Image

തടിയന്റവിട നസീറിന് സഹായം ചെയ്തുനൽകി ; ജയില്‍ സൈക്യാട്രിസ്റ്റ് അടക്കം മൂന്ന്പേർ എന്‍ഐഎ കസ്റ്റഡിയിൽ

Published on 09 July, 2025
തടിയന്റവിട നസീറിന് സഹായം ചെയ്തുനൽകി ; ജയില്‍ സൈക്യാട്രിസ്റ്റ് അടക്കം മൂന്ന്പേർ എന്‍ഐഎ കസ്റ്റഡിയിൽ

ബംഗഗളൂരു: തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ മൂന്ന് പേരെ എംഐഎ അറസ്റ്റ് ചെയ്തു. ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ ഡോക്ടറെ അടക്കം എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ജയില്‍ മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ നാഗരാജ്, എഎസ്‌ഐ ചാന്ദ് പാഷ, അനീസ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.

തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് ജയില്‍ സൈക്യാട്രിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ നാഗരാജ് ആണ് അറസ്റ്റിലായത്. നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിനാണ് എഎസ്‌ഐ അറസ്റ്റിലായത്. സിറ്റി ആംഡ് റിസര്‍വിലെ എഎസ്‌ഐയാണ് ചാന്ദ് പാഷ.

തീവ്രവാദക്കേസ് പ്രതികളില്‍ ഒരാളുടെ അമ്മയും അറസ്റ്റിലായിട്ടുണ്ട്. വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമയാണ് അറസ്റ്റിലായത്. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും പണം ജയിലില്‍ എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

2023ല്‍ ബംഗളൂരു പരപ്പന സെട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ലഷ്‌കർ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ 8 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയിലാണ്. ബംഗഗളൂരുവിലും കോലാറിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക