രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനം അപകടത്തില്‍പ്പെടുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ ക്രമാനുഗതമായി അവലോകനം നടത്തിവരികയാണ്. എന്‍ജിനുകള്‍ക്ക് പെട്ടെന്നുണ്ടായ തകരാര്‍, സിസ്റ്റം തകരാര്‍ തുടങ്ങിയ സാധ്യതകളും മാനുഷികമായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെ അപകടകാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് കരുതുന്നത്.
“അപകടം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിശദമായ അന്വേഷണം നടത്തിവരികയാണ്. അട്ടിമറിക്കുള്ള സാധ്യതയടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നിരവധി ഏജന്‍സികള്‍ അന്വേഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.”- മുരളീധര്‍ മൊഹോൽ പറഞ്ഞു.
ജൂണ്‍ 12-ന് ആണ് 275 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്.