനുമാണ് കുത്തേറ്റത്. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് പൊലീസുകാരെ ആക്രമിച്ചത്. ലഹരിക്കേസില്‍ പ്രതിയായ അര്‍ജാസിനെ ഏറെക്കാലമായി പൊലീസിന് പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ പൊലീസ് ഇയാളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. ഇതിലുള്ള പകയാണ് അക്രമത്തിലേക്ക് നയിച്ചത്.
നോട്ടീസ് പതിച്ച പൊലീസുകാരന്‍ ഇന്ന് മറ്റൊരു പ്രതിയെ പിടികൂടാന്‍ പോയതിനിടെയാണ് അര്‍ജാസില്‍ നിന്ന് ആക്രമണമുണ്ടാകുന്നത്. ഇയാള്‍ പൊലീസ് വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടുകയും ആക്രമിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം ശ്രമിക്കുന്നതിനിടെയും ഇയാള്‍ പൊലീസുകാരെ ആക്രമിച്ചു. ഒടുവില്‍ ഏറെ സാഹസികമായാണ് പൊലീസുകാര്‍ അര്‍ജാസിനെ കീഴ്‌പ്പെടുത്തിയത്.
English summary:
Anger Over Drug Case Notice Posted in Front of House; Youth Stabs and Injures Police Officers