ന്യൂഡല്‍ഹി ; ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റിസ് ആയി മെയ് 14 നാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മെയ് 13 ന് നിലവിലുള്ള ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് എത്തുന്നത്. ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന വ്യക്തിയാണ് ജസ്റ്റിസ് ഗവായ്.
1960 നവംബര്‍ 24 ന് അമരാവതിയിലാണ് ജസ്റ്റിസ് ഗവായ് ജനിച്ചത്. ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്നാണ് പൂര്‍ണനാമം. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ ജസ്റ്റിസ് രാജ എസ് ബോണ്‍സാലെയോടൊപ്പമാണ് ജസ്റ്റിസ് ഗവായ് 1987 വരെ പ്രവര്‍ത്തിച്ചത്. 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം, പ്രധാനമായും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബര്‍ 12-ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24 ന് ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു.