കൊൽക്കത്ത: കൊൽക്കത്തയിലെ ലോ കോളേജിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിസ്ര സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കൊലപാതകശ്രമം, ലൈംഗികാതിക്രമം, പിടിച്ചുപറി എന്നിവയുൾപ്പെടെ കുറഞ്ഞത് അഞ്ച് കേസുകളെങ്കിലും മിസ്രയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൊൽക്കത്ത പൊലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2013-ൽ ലോ കോളേജിൽ പഠനം തുടങ്ങി ഒരു വർഷം ആയപ്പോഴാണ് മിസ്രയുടെ കുറ്റകൃത്യങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. മിസ്രയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെങ്കിലും മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ് അറസ്റ്റിൽനിന്ന് രക്ഷപ്പെട്ടു. 2017 ൽ കോളേജ് ക്യാമ്പസിൽ വീണ്ടും എത്തുകയും മറ്റൊരു കേസിൽ പ്രതിയാവുകയും ചെയ്തു. എന്നാൽ, ഈ കേസിലും പൊലീസ് അന്വേഷണം നടത്തിയിട്ടും മിസ്ര സ്വതന്ത്രനായി വിഹരിക്കുകയായിരുന്നുവെന്നാണ് വിവരം.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥികളെ തടഞ്ഞുവയ്ക്കുക, അവരിൽനിന്ന് പണം തട്ടിയെടുക്കുക, ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളിൽ അയാൾക്കെതിരെ കേസെടുത്തു. പക്ഷേ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 2022-ൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റാഗിങ്, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് ഒന്നാം വർഷ വിദ്യാർത്ഥി നൽകിയ പരാതിയും തേഞ്ഞുമാഞ്ഞുപോയി.
2018 ൽ, കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ മിസ്രയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതോടെ സഹപാഠികളെല്ലാം അകന്നു. "2013 മുതൽ 2015 വരെ അവനെ ആരും കണ്ടില്ല, പിന്നീട് തിരിച്ചെത്തി 2017 ൽ വീണ്ടും കോഴ്സിൽ ചേർന്നു.ഒരു സഹപാഠി പറഞ്ഞു
കോളേജിൽ നിന്ന് ബിരുദം നേടി നാല് വർഷത്തിന് ശേഷം, മിശ്ര സർവകലാശാലയിലേക്ക് തിരിച്ചുവന്നു. തൃണമൂൽ കോൺഗ്രസ് എംഎൽഎ അധ്യക്ഷനായ കോളേജ് ജനറൽ ബോഡിയുടെ ശുപാർശ പ്രകാരം താൽക്കാലിക സ്റ്റാഫായി നിയമനം നേടുകയായിരുന്നു. നിയമ വിദ്യാർത്ഥിനിയെ ലോ കോളേജ് ക്യമ്പസിനുള്ളിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് മിസ്ര ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.