തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടികളുടെ അമ്മയായ അനീഷയെ വിയ്യൂർ വനിതാ ജയിലിലേക്കും, കാമുകൻ ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റാൻ ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സംഭവത്തിൽ കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ പോലീസ് ഇന്ന് കണ്ടെത്തിയിരുന്നു. പ്രതിയായ അനീഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലഭിച്ച അവശിഷ്ടങ്ങൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി ഡിവൈ.എസ്.പി. അറിയിച്ചു.
രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷയാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 2021 നവംബർ ആറിന് പ്രസവിച്ച ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്റെ ഇടത് വശത്തുള്ള മാവിൻ്റെ ചുവട്ടിൽ കുഴിച്ചിട്ടെന്നായിരുന്നു അനീഷയുടെ മൊഴി. ഒരു അടി താഴ്ചയിൽ കുഴിച്ചപ്പോൾ തന്നെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പരിശോധനാസംഘം ആമ്പല്ലൂരിലെ ഭവിൻ്റെ വീട്ടിലെത്തി. വീടിന് പിന്നിലുള്ള വെള്ളം നിറഞ്ഞ ചാലിൽ വെള്ളം വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. പിന്നീട് ഭവിനെ വീട്ടിലെത്തിച്ച് വ്യക്തത വരുത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 29-നായിരുന്നു അനീഷയുടെ രണ്ടാമത്തെ പ്രസവം. ഈ കുഞ്ഞിനെയും അനീഷ ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമിൽ സൂക്ഷിക്കുകയും, അടുത്ത ദിവസം ഭവിനെ ഏൽപ്പിക്കുകയുമായിരുന്നു. ഭവിനാണ് രണ്ടാമത്തെ കുഞ്ഞിൻ്റെ മൃതദേഹം കുഴിച്ചിട്ടത്. ദോഷം മാറുന്നതിനായി ഈ മൃതദേഹാവശിഷ്ടങ്ങൾ ഇരുവരും കുഴിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് ഭവിൻ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്നുപറഞ്ഞത്. കേസിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
English summary:
Puthukkad newborn baby murder case: Accused remanded for 14 days; Aneesha to be shifted to Viyyur and Bhavin to Irinjalakuda sub-jail.