അഹമ്മദാബാദ്: എയർ ഇന്ത്യ ഗുജറാത്ത് വിമാന അപകടത്തിൽ ഇതുവരെ 133 പേര്‍ മരിച്ചതായാണ് വിവരം. കത്തിയമര്‍ന്നതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. ജീവനക്കാരുള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദ് വിമാനത്താവളം വിമാന ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് രണ്ടാം തവണ. 37 വര്‍ഷം മുമ്പ് 1988 ഒക്ടോബര്‍ 19ന് മുംബൈ- അഹമ്മദാബാദ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെട്ട് 164 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബോയിംഗ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. ഇത്തവണയുണ്ടായ അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ 35 അടി താഴേക്ക് വീണ് 18 പേരാണ് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടിയ വന്‍ ദുരന്തമാണ് അഹ്മദാബാദില്‍ ഇന്നുണ്ടായത്.
ഇതേസമയം അപകടത്തിന് പിന്നാലെ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി അറിയിപ്പിൽ പറയുന്നു. രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.
ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്.