തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി കാറിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. റിധന്യ (27) ആണ് മരിച്ചത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങൾ വിവരിക്കുന്ന റിധന്യയുടെ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഭർത്താവ് കെവൻ കുമാർ, ഭർത്താവിൻ്റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിലിലാണ് 100 പവൻ സ്വർണവും 70 ലക്ഷം രൂപ വിലയുള്ള കാറും നൽകി റിധന്യയുടെ വിവാഹം നടന്നത്. എന്നാൽ, വിവാഹശേഷം സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങൾ ആരംഭിച്ചതായാണ് വിവരം.
ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ റിധന്യ, യാത്രാമധ്യേ വഴിയിൽ കാർ നിർത്തി കീടനാശിനിയായി ഉപയോഗിക്കുന്ന ഗുളികകൾ കഴിക്കുകയായിരുന്നു. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിന് മുൻപ് റിധന്യ തൻ്റെ പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് റിധന്യ സന്ദേശങ്ങളിൽ പറയുന്നു.
"എൻ്റെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. നിങ്ങളും അമ്മയുമാണ് എൻ്റെ ലോകം. എൻ്റെ അവസാന ശ്വാസം വരെ അച്ഛനായിരുന്നു എൻ്റെ പ്രതീക്ഷ, പക്ഷേ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ക്ഷമിക്കണം അച്ഛാ എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു," റിധന്യയുടെ സന്ദേശത്തിൽ പറയുന്നു.
English summary:
Dowry harassment over 100 sovereigns of gold and a car worth ₹70 lakhs: Woman dies by suicide in Tiruppur following abuse from husband’s family.