കാസര്‍കോട്: മല്‍സ്യബന്ധന വലയില്‍ യുവാവിന്റെ മൃതദേഹം കുടുങ്ങി. ഇന്നു രാവിലെ കാസര്‍കോട് കസ്ബ തുറമുഖത്തിനടുത്തു മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.
കസബ കടപ്പുറത്തെ രമേശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആദിത്യന്‍ ചൊവ്വാഴ്ച ഉച്ചക്കു ഹാര്‍ബറിനടുത്തേക്കു പോയതായിരുന്നുവെന്നു പറയുന്നു.
അതേ സമയം ആദിത്യന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ ചെയിനും കൈയില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണ വളയവും കാണാതായിട്ടുണ്ടെന്നു സംസാരമുണ്ട്. മാത്രമല്ല മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ടെന്നും പറയുന്നു.
ആദിത്യന്റെ മൊബൈലും ബൈക്കും സംഭവസ്ഥലത്തിനടുത്തു കണ്ടെത്തിയിരുന്നു. ആദിത്യനെ അഴിമുഖത്തു കാണാതായെന്ന വിവരത്തെത്തുടര്‍ന്നു കോസ്റ്റല്‍ പൊലീസും ഫയര്‍ ഫോഴ്‌സും ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.