അമേരിക്കയിലെ വാഷിംഗ്ടണിൽ ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കർണാടക സ്വദേശിയായ ടെക് സംരംഭകൻ ജീവനൊടുക്കി. മാണ്ഡ്യ സ്വദേശിയായ ഹർഷവർധന എസ്. കിക്കേരി (57) ആണ് ഭാര്യ ശ്വേത (44), പതിനാലുകാരനായ മകൻ എന്നിവരെ കൊലപ്പെടുത്തിയ ശേഷം സ്വയം മരണം വരിച്ചത്. ഏപ്രിൽ 24-ന് ന്യൂകാസിലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇത് വൈകിയാണ് പുറംലോകം അറിഞ്ഞത്.
ഹർഷവർധനയും ശ്വേതയും സ്ഥാപകരായ മൈസൂരു ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനി 'ഹോലോവേൾഡ്' 2022-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. അതിനുശേഷം ഇവർ കുടുംബത്തോടൊപ്പം യുഎസിലേക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്. സംഭവം നടക്കുമ്പോൾ ഇളയ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നും നിലവിൽ സുരക്ഷിത സ്ഥാനത്താണെന്നും പോലീസ് അറിയിച്ചു.
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അയൽക്കാർ ഈ കുടുംബം സൗഹൃദപരവും എന്നാൽ അതേസമയം സ്വകാര്യത സൂക്ഷിക്കുന്നവരുമായിരുന്നു എന്ന് പ്രതികരിച്ചു. റോബോട്ടിക്സ് വിദഗ്ധനായിരുന്ന ഹർഷവർധന മുമ്പ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷയ്ക്ക് റോബോട്ടുകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.
English summary:
Indian Tech Entrepreneur Dies by Suicide After Killing Wife and 14-Year-Old Son in the U.S.