കോട്ടയം പനയ്ക്കപ്പാലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് രശ്മി (35), ഭർത്താവ് വിഷ്ണു (36) എന്നിവരുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയാണെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും വിഷ്ണുവിനെ മർദിക്കുകയും ചെയ്തതായി വിവരമുണ്ട്. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തിയും ഇവർ അവഹേളിച്ചെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കെട്ടിട നിർമാണ കരാറുകാരനായ വിഷ്ണുവിന് കോവിഡിന് ശേഷമാണ് സാമ്പത്തിക ബാധ്യതകൾ ആരംഭിച്ചത്. തുടർന്ന് ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാറുകൾ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദനവും ഉണ്ടായത്. യൂത്ത് കോൺഗ്രസിൻ്റെ രാമപുരം മുൻ മണ്ഡലം പ്രസിഡൻ്റ് കൂടിയായിരുന്നു വിഷ്ണു.
ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
English summary:
Kottayam Panayappala couple suicide incident: indications point to involvement of a blade mafia.