ചിക്കാഗോ: ലോഗൻ സ്ക്വയറിൽ വീടിന് തീയിട്ടശേഷം നാല് വയസുകാരനായ മകനെ 36 തവണ കുത്തിക്കൊലപ്പെടുത്തുകയും 13 വയസുള്ള മകളെയും 10 വയസുള്ള മകനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ മാതാവ് വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും.
ജൂലൈ നാലിനായിരുന്നു ക്രൂരമായ ഈ സംഭവങ്ങൾ നടന്നത് . മക്കൾക്ക് പിശാച് ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു കുട്ടികൾക്ക് നേരെ ടോൾബെർട്ടിന്റെ ആക്രമണം. ഇളയ മകൻ ജോർദാൻ വാലസിനെ കത്തി ഉപയോഗിച്ച് മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി ചിക്കാഗോ പോലീസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ 45 കാരിയായ വെൻഡി ടോൾബെർട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമം, വീടിന് തീയിടൽ , ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ 14 കുറ്റകൃത്യങ്ങൾക്ക് അവർക്കെതിരെ കുറ്റം ചുമത്തി.
സിബിഎസ് ന്യൂസ് ചിക്കാഗോയുടെ റിപ്പോർട്ട് അനുസരിച്ച്, ടോൾബെർട്ട് തന്റെ മകൻ ജോർദാൻ വാലസിനെ 36 തവണ കുത്തിക്കൊലപ്പെടുത്തിയതായി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
പ്രോസിക്യൂട്ടർ കോടതിമുറിയിൽ തെളിവുകൾ വായിച്ചപ്പോൾ ഞെട്ടിപ്പോയെന്നും മക്കളെ കുത്തിപ്പരിക്കേല്പിച്ചതും വീട് തീ വെച്ചതും സംബന്ധിച്ച വിശദാംശങ്ങൾ അറിഞ്ഞപ്പോൾ സ്തബ്ധരായിപോയെന്നും ടോൾബെർട്ടിന്റെ കുടുംബ സുഹൃത്ത് ആന്റണി ഡോബ്സ് പറഞ്ഞു . ടോൾബെർട്ടിനെ ജീവിതകാലം മുഴുവൻ അറിയാമെന്ന് വെളിപ്പെടുത്തിയ ഡോബ്സ് " അവർ ചെയ്ത കാര്യം പറഞ്ഞത് കേട്ടത് ഹൃദയഭേദകമായിരുന്നു''വെന്ന് കൂട്ടിച്ചേർത്തു.
പ്രോസിക്യൂട്ടർമാർ നൽകുന്ന വിവരമനുസരിച്ച്, വെള്ളിയാഴ്ച ടോൾബെർട്ടിന്റെ 10 വയസ്സുള്ള മകൻ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കെ 4 വയസ്സുള്ള സഹോദരൻ ജോർദാൻ വാലസ് അവന്റെ അരികിൽ തറയിൽ കിടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടോൾബെർട്ട് അടുക്കളയിൽ നിന്ന് കത്തിയുമായി പുറത്തുവന്ന് 10 വയസ്സുള്ള കുട്ടിയുടെ കൈയിൽ കുത്തിയെങ്കിലും കുട്ടി അമ്മയെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു.
10 വയസ്സുകാരൻ സ്റ്റെയർ കേസിലേക്ക് ഓടിപ്പോയി, തിരിഞ്ഞുനോക്കിയപ്പോൾ 4 വയസ്സുള്ള ഇളയ സഹോദരൻ ജോർദാൻ ഓടാൻ ശ്രമിക്കുന്നത് കണ്ടു. എന്നാൽ ടോൾബെർട്ട് ജോർദാനെ പിന്തുടർന്ന് കുത്തി. തുടർന്ന് അവർ കുട്ടിയെ പിന്നിൽ നിന്ന് ചവിട്ടി പടിക്കെട്ടിൽ നിന്ന് താഴേക്കിട്ട് മുഖത്തും കഴുത്തിലും നെഞ്ചിലുമായി 36 തവണ കുത്തി.
10 വയസ്സുകാരൻ തന്റെ 13 വയസ്സുള്ള സഹോദരിയോടൊപ്പം ഒരു മതിൽ പങ്കിട്ട മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഈ സമയം, 10 വയസ്സുകാരൻ പോലീസിനെ വിളിച്ച് അമ്മ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു. ഇതിനിടെ ടോൾബെർട്ട് മകളുടെ വാതിലിൽ മുട്ടിയതോടെ കുട്ടികൾ ഒരേ സമയം വാതിൽ തുറന്ന് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ടോൾബെർട്ട് മകളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും പലതവണ കുത്തി.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഒരു കൈയിൽ കത്തിയും മറുകൈയിൽ തീപിടിച്ച പേപ്പർ ടവ്വലുമായി ടോൾബെർട്ടിനെ കണ്ടു.
കുട്ടികളെ പിശാച് ബാധിച്ചിട്ടുണ്ടെന്നും അത് മൂലമാണ് കുത്തിയതെന്നും അവർ പോലീസിനോട് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. കത്തുന്ന കെട്ടിടത്തിൽ നിന്ന് ഉദ്യോഗസ്ഥർ കുട്ടികളെ രക്ഷപ്പെടുത്തി. പുക ശ്വസിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് ചികിത്സ നൽകേണ്ടിവന്നു.
തീ സമീപത്തെ കെട്ടിടത്തിലേക്കും പടർന്നതിനെ തുടർന്ന് അവിടുത്തെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.
ടോൾബെർട്ടിന് ക്രിമിനൽ ചരിത്രമൊന്നുമില്ലെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കാൻസറുണ്ടെന്നും പൊതു അഭിഭാഷകൻ കോടതിയെ അറിയിച്ചു.
"അവൾ എല്ലാറ്റിനെയും ഭയപ്പെട്ടിരുന്നു. ഈ സംഭവം ഞെട്ടിപ്പിക്കുന്നതാണ്," ഡോബ്സ് കൂട്ടിച്ചേർത്തു.