ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്.
വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. എന്നാല്‍ വധ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളത്. എന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയര്‍മാനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് കെ. ബാബു പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ട്. യെമനില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ഗോത്രസമുദായങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. ഈ വിഷയത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സാമുവല്‍ ഇന്നുതന്നെ യെമെനിലേക്ക് പുറപ്പെടുമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
നിമിഷ പ്രിയയുടെ വധ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. വധ ശിക്ഷ ഒഴിവാക്കാന്‍ ദയാധനമായി 8.57 കോടി രൂപയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.