അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല തന്റെ ശാസ്ത്ര പരീക്ഷണങ്ങള്‍ ആരംഭിച്ചു. അദ്ദേഹം നിലയത്തിലെ ലൈഫ് സയന്‍സസ് ഗ്ലവ് ബോക്സില്മയോജെനസിസ് പരീക്ഷണത്തിനായി സമയം ചെലവഴിച്ചതായി ആക്സിയം സ്പേസ് വ്യക്തമാക്കി. വിവിധ ഇന്ത്യന്‍ ലബോറട്ടറികളില്‍ നിന്നുള്ള ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു ശുക്ള ബഹിരാകാശ നിലയത്തില്‍ നടത്തുക. അതിൽ ആദ്യത്തേതാണ് ബെംഗളുരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റെം സെല്‍ സയന്‍സ് ആന്റ് റിജനറേറ്റീവ് മെഡിസിന് വേണ്ടിയുള്ള മയോജെനസിസ് പരീക്ഷണം.
14 ദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയ ആക്സിയം 4 ദൗത്യ സംഘാംഗങ്ങളെല്ലാം അവരെ ചുമതലപ്പെടുത്തിയ ശാസ്ത്ര ദൗത്യങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും ആക്സിയം സ്പേസ് പറയുന്നു.
ശുക്ലയുടെ മയോജെനസിസ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളിലൂടെ ബഹിരാകാശ സഞ്ചാരികള്‍ നേരിടുന്ന അസ്ഥിപേശികളുടെ നശീകരണം ഉള്‍പ്പടെയുള്ള അവസ്ഥകള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കാനാവും.